ന്യൂഡൽഹി: പാരിസിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വിവിധ കമ്പനികളിൽ നിന്നായി 16 കോടി രൂപയുടെ സമ്മാനം ലഭിച്ചുവെന്ന വാർത്ത നിഷേധിച്ച് ഫോഗട്ടിന്റെ ഭർത്താവ് സോംവീർ രതി രംഗത്തെത്തി.
സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിക്കരുതെന്ന് സോംവീർ രതി എക്സിൽ കുറിച്ചു.
"വിനേഷ് ഫോഗട്ട് താഴെപ്പറയുന്ന സംഘടനകളിൽ നിന്നും വ്യവസായികളിൽ നിന്നും കമ്പനികളിൽ നിന്നും പാർട്ടികളിൽ നിന്നും പണമൊന്നും സ്വീകരിച്ചിട്ടില്ല. നിങ്ങളെല്ലാവരും ഞങ്ങളുടെ അഭ്യുദയകാംക്ഷികളാണ്, ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്. ഇത് ഞങ്ങളെ ദോഷകരമായി ബാധിക്കുക മാത്രമല്ല, സാമൂഹിക മൂല്യങ്ങൾക്ക് ദോഷം ചെയ്യും. ഇത് തരംതാണ ജനപ്രീതിക്കുള്ള ശ്രമമാണ്", - എക്സിൽ കുറിച്ചു.
ക്യാഷ് റിവാർഡുകളുടെ കണക്കുകളെന്ന തരത്തിൽ പ്രചരിച്ച പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചാണ് മറുപടി നൽകിയത്.
അതേസമയം, ഒളിമ്പിക്സ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിത ഗുസ്തി താരമായ വിനേഷിന് ജന്മനാട്ടിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്.
ശനിയാഴ്ച രാവിലെ പാരിസിൽ നിന്ന് രാജ്യത്ത് തിരിച്ചെത്തിയ താരത്തെ ഡൽഹിയിൽ നിന്ന് റോഡു മാർഗം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഹരിയാനയിലേക്ക് ആനയിച്ചത്. വഴിയിലുടനീളം വിനേഷിന് അഭിവാദ്യമർപ്പിക്കാൻ ആളുകളുണ്ടായിരുന്നു. 12 മണിക്കൂർ യാത്രക്കൊടുവിൽ അർധരാത്രിക്ക് ശേഷമാണ് വിനേഷ് ബലാലിയിലെത്തിയത്. ഇവിടെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനുപേർ താരത്തെ വരവേൽക്കാൻ ഉറക്കമൊഴിച്ച് കാത്തിരുന്നു. നാട്ടുകാർ വിനേഷിന് സ്വർണ മെഡലും സമ്മാനത്തുകയും നൽകി. ഇവിടെ 750 കിലോഗ്രാം ലഡു വിതരണം ചെയ്തതായും ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. പാട്ടും നൃത്തവുമായി അരങ്ങുതകർത്ത പരിപാടികൾ വെളുപ്പിനാണ് സമാപിച്ചത്.
ജന്മനാടിന്റെ സ്നേഹത്തിന് വിനേഷ് ഹൃദയത്തിൽത്തൊട്ട് നന്ദി അറിയിച്ചു. ‘‘ഇത്രയും സ്നേഹത്തിനും ബഹുമാനത്തിനും ഞാൻ അർഹയാണോ എന്ന് എനിക്കറിയില്ല. ഇതുപോലൊരു സ്ഥലത്ത് ജനിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. എന്റെ ഗ്രാമത്തിലെ സഹോദരിമാരെ ഗുസ്തി പഠിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിലൂടെ അവർക്ക് എന്റെ സ്ഥാനം നേടാനും രാജ്യത്തിന് അഭിമാനിക്കാനും കഴിയും. നിങ്ങൾ എന്റെ സഹോദരിമാരെ പിന്തുണക്കുകയും അവർക്ക് നിങ്ങളുടെ അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നോടൊപ്പം നിന്നതിന് നിങ്ങളോടെല്ലാം ഞാൻ കടപ്പെട്ടിരിക്കുന്നു. എന്റെ ഹൃദയംഗമമായ നന്ദി’’-താരത്തിന്റെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.