ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ 90 മെഡൽ പിന്നിട്ട് ഇന്ത്യ. അമ്പെയ്ത്തിൽ പുരുഷന്മാരുടെ റികർവ് ഇനത്തിൽ ഇന്ത്യൻ ടീം വെള്ളി നേടിയപ്പോൾ ഗുസ്തിയിൽ വനിതകളുടെ 62 കിലോഗ്രാം വിഭാഗത്തിൽ സോനം മാലിക് വെങ്കലം സ്വന്തമാക്കി. അമ്പെയ്ത്തിൽ സ്വർണത്തിനായുള്ള ഫൈനൽ പോരാട്ടത്തിൽ ദക്ഷിണ കൊറിയയോട് 1-5ന് തോൽക്കുകയായിരുന്നു. അതാനു ദാസ്, തുഷാർ ഷെൽകെ, ധീരജ് ബൊമ്മദേവര എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. വെള്ളിയാഴ്ചത്തെ ഇന്ത്യയുടെ നാലാം മെഡൽ നേട്ടമാണിത്.
വനിത അമ്പെയ്ത്തിൽ റികർവ് വിഭാഗത്തിൽ വെങ്കലത്തോടെയാണ് ഇന്ത്യ തുടക്കം കുറിച്ചത്. ബാഡ്മിന്‍റൺ പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ് പ്രണോയിയും വെങ്കലം നേടി. സെമിയിൽ ചൈനയുടെ ലീ ഷെഫിങ്ങിനോട് 21-16, 21-9 എന്ന സ്കോറിന് പരാജയപ്പെട്ടതോടെയാണ് വെങ്കലത്തിൽ ഒതുങ്ങിയത്. സെപക് താക്രോയിൽ ഇന്ത്യൻ വനിതകളും വെങ്കലം നേടി. സെമിഫൈനലിൽ തായ്‍ലൻഡിനോട് തോൽക്കുകയായിരുന്നു.
കബഡിയിൽ പുരുഷ-വനിത ടീമുകൾ ഫൈനലിൽ കടന്നിട്ടുണ്ട്. പുരുഷ വിഭാഗത്തിൽ പാകിസ്താനെതിരെ അനായാസ ജയത്തോടെ ഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ടീം സ്വർണപ്രതീക്ഷയിലാണ്. 61-14നായിരുന്നു ഇന്ത്യയുടെ ജയം. സെമിയിൽ നേപ്പാളിനെ 61-17ന് തോൽപിച്ചാണ് വനിതകളുടെ ഫൈനൽ പ്രവേശം. പുരുഷ ക്രിക്കറ്റിൽ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തോൽപിച്ച് ഇന്ത്യ ഫൈനലിലെത്തിയിട്ടുണ്ട്.
നിലവിൽ 21 സ്വർണവും 33 വെള്ളിയും 37 വെങ്കലവുമടക്കം 91 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.