കുന്നംകുളം: കുത്തകകൾ തകരുന്നതിനാണ് കായികോത്സവത്തിന്റെ മൂന്നാംദിനത്തിലെ ഗ്ലാമർ ഇനമായ 4x100 മീ. റിലേ മത്സരം സാക്ഷ്യം വഹിച്ചത്. ഒരു കാലത്ത് എറണാകുളവും പാലക്കാടും അടക്കിവാണ ഈ ഇനത്തിൽ എല്ലാ ജില്ലകളുടെയും മികച്ച പ്രകടനമാണ് കാണാനായത്.
സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും പെൺകുട്ടികളിൽ കൊല്ലവും സബ്ജൂനിയർ പെൺകുട്ടികളിൽ കണ്ണൂരും ആൺകുട്ടികളിൽ ആലപ്പുഴയുമാണ് ഒന്നാമതെത്തിയത്. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ആധികാരികമായ ജയമാണ് പാലക്കാട് നേടിയത്.
ആദ്യ ലാപ്പ് ഓടിയ ചിറ്റിലപ്പള്ളി എച്ച്.എസ്.എസിലെ ആഷ്മിയ ബാബു മികച്ച തുടക്കം നൽകി. തുടർന്ന് ഷൊർണൂർ സെന്റ് തെരേസാസിന്റെ റിമ. കെ. ജയൻ, എച്ച്.എസ്. മുണ്ടൂരിന്റെ എം.പി. അനഘ എന്നിവർ ലീഡ് ഉയർത്തി. അവസാന ലാപ്പ് ഓടിയ മീറ്റിലെ വേഗറാണി ഗവ. മൊയൻസ് എച്ച്.എസ്.എസിന്റെ ജി. താര എതിരാളികളെ ബഹുദൂരം പിന്നിലാക്കി പാലക്കാടിന് വിലയേറിയ പത്ത് പോയന്റ് സമ്മാനിച്ചു. മലപ്പുറം രണ്ടും കോഴിക്കോട് മൂന്നും സ്ഥാനങ്ങൾ നേടി.
ആൺകുട്ടികളുടെ വിഭാഗത്തിൽ എടപ്പാൾ എച്ച്.എസ്.എസിലെ മുഹമ്മദ് നാസിഹ്, വാഴക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസിലെ ആബിദ് അലി, നാവാമുകുന്ദ സ്കൂളിലെ മുഹമ്മദ് ഷാമിൽ, ഐഡിയലിന്റെ അലൻമാത്യു എന്നിവരടങ്ങിയ സംഘമാണ് മലപ്പുറത്തെ ഒന്നാമതെത്തിച്ചത്. കാസർകോട്, വയനാട് ജില്ലകൾക്കാണ് രണ്ടും മൂന്നും സ്ഥാനം.
ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സായിയുടെ കരുത്തിലാണ് കൊല്ലം ഒന്നാമതെത്തിയത്. കെ. ദേവനന്ദ, കസ്തൂർബ പി. പ്രസാദ്, എ. സാന്ദ്ര എന്നിവരും എസ്.എൻ. ട്രസ്റ്റ് സ്കൂളിന്റെ വി.ആർ. ദേവനന്ദയും ഉൾപ്പെട്ട സംഘമാണ് കൊല്ലത്തിന് ഈ നേട്ടം സമ്മാനിച്ചത്. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ജി.വി. രാജയുടെയും അയ്യൻകാളി സ്പോർട്സ് സ്കൂളിന്റെയും താരങ്ങളാണ് തിരുവനന്തപുരത്തിന് റിലേയിലെ സ്വർണമെഡൽ സമ്മാനിച്ചത്.
ജി.വി. രാജയുടെ മിൻഹാജ്, ഫെമിക്സ്, അയ്യൻകാളിയുടെ പ്രതുൽ, മനു എന്നിവരടങ്ങിയ സംഘമാണ് ഈ നേട്ടം കൈവരിച്ചത്. പാലക്കാടിനും ആലപ്പുഴക്കുമാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. സബ്ജൂനിയർ പെൺകുട്ടികളിൽ ഋഷിക, വൈഗ, ഇഷാന, ദേവശ്രീ എന്നിവരടങ്ങിയ കണ്ണൂരും ആൺകുട്ടികളിൽ ശങ്കർ പി. ഷിബു, അമൻ ബിനോയ്, റിനാഷ് ഫാരിസ്, ഫെബിൻ എന്നിവരടങ്ങിയ ആലപ്പുഴയുമാണ് സ്വർണം നേടിയത്. പാലക്കാടിനും മലപ്പുറത്തിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.