ബാങ്കോക്: 2024ലെ പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ട്രാക് ആൻഡ് ഫീൽഡ് അത്‍ലറ്റായി മലയാളി ലോങ്ജംപർ എം. ശ്രീശങ്കർ. ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 8.37 മീറ്റർ ചാടി വെള്ളിമെഡലോടെയാണ് പാലക്കാട്ടുകാരൻ ടിക്കറ്റെടുത്തത്.
പുരുഷ ലോങ്ജംപിൽ 8.27 മീറ്ററാണ് യോഗ്യത മാർക്ക്. ഏഷ്യൻ അത്‍ലറ്റിക്സിൽ ഇന്ത്യ ശനിയാഴ്ച ഓരോ സ്വർണവും വെങ്കലവും മൂന്നു വെള്ളിയും നേടി. 4x400 മീ. മിക്സഡ് റിലേയിലാണ് ഒന്നാം സ്ഥാനം. ഹെപ്റ്റാത്ത്‍ലണിൽ സ്വപ്ന ബർമനും പുരുഷ ഹൈജംപിൽ സർവേശ് കുശാരെയും വെള്ളി സ്വന്തമാക്കിയപ്പോൾ 400 മീ. ഹർഡ്ൽസിൽ സന്തോഷ് കുമാർ വെങ്കലവും കരസ്ഥമാക്കി. മത്സരങ്ങൾ ഞായറാഴ്ച സമാപിക്കാനിരിക്കെ ആകെ ആറു സ്വർണവും നാലുവീതം വെള്ളിയും വെങ്കലവുമായി മെഡൽപട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ.
ജപ്പാനും ചൈനയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. അവസാന റൗണ്ടിലാണ് 8.37 മീറ്റർ ചാടി ശ്രീശങ്കർ വെള്ളിയും ഒളിമ്പിക് യോഗ്യതയും നേടിയത്. ഇത് കരിയറിലെ മികച്ച രണ്ടാമത്തെ ദൂരവുമായി. ചൈനീസ് തായ്പേയിയുടെ യൂ ടാങ് ലിനിനാണ് (8.40 മീ.) സ്വർണം. ടോക്യോ ഒളിമ്പിക്സിലും ശ്രീശങ്കർ പങ്കെടുത്തിരുന്നു. മറുനാടൻ മലയാളി അമോജ് ജേക്കബ്, രാജേഷ് രമേഷ്, ഐശ്വര്യ മിശ്ര, ശുഭ വെങ്കടേശൻ എന്നിവരടങ്ങിയ ഇന്ത്യൻ ടീം മൂന്നു മിനിറ്റ് 14.70 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് 4x400 മീ. മിക്സഡ് റിലേ സ്വർണം നേടിയത്.
ഹൈജംപിൽ 2.26 മീറ്ററായിരുന്നു സർവേശിന്റെ പ്രകടനം. ദക്ഷിണ കൊറിയയുടെ വൂ സാങ് യോക് (2.28) ഒന്നാമനായി. 5840 പോയന്റുമായി ഹെപ്റ്റാത്ത്‍ലണിൽ രണ്ടാം സ്ഥാനത്തെത്തി സ്വപ്ന ബർമൻ. 49.09 സെക്കൻഡായിരുന്നു പുരുഷന്മാരുടെ 400 മീ. ഹർഡ്ൽസിൽ വെങ്കലം നേടിയ സന്തോഷിന്റെ സമയം. ഖത്തറിന്റെ ബസ്സം മുഹമ്മദ് ഹമീദയും ജപ്പാന്റെ യൂസാക് കൊഡാമയും ആദ്യ രണ്ടു സ്ഥാനങ്ങൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.