ന്യൂഡൽഹി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംങ് പൂനിയയും പോളിഗ്രാഫ് പരിശോധനക്ക് തയാറാണെങ്കിൽ താനും തയാറാണെന്ന് റസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്.
ഞാൻ നാർകോ പരിശോധനക്കും നുണപരിശോധനക്കും തയാറാണ്. എന്നാൽ ഒരു നിബന്ധനയുണ്ട്. എന്നോടൊപ്പം വിനേഷ് ഫോഗട്ടും ബജ്റംങ് പൂനിയയും പരിശോധനക്ക് വിധേയരാകണം. ഈ രണ്ട് ഗുസ്തി താരങ്ങളും പരിശോധനക്ക് തയാറാണെങ്കിൽ അത് മാധ്യമങ്ങളെ വിളിച്ച് അറിയിക്കുക. എങ്കിൽ ഞാനും പരിശോധനക്ക് തയാറാണെന്ന് വാഗ്ദാനം ചെയ്യുന്നു. -ബ്രിജ് ഭൂഷൺ ഫേസ് ബുക്കിൽ കുറിച്ചു.
പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ദിവസമായ മെയ് 28ന്, ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ പിന്തുണക്കുന്ന വനിതകൾ ചേർന്ന് പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ പഞ്ചായത്ത് കൂടാമെന്ന് ഖാപ്പ് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. അതിന് തൊട്ടുപിന്നാലെയാണ് ബ്രിജ് ഭൂഷന്റെ ആവശ്യം വന്നത്.
കഴിഞ്ഞ ദിവസമാണ് റോഹ്തക്കിൽ ഖാപ്പ് പഞ്ചായത്ത് നേതാക്കളുടെ യോഗം നടന്നത്. സമരക്കാരിൽ സാക്ഷി മാലിക്കും ഭർത്താവ് സത്യവർത് കദിയനുമാണ് യോഗത്തിൽ പങ്കെടുത്തത്. പാർലമെന്റിനു മുന്നിൽ പഞ്ചായത്ത് കൂടുന്ന സ്ത്രീകൾക്കൊപ്പം പുരുഷൻമാർവേണമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഖാപ്പ് പഞ്ചായത്തിന്റെ ഈ തീരുമാനത്തിൽ സന്തുഷ്ടരാണെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ബജ്റംങ് പൂനിയ പറഞ്ഞു.
ഈ തീരുമാനത്തിന് പിന്നാലെയാണ് ബ്രിജ്ഭൂഷന്റെ ആവശ്യം വന്നത്. പ്രായപൂർത്തിയാകാത്ത താരമുൾപ്പെടെ ഏഴ് ഗുസ്തി താരങ്ങളെ ലൈംഗിക പീഡത്തിന് ഇരയാക്കിയെന്നാണ് ബ്രിജ് ഭൂഷനെതിരായ ആരോപണം. വിഷയത്തിൽ കേസെടുത്ത് അന്വേകഷണം നടത്തി ബ്രിജ് ഭൂഷനെ അറസ്റ്റ്ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങളുടെ സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.