പാലാ: മുതിർന്ന കായികതാരങ്ങളുടെ മിന്നും പ്രകടനത്തിന് സാക്ഷിയായി പാലാ മുനിസിപ്പൽ സ്റ്റേഡിയം. പ്രായാധിക്യത്തെയും ചുട്ടുപൊള്ളുന്ന വെയിലിനെയും അവഗണിച്ച് അവർ ട്രാക്കിൽ നിരന്നപ്പോൾ ഗാലറിയിലെ കാണികളിൽ അത്ഭുതവും ആവേശവുമായി. വെറ്ററൻസ് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇൻഡ്യ (വാഫി) സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ 44 -ാമത് സംസ്ഥാന ചാമ്പ്യൻഷിപ്പ് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. വാഫി സംസ്ഥാന പ്രസിഡന്‍റ് അഡ്വ.വി.ഗിരീശൻ അധ്യക്ഷനായി.
വിവിധ ജില്ലകളിൽ നിന്നുമുള്ള 30 വയസ് മുതൽ 85 വയസ് വരെയുള്ള സ്ത്രീ-പുരുഷഭേദമന്യേ ആയിരത്തോളം താരങ്ങളാണ് ആദ്യദിനം വിവിധ കാറ്റഗറികളിലായി മത്സരിച്ചത്. 100 മീറ്റർ, 200 മീറ്റർ, 400മീറ്റർ ഓട്ടമത്സരങ്ങളും ലോങ് ജമ്പ്, ത്രിപ്പിൾ ജമ്പ്, ഡിസ്ക് ത്രോ, ഷോട്ട്പുട്ട് തുടങ്ങിയ മത്സരങ്ങളാണ് ആദ്യദിനം അരങ്ങേറിയത്. അന്താരാഷ്ട്ര തലത്തിൽ തുടർച്ചയായി മത്സരിക്കുന്ന നിരവധി താരങ്ങളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്.
കെ.എം.മാണി സ്മാരക ഓവറോൾ ചാമ്പ്യൻഷിപ്പ് ജോസ് കെ.മാണി എം.പി വാഫി സംസ്ഥാന പ്രസിഡന്‍റ് അഡ്വ.വി.ഗിരീശന് കൈമാറി. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി.തുരുത്തേൽ പതാക ഉയർത്തി. കൗൺസിലർ ബിജി ജോജോ, വാഫി അഖിലേന്ത്യ എക്സിക്യൂട്ടിവ് അംഗം ജി.ശ്രീകല, വാഫി സംസ്ഥാന ജോയന്‍റ് സെക്രട്ടറിമാരായ അഡ്വ.എം.ആർ. മനോജ് കുമാർ, അലി പുള്ളിക്കുടി, ജനറൽ കൺവീനർ കെ.ജി.എസ്.കുമാർ, മുത്തോലി സർവ്വീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്‍റ് ടോബിൻ കെ.അലക്സ്, വാഫി ജില്ല പ്രസിഡന്‍റ് അഡ്വ.എം.ബി.രഘുനാഥൻ നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.