ലണ്ടൻ: കായിക ലോകം ആകാംക്ഷയോടെയും അതിലേറെ ആവേശത്തോടെയും കാത്തിരിക്കുന്ന മത്സരങ്ങളാൽ സജീവമാവാനിരിക്കുകയാണ് ജൂൺ, ജൂലൈ മാസങ്ങൾ.
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്, യൂറോ ഫുട്ബാൾ, കോപ അമേരിക്ക ഫുട്ബാൾ തുടങ്ങിയ സുപ്രധാന ടൂർണമെന്റുകൾക്ക് പിന്നാലെ ലോക കായികോത്സവമായ ഒളിമ്പിക്സ് കൂടി ഈ ദിവസങ്ങളിൽ കടന്നുവരും. യൂറോപ്പിലും ലാറ്റിനമേരിക്കയിലുമടക്കം വിവിധ സമയങ്ങളിൽ നടക്കുന്ന മത്സരങ്ങൾ ഇന്ത്യക്കാരുൾപ്പെടെ കായിക പ്രേമികൾക്ക് സമ്മാനിക്കുക ഉറക്കമില്ലാത്ത രാവുകളാവും.
ഇംഗ്ലണ്ടിലെ ലണ്ടൻ വെംബ്ലി സ്റ്റേഡിയത്തിലാണ് 2024ലെ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ. യൂറോപ്യൻ ക്ലബ് ചാമ്പ്യന്മാരെ നിശ്ചയിക്കുന്നതിനുള്ള പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡും ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടും ഏറ്റുമുട്ടും. ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് കളി. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി ഇക്കുറി സെമി ഫൈനലിൽ തോറ്റ് പുറത്തായി.
ക്രിക്കറ്റിലെ ചെറിയ ഫോർമാറ്റായ ട്വന്റി20യിലെ ലോക ചാമ്പ്യന്മാരെത്തേടി ഇന്ത്യയടക്കം 20 ടീമുകളാണ് ജൂൺ രണ്ടുമുതൽ യു.എസിലും വെസ്റ്റിൻഡീസിലുമായി മാറ്റുരക്കുന്നത്. ഫൈനലുൾപ്പെടെ 55 മത്സരങ്ങളുണ്ടാവും. ഇന്ത്യൻ സമയം പുലർച്ച 5.00, 6.00, രാത്രി 8.00, 10.30, 12.30 എന്നീ സമയങ്ങളിലാണ് മത്സരങ്ങൾ. കരീബിയൻ ദ്വീപായ ബാർബഡോസിലെ ബ്രിഡ്ജ് ടൗണിൽ ജൂൺ 29ന് കലാശപ്പോര് നടക്കും. ഇംഗ്ലണ്ടാണ് നിലവിൽ ചാമ്പ്യന്മാർ.
വൻകരയിലെ 24 പ്രമുഖ ടീമുകൾ ഇറങ്ങുന്ന യൂറോ ഫുട്ബാൾ ചാമ്പ്യൻഷിപ് ജൂൺ 14 മുതൽ ജൂലൈ 14 വരെ ജർമനിയിലെ 10 വേദികളിലായി നടക്കും. ഇന്ത്യൻ സമയം വൈകുന്നേരം 6.30, രാത്രി 9.30, അർധരാത്രി 12.30 എന്നീ സമയങ്ങളിലാണ് മത്സരങ്ങൾ. ഫൈനൽ 14ന് ബർലിനിലെ ഒളിമ്പ്യ സ്റ്റേഡിയത്തിൽ. ഇറ്റലിയാണ് നിലവിലെ ജേതാക്കൾ.
ലാറ്റിനമേരിക്കൻ കരുത്തരുടെ നേരങ്കമായ കോപ അമേരിക്ക ഫുട്ബാൾ ടൂർണമെന്റ് ജൂൺ 20ന് തുടങ്ങും. യു.എസിലെ 14 നഗരങ്ങളാണ് വേദി. 16 ടീമുകൾ മത്സരിക്കും. ഇന്ത്യൻ സമയം വെളുപ്പിന് 3.30, 5.30, 6.30 എന്നീ സമയങ്ങളിലാണ് കളി. ഇന്ത്യൻ സമയം ജൂലൈ 15 പുലർച്ച 5.30നാണ് കലാശക്കളി. അർജന്റീനയാണ് നിലവിൽ ചാമ്പ്യന്മാർ.
ഇംഗ്ലണ്ടിൽ വർഷാവർഷം ലോകോത്തര ടെന്നിസ് താരങ്ങൾ ഏറ്റുമുട്ടുന്ന വിംബ്ൾഡൺ ടെന്നിസ് ടൂർണമെന്റ് ജൂലൈ ഒന്നുമുതൽ 14വരെ നടക്കും. ഇന്ത്യൻ സമയം ഉച്ചക്ക് ശേഷമാണ് മത്സരങ്ങൾ തുടങ്ങുക.
നാല് വർഷം കൂടുമ്പോൾ നടക്കുന്ന വേനൽക്കാല ഒളിമ്പിക്സിന് ഇക്കുറി ഫ്രഞ്ച് തലസ്ഥാനമായ പാരിസാണ് ആതിഥ്യമരുളുന്നത്. 32 കായിക ഇനങ്ങളിലെ 329 വിഭാഗങ്ങളിലായി 10,500 ഓളം താരങ്ങൾ മെഡൽ തേടിയിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.