ഗു​സ്തി താ​ര​ങ്ങ​ൾ ഡൽഹി ജ​ന്ത​ർ​മ​ന്ത​റി​ൽ ന​ട​ത്തി​യ ധ​ർ​ണ, (ഇൻസെറ്റിൽ ഫെഡറേഷൻ പ്രസിഡന്റ് ബ്രി​ജ് ഭൂ​ഷ​ൺ)

ലൈംഗികാതിക്രമവും വധഭീഷണിയും: ഫെഡറേഷൻ പ്രസിഡന്റിനെതിരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം

ന്യൂഡൽഹി: റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി അന്താരാഷ്ട്ര താരങ്ങൾ. ബി.ജെ.പി എം.പി കൂടിയായ ബ്രിജ് ഭൂഷൺ സിങ്ങിൽ നിന്ന് ലൈംഗികാതിക്രമവും വധഭീഷണിയുമുണ്ടായെന്ന് വ്യക്തമാക്കി ഇവർ ബുധനാഴ്ച ജന്തർ മന്തിറിൽ ധർണ നടത്തി. ഒളിമ്പിക് മെഡൽ ജേതാക്കളായ ബജ്റംഗ് പൂനിയ, സാക്ഷി മാലിക്, ലോക ചാമ്പ്യൻഷിപ് മെഡലിസ്റ്റ് വിനേഷ് ഫോഗട്ട്, സരിത മോർ, സംഗീത ഫോഗട്ട്, സത്യവർത് മാലിക്, ജിതേന്ദർ കിൻഹ തുടങ്ങി 30 ഓളം താരങ്ങളാണ് പ്രതിഷേധിച്ചത്. 2021ലെ ടോക്യോ ഒളിമ്പിക്സിനുശേഷം പ്രധാനമന്ത്രിയോട് ബ്രിജ് ഭൂഷണിന്റെ പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞിരുന്നതായി ബജ്റംഗ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

ബ്രിജ് ഭൂഷൺ താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് ഏഷ്യൻ ഗെയിംസിലും കോമൺ വെൽത്ത് ഗെയിംസിലും മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത താരം കൂടിയായ വിനേഷ് പറഞ്ഞു. കോമൺ വെൽത്ത് ഗെയിംസിന് മുമ്പ് ട്രയൽസിൽ പങ്കെടുക്കാൻ നിർബന്ധിച്ചു. അങ്ങനെയാണ് പരിക്കേൽക്കുന്നതെന്നും താരം കണ്ണീരോടെ പറഞ്ഞു. ഭൂഷണും പല പരിശീലകരും ക്യാമ്പിലെ 20 ഓളം പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തി.

വനിത പരിശീലകരെപ്പോലും ഇവർ വെറുതെ വിട്ടില്ലെന്നും പരാതിപ്പെടാൻ പെൺകുട്ടികൾക്ക് പേടിയാണെന്നും വിനേഷ് കൂട്ടിച്ചേർത്തു. പ്രസിഡന്റിന്റെ സ്വേച്ഛാധിപത്യം വെച്ചുപൊറുപ്പിക്കില്ലെന്നും താരങ്ങൾ പ്രഖ്യാപിച്ചു. അതേസമയം, ആരോപണങ്ങൾ നിഷേധിച്ച ബ്രിജ് ഭൂഷൺ ഏതന്വേഷണവും നേരിടാൻ തയാറാണെന്ന് വ്യക്തമാക്കി. ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാൽ താൻ സ്വയം തൂക്കിലേറുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.

Tags:    
News Summary - Sexual assault and death threats: Wrestlers protest against federation president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.