വിനേഷിന്റെ അയോഗ്യതക്കിടെ ചർച്ചയായി യുണൈറ്റഡ് വേൾഡ് റസ്‍ലിങ് പ്രസിഡന്റിന്റെ ഇരട്ടത്താപ്പ്

ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ വനിത ഗുസ്തതാരം വിനേഷ് ഫോഗട്ടിന്റെ അയോഗ്യതക്കിടെ ചർച്ചയായി യുണൈറ്റഡ് വേൾഡ് റസ്‍ലിങ് പ്രസിഡന്റ് നെനാദ് ലാലോവിക്കിന്റെ ഇരട്ട നിലപാട്. 2017ൽ പാരീസ് ലോക ഗുസ്തി ചാമ്പ്യൻഷിപ്പിനിടെ ലാലോവിക്ക് സ്വീകരിച്ച നിലപാടാണ് ഇപ്പോൾ വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുന്നത്. എക്സിലാണ് ലാലോവിക്കിന്റെ ഇരട്ട നിലപാടിനെതിരെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

അന്ന് അമേരിക്കൻ ഗുസ്തിതാരം കെയിൽ സ്നൈഡറിന് ഭാരക്കൂടുതൽ മൂലം 97 കിലോ വിഭാഗത്തിൽ ഫൈനലിന് മുമ്പ് അയോഗ്യത വന്നു. തുടർന്ന് ഇതിനെതിരെ യു.എസ് അപ്പീൽ നൽകുകയും ചെയ്തു. ഇതിൽ ഗുസ്തിതാരത്തിന് അനുകൂലമായ നിലപാടാണ് യുണൈറ്റഡ് വേൾഡ് റസ്‍ലിങ് പ്രസിഡന്റ് സ്വീകരിച്ചത്. തുടർന്ന് അപ്പീൽ അംഗീകരിക്കപ്പെടുകയും യു.എസ് താരത്തിന് മത്സരിക്കാൻ അനുമതി നൽകുകയും ചെയ്തു.

എന്നാൽ, യു.എസ് താരത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച ലാലോവിക്ക് വിനേഷിന്റെ കാര്യം വന്നപ്പോൾ നിയമങ്ങളുടെ നൂലാമാലകൾ ചൂണ്ടിക്കാട്ടി നുണപറയുകയാണെന്ന് എക്സിലെ പോസ്റ്റിൽ വിമർശിക്കുന്നു. യു.എസ് താരത്തിന്റെ ഭാരം 600 ഗ്രാമാണ് കൂടിയിരുന്നത്. എന്നാൽ, ഇന്ന് വിനേഷ് ഫോഗട്ടിന് കേവലം 100 ഗ്രാം മാത്രമേ ഭാരകൂടുതലുള്ളുവെന്ന് എക്സിലെ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

യുണറൈഡ് റസ്‍ലിങ് അസോസിയേഷന്റെ അപ്പീലിൽ ചെറിയ ഭാരക്കൂടുതൽ മാത്രമേ താരത്തിന് ഉണ്ടായിരുന്നുള്ളുവെന്ന് പറഞ്ഞിരുന്നു. ടൂർണമെന്റിലുടനീളം താരം 97 കിലോ ഭാരം നിലനിർത്തുകയും ചെയ്തിരുന്നുവെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചാണ് അന്ന് ലാലോവിക്ക് ഉൾപ്പടെയുള്ള സമിതി യു.എസ് താരത്തിന് അനുകൂലമായി തീരുമാനമെടുത്തതെന്നും എക്സിലെ പോസ്റ്റിൽ ആരോപിക്കുന്നുണ്ട്. 

Tags:    
News Summary - United World Wrestling president statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.