11ാം വയസിൽ അനാഥനായി; ഛത്രശാലിൽ നിന്നും പാരീസിലേക്ക്, സംഭവബഹുലം അമന്റെ യാത്ര

വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിനെ തുടർന്ന് കടുത്ത നിരാശയിലായ ഇന്ത്യക്ക് കഴിഞ്ഞ ദിവസം ഗോദയിൽ നിന്നും ലഭിച്ച സന്തോഷമായിരുന്നു ഗുസ്തിയിൽ അമൻ സെഹ്റാവതിന്റെ വെങ്കല മെഡൽ. 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിലായിരുന്നു അമൻ മത്സരിച്ചത്. ഒളിമ്പിക്സിൽ മെഡൽ നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരവുമായും അമൻ മാറിയിരുന്നു. എന്നാൽ, അത്രക്ക് എളുപ്പമായിരുന്നില്ല ഒളിമ്പിക്സിലേക്കുള്ള അമനിന്റെ യാത്ര. 11ാം വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അനാഥനായി മാറിയ അമൻ ഒരുപാട് പ്രതിസന്ധികൾ പിന്നിട്ടാണ് പാരീസ് ഒളിമ്പിക്സിലെ പോഡിയത്തിലെത്തിയത്.

2003 ജൂലൈ 13ന് ഹരിയാനയിലെ ജാജാർ ജില്ലയിലെ ബിഹോർ ഗ്രാമത്തിലായിരുന്നു അമന്റെ ജനനം. എന്നാൽ, ഒരുപാട് പ്രതിസന്ധികൾ നേരിട്ടായിരുന്നു അമന്റെ ജീവിതം. ഗ്രാമത്തിൽ ശുദ്ധജലത്തിന് പോലും കടുത്ത ക്ഷാമം അനുഭവപ്പെട്ടിരുന്നു. വൈദ്യുതിയും കിട്ടാക്കനിയായിരുന്നു.ചെറുപ്പത്തിൽ തന്നെ ചെളിയിൽ നടക്കുന്ന മഡ് ഗുസ്തിയിൽ അമന് താൽപര്യമുണ്ടായിരുന്നു.

 

2008ൽ സുശീൽ കുമാർ ബീജിങ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയതോടെയാണ് 10 വയസുകാരനായ അമൻ സെഹ്റാവത്ത് ഗുസ്തിയെ ഗൗരവമായി കാണാൻ തുടങ്ങിയത്. തുടർന്ന് ഡൽഹിയിലെ ഛ​ഹത്രശാൽ സ്റ്റേഡിയത്തിൽ പരിശീലനം തുടങ്ങിയതോടെ അമന്റെ ഗൗരവമുള്ള ഗുസ്തി പഠനം ആരംഭിച്ചു.

എന്നാൽ, 11ാം വയസിൽ മാതാവിന്റേയും തുടർന്ന് പിതാവിന്റേയും മരണം അമൻ സെഹ്റാവത്തിനെ ഉലച്ചു കളഞ്ഞു. മാതാപിതാക്കൾ നഷ്ടപ്പെട്ടതോടെ സെഹ്റാവത്തും സഹോദരി പൂജയും അമ്മാവൻ സുധീർ സെഹ്റാവത്തിന്റെ സംരക്ഷണത്തിലായി. രക്ഷിതാക്കളുടെ മരണം അമനെ വിഷാദരോഗത്തിലേക്ക് എത്തിച്ചുവെങ്കിലും ഗുസ്തിയും ഡൽഹിയിലെ സ്റ്റേഡിയവും അമന് പുതു ഊർജം പകർന്നു.

 

2019ലെ ഏഷ്യൻ കേഡറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് അമൻ വരവറിയിക്കുന്നത്. പിന്നീട് ദേശീയ ചാമ്പ്യനുമായി. 2022ൽ അമൻ അക്ഷരാർഥത്തിൽ ചരിത്രം കുറിച്ചു അണ്ടർ 23 വേൾഡ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറി. തുടർന്ന് ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡലും നേടി. 2023ൽ ഏഷ്യൻ റസ്‍ലിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി. തുടർന്ന് ഇസ്താംബുളിൽ വെച്ച് നടന്ന ലോക റസ്‍ലിങ് ഒളിമ്പിക് ക്വാളിഫിക്കേഷൻ ടൂർണമെന്റിൽ വിജയിച്ച് പാരീസിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു. 

Tags:    
News Summary - Who is Aman Sehrawat? Know the inspiring journey of the young Indian wrestle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.