കുന്നംകുളം: ആറ് പുതിയ മീറ്റ് റെക്കോഡുകൾ പിറന്ന 65ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് കൊടിയിറങ്ങിയപ്പോൾ ഹാട്രിക്കടിച്ച് പാലക്കാട്. മികച്ച സ്കൂളുകളുടെ വിഭാഗത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എം.എച്ച്.എസ്.എസ് രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻപട്ടം നിലനിർത്തി.
28 സ്വർണവും 27 വെള്ളിയും 12 വെങ്കലവുമായി 266 പോയന്റുമായാണ് പാലക്കാടിന്റെ കുതിപ്പ്. കഴിഞ്ഞതവണ 32 സ്വർണവും 21 വെള്ളിയും 18 വെങ്കലവുമടക്കം 269 പോയന്റ് സ്വന്തമാക്കിയായിരുന്നു ഇവർ ചാമ്പ്യൻപട്ടം ഉറപ്പിച്ചത്. 13 സ്വർണവും 22 വെള്ളിയും 20 വെങ്കലവുമായി 168 പോയന്റുമായി മലപ്പുറം ഇക്കുറിയും രണ്ടാംസ്ഥാനം നിലനിർത്തി.
റിലേ മത്സരങ്ങളിലെ കുതിപ്പിലൂടെ അവസാനലാപ്പിൽ എറണാകുളത്തെ പിന്തള്ളി കോഴിക്കോട് മൂന്നാംസ്ഥാനം കരസ്ഥമാക്കി. 10 സ്വർണവും ഏഴ് വെള്ളിയും 12 വെങ്കലവുമുൾപ്പെടെ 95 പോയന്റുമായാണ് കോഴിക്കോടിന്റെ മുന്നേറ്റം. 12 സ്വർണവും ഏഴ് വീതം വെള്ളിയും വെങ്കലവുമായി 88 പോയന്റോടെ എറണാകുളത്തിനാണ് നാലാം സ്ഥാനം.
അവസാനനിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന മികച്ച സ്കൂളുകൾക്കായുള്ള പോരാട്ടത്തിൽ എറണാകുളം കോതമംഗലം മാർ ബേസിലിനെ ഒമ്പത് പോയന്റുകൾക്ക് പിന്തള്ളിയാണ് കടകശ്ശേരി ഐഡിയൽ ചാമ്പ്യൻപട്ടം നിലനിർത്തിയത്.
അഞ്ച് സ്വർണം, ഏഴ് വെള്ളി, 11 വെങ്കലം ഉൾപ്പെടെ 57 പോയന്റുമായാണ് ഐഡിയലിന്റെ പടയോട്ടം. ഏഴ് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം ഉൾപ്പെടെ 46 പോയന്റാണ് മാർ ബേസിലിന്റെ നേട്ടം. കഴിഞ്ഞതവണ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മാർ ബേസിലിന്റെ മുന്നേറ്റത്തിനാണ് കുന്നംകുളം സാക്ഷ്യംവഹിച്ചത്. കഴിഞ്ഞതവണത്തെ രണ്ടാം സ്ഥാനക്കാരായ പാലക്കാട് കല്ലടി എച്ച്.എസ്.എസ് 43 പോയന്റുമായി മൂന്നാം സ്ഥാനത്തായി.
റെക്കോഡുകളുടെ വരൾച്ച കണ്ട കായികമേളയിൽ ആകെ പിറന്ന ആറ് എണ്ണത്തിൽ രണ്ടെണ്ണം പിറന്നത് അവസാനദിവസമായിരുന്നു. സീനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കാസർകോട് കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ കെ.സി. സെർവൻ ഷോട്ട്പുട്ടിൽ തന്റെ രണ്ടാമത്തെ റെക്കോഡ് സ്വർണം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.