പാരിസ്: പാരിസ് ഒളിമ്പിക്സിൽ വനിതകളുടെ 50 കിലോ വിഭാഗം ഗുസ്തിയിൽ മിന്നും പ്രകടനം കാഴ്ചവച്ച ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിന്‍റെ വിഡിയോ വൈറൽ. സെമി ഫൈനലിൽ ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മൻ ലോപസിനെ 5-0ന് ആധികാരികമായി ഇടിച്ചിട്ടതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഒളിമ്പിക്സ് ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് വിനേഷ് ഫോഗട്ട്. തുടർച്ചയായ മൂന്ന് ജയമാണ് ഫൈനലിലേക്കുള്ള യാത്രയിൽ വിനേഷ് നേടിയത്. നേരത്തെ, യുക്രെയ്നിന്റെ ഒക്സാന ലിവാച്ചിനെ 7-5ന് കീഴടക്കി സെമിയിലെത്തിയ അവർ നാലുതവണ ലോക ചാമ്പ്യനും ടോക്യോ ഒളിമ്പിക്സ് സ്വർണജേത്രിയുമായ ജപ്പാന്റെ യുയി സുസാക്കിയെ പ്രീക്വാർട്ടറിൽ മലർത്തിയടിച്ചിരുന്നു. 3 -2നായിരുന്നു ജയം.
ഗുസ്തി താരങ്ങൾ നേരിട്ട പീഡനങ്ങൾക്കെതിരെ സമരം ചെയ്ത് രാജ്യശ്രദ്ധ നേടിയ ഫോഗട്ട് 50 കിലോ വിഭാഗത്തിൽ ആദ്യമായാണ് അങ്കം കുറിച്ചത്. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും മെഡൽ നേടാതെ മടങ്ങിയ വിനേഷിന് ഇത് സുവർണാവസരമാണ്. 29കാരിയായ വിനേഷ് കഴിഞ്ഞ വർഷം അക്ഷരാർഥത്തിൽ സമരമുഖത്തായിരുന്നു.
ലൈംഗികാരോപണം നേരിട്ട മുൻ ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സമരം നയിച്ചവരിലൊരാൾ വിനേഷായിരുന്നു. പരിശീലനം പോലും മാസങ്ങളോളം മുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.