കുന്നംകുളം: ദേശീയ റെക്കോഡ് മറികടക്കുന്ന തീപ്പൊരി മത്സരമായി ഹർഡിൽസ്. താരങ്ങൾ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തിൽ 110 മീറ്റർ ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ പാലക്കാട് വടവന്നൂർ വേലായുധൻ മെമ്മോറിയൽ ഹൈസ്കൂളിലെ കെ. കിരൺ ദേശീയ റെക്കോഡ് മറികടന്ന പ്രകടനം നടത്തി. ഈ വിഭാഗത്തിൽ 2018ൽ ആർ.കെ. സൂര്യജിത്ത് സ്ഥാപിച്ച 14.74 സെക്കൻഡിന്റെ റെക്കോഡാണ് പഴങ്കഥയായത്.
കിരൺ 13.84 സെക്കൻഡ് കൊണ്ട് ഫിനിഷ് ചെയ്തു. 2019ൽ പഞ്ചാബിന്റെ മോഹിത് എന്ന താരത്തിന്റെ 14.02 ആണ് ദേശീയ റെക്കോഡ്. കൂട്ടുപാത ചക്കരവാവ വീട്ടിൽ കുഞ്ചൻ-ചന്ദ്രിക ദമ്പതികളുടെ മകനാണ് കിരൺ. സ്കൂളിന്റെ ചരിത്രത്തിൽതന്നെ ആദ്യത്തെ സംസ്ഥാന മെഡൽ ആണിതെന്ന് കായികാധ്യാപകൻ കിരൺ പറഞ്ഞു.
ജൂനിയർ നാഷനലിൽ 10.61 സെക്കൻഡിൽ ഫിനിഷ് ചെയ്ത് റെക്കോഡ് ഇട്ടിരുന്നു. സ്റ്റേറ്റ് റെക്കോഡ് പ്രതീക്ഷിച്ചിരുന്നതായും എന്നാൽ, ദേശീയ റെക്കോഡ് മറികടക്കുന്ന പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞത് ആത്മവിശ്വാസം ഉയർത്തിയെന്നും കിരൺ പറഞ്ഞു. പ്ലസ് വൺ സയൻസ് വിദ്യാർഥിയാണ്.
സബ് ജൂനിയർ ബോയ്സ് 80 മീറ്റർ ഹർഡിൽസിൽ ആദിത്യ കൃഷ്ണൻ എൻ. ദിനീഷാണ് സ്വർണം നേടിയത്. മേളയുടെ ആതിഥേയരായ തൃശൂരിന്റെ ആദ്യ സ്വർണം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.