പനാജി: സ്വർണടച്ചിനായി കാത്തിരുന്ന കേരള ക്യാമ്പിന്റെ കൺമുന്നിൽ സുവർണപ്രതീക്ഷകൾ കാലിടറിവീണു. ആഘോഷിക്കാൻ ഗാലറിയിൽ തയാറെടുത്ത കേരളം ഒന്നാകെ തലയിൽ കൈവെച്ചനിമിഷം. വനിതകളുടെ ഫെൻസിങ് സാബർ ടീം ഇനത്തിലാണ് ഉറപ്പിച്ച സ്വർണം പരിക്കിൽതട്ടി കേരളത്തിന് കൈയകലെ നഷ്ടമായത്. ഇതോടെ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഫൈനലിൽ പഞ്ചാബിനുമേൽ ആധിപത്യം പുലർത്തിയ വനിതാസംഘം, വിജയത്തിലേക്ക് അടുക്കുമ്പോഴായിരുന്നു നിർഭാഗ്യം വില്ലനായെത്തിയത്. എസ്. സൗമ്യ, ജോസ്ന ക്രിസ്റ്റി ജോസ്, അൽഖ വി. ജോയി, റിഷ പുതുശ്ശേരി എന്നിവരടങ്ങിയ ടീമായിരുന്നു കേരളത്തിനായി മത്സരിച്ചത്.
മൂന്ന് പോയന്റുകൾക്ക് ലീഡുചെയ്യുന്നതിനിടെ(27-24) മിന്നും പ്രകടനത്തിലൂടെ ആദ്യറൗണ്ടിൽ കേരളത്തിന് കരുത്തായ ജോസ്നയുടെ കാൽമുട്ടിന് പരിക്കേൽക്കുകയായിരുന്നു. മസിൽ പിടിച്ചതോടെ ഫെൻസിങ് കോർട്ടിലേക്ക് ജസ്ന വീണു. ചികിത്സതേടി അരമണിക്കൂറിനുശേഷം വീണ്ടും താരം കോർട്ടിലെത്തിയതോടെ വീണ്ടും ചിരിതെളിഞ്ഞു. എന്നാൽ, മത്സരം പുനരാംരംഭിച്ച ഉടൻ വീണ്ടും കാലിൽ മസിൽ വലിഞ്ഞുകയറിയതോടെ കോർട്ടിൽ വീണു. ഇതോടെ മത്സരത്തിൽനിന്ന് പിൻമാറുകയാണെന്ന് കേരള കോച്ച് അറിയിച്ചു. ഇതോടെ പഞ്ചാബിന് സ്വർണവും കേരളത്തിന് വെള്ളിയും.
സ്ട്രെച്ചറിൽ ജോസ്നയെ കോർട്ടിലേക്ക് പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ഗാലറി ഒന്നാടെ കൈയടികളോടെ എഴുന്നേറ്റു. മത്സരനിയമം അനുസരിച്ച് ഒരാളെ പകരമിറക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ കേരളം ഈ അവസരം നേരത്തെ ഉപയോഗിച്ചിരുന്നു. മത്സരത്തിന്റെ ആദ്യഘട്ടത്തിൽ ഇറങ്ങിയ റിഷയെ മാറ്റി രണ്ടാംഘട്ടത്തിൽ പകരക്കാരിയായി അൽക്കയെ ഇറക്കിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു കേരളത്തെ നിരാശയിലാഴ്ത്തിയ പരിക്ക്. മത്സരനിയമമനുസരിച്ച് ഒറ്റത്തവണമാത്രമാണ് സബ്സ്റ്റിറ്റ്യൂഷൻ നടത്താൻ കഴിയൂ. ഇതോടെയാണ് പരിക്കേറ്റിട്ടും പകരം ആളെ ഇറക്കാൻ കഴിയാതെ പോയത്. കേരള സംഘത്തലവൻ വി.എ. മൊയ്തീൻ നൈനയടക്കം കേരള ഒഫീഷ്യലുകളും സുവർണനിമിഷങ്ങൾക്ക് സാക്ഷിയാകാൻ സ്റ്റേഡിയത്തിലെത്തിയിരുന്നു.
കേരളം വളരെ പ്രതീക്ഷയോടെ കാത്തിരുന്ന മത്സരമായിരുന്നു ഇന്നലെ നടന്ന വനിതകളുടെ സാബര്‍ ഫെന്‍സിങ്. മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യം കേരളം നേടിയിരുന്നു. ഇതോടെ ഈ ഇനത്തില്‍ ആദ്യസ്വര്‍ണവും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇതിനിടെയാണ് പരിക്ക് വില്ലനായെത്തിയത്. സെമിഫൈനലിൽ ഗുജറാത്തിനെ തകർത്തായിരുന്നു കേരളം ഫൈനലിൽ കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.