തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ ആരംഭിച്ച 65ാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ ഒന്നാം ദിനത്തിൽ നിലവിലെ ജേതാക്കളായ പാലക്കാട് ജില്ലയുടെ മേധാവിത്വം. ആറ് ഫൈനലുകൾ നടന്നപ്പോൾ രണ്ട് വീതം സ്വർണവും വെള്ളിയും വെങ്കലവും നേടി 41 പോയന്റോടെയാണ് ഇവർ മുന്നേറുന്നത്.
ആതിഥേയരായ മലപ്പുറം മൂന്ന് വെള്ളിയോടെ 20 പോയൻറുമായി രണ്ടാം സ്ഥാനത്താണ്. ഒരു സ്വർണവും രണ്ട് വെങ്കലവമുള്ള ആലപ്പുഴ മൂന്നാം സ്ഥാനത്തും. മീറ്റ് റെക്കോഡുകളൊന്നുമില്ലാതെയാണ് ഒന്നാം നാൾ പൂർത്തിയായത്.
തേഞ്ഞിപ്പലം: പനി ശരീരത്തെ തളർത്തിയിട്ടും തോൽക്കാത്ത പോരാട്ടവീര്യവുമായി സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനെത്തി പൊന്നണിഞ്ഞ രണ്ടുപേരുണ്ട്. ആലപ്പുഴക്കാരൻ മഹേഷിന് അണ്ടർ 18 വിഭാഗം ഹാമർത്രോയിലാണ് നേട്ടം. അണ്ടർ 20 ഹാമർത്രോയിൽ കോഴിക്കോടിെൻറ നിധിൻ സജിയും പനിയുടെ പിടിയിൽനിന്ന് മോചിതനായി വന്ന് സ്വർണവുംകൊണ്ട് മടങ്ങി.
കുഞ്ഞുനാൾ തൊട്ട് മഹേഷിനെ വിടാതെ പിന്തുടരുന്നുണ്ട് ന്യുമോണിയ. ഈ മീറ്റിെൻറ രണ്ട് ദിവസം മുമ്പാണ് പനി കുറഞ്ഞത്. ചുമ തുടരുന്നു. അണ്ടർ 18 വിഭാഗം ഹാമർത്രോയിൽ 45.33 മീറ്ററാണ് മഹേഷ് എറിഞ്ഞിട്ടത്. ആലപ്പുഴ ലിയോ അത്ലറ്റിക്സ് അക്കാദമി താരമാണ്. ലിയോ തേർട്ടീൻത് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്. വളർച്ചയുണ്ടാവില്ലെന്ന് പറഞ്ഞ് ഒമ്പതാം മാസം മാതാപിതാക്കൾ ഉപേക്ഷിച്ചുപോയപ്പോൾ മുത്തച്ഛൻ റാമും മുത്തശ്ശി സീതയുമാണ് മഹേഷിനെ വളർത്തിയത്. നേരേത്ത വാടക വീട്ടിലായിരുന്നു താമസം.
പിന്നീട് ആലപ്പുഴ ബീച്ചിന് സമീപം വികസനം തുമ്പോളിയിൽ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഇടപെട്ട് ഗാന്ധിഗ്രാം പദ്ധതിയിൽപെടുത്തി നിർമിച്ചുനൽകിയ വീട്ടിലേക്ക് മാറി. വലിയ പിന്തുണ നൽകിയിരുന്ന മുത്തച്ഛൻ റാം നാല് മാസം മുമ്പ് വിടവാങ്ങി. കോച്ച് കിരൺ എബ്രഹാമാണ് മഹേഷിലെ കായികതാരത്തിെൻറ വളർച്ചക്ക് പിന്നിൽ. മീറ്റുകൾക്ക് പോകാനുള്ള ചെലവ് നൽകിയത് കിരണും ലിയോ തേർട്ടീൻത് സ്കൂളിലെ അധ്യാപകരുമാണ്.
സംസ്ഥാന മീറ്റിന് ഇപ്രാവശ്യം കാശ് കടം വാങ്ങിയാണ് എത്തിയതെന്ന് മഹേഷ് പറയുന്നു. 2018ലെ സംസ്ഥാന സ്കൂൾ മീറ്റിൽ സബ് ജൂനിയർ ഹാമർത്രോയിൽ റെക്കോഡോടെ സ്വർണമെഡൽ നേടിയിട്ടുണ്ട്. 2019, 2020 വർഷങ്ങളിലെ സംസ്ഥാന മീറ്റിൽ അണ്ടർ 16 വിഭാഗം ഹാമർ, ഡിസ്കസ് എന്നിവയിൽ വെള്ളിയും ദേശീയ മീറ്റിൽ സ്വർണവും സ്വന്തമാക്കി. ഇവിടെ ഡിസ്കസ് ത്രോയിലും മഹേഷ് ഒരുകൈ നോക്കുന്നുണ്ട്.
പനി വന്നതോടെ തുടർച്ചയായി പരിശീലനങ്ങൾ നഷ്ടമായ വിഷമത്തിലും ആശങ്കയിലുമായിരുന്നു നിധിൻ സജി. അണ്ടർ 20 ഹാമർത്രോ മത്സരത്തിനിറങ്ങുമ്പോൾ പേക്ഷ, ആത്മവിശ്വാസം കൈവിട്ടില്ല. 44.08 മീറ്റർ ദൂരം എറിഞ്ഞപ്പോൾ സ്വർണം കൂടെപ്പോന്നു. കോഴിക്കോട് മുക്കം നീലേശ്വരത്തെ എൻ.എസ്.എ സ്പോർട്സ് അക്കാദമി താരമാണ് നിധിൻ സജി. കോഴിക്കോട് ആനക്കാംപൊയിൽ വടക്കുംകര സജിയും ജയയുമാണ് മാതാപിതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.