ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ യുവ സ്ട്രൈക്കർ അലെഹാന്ദ്രോ ഗർണാച്ചോ ക്ലബ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. യൂറോപ്യൻ ഫുട്ബാളിലെ മുൻനിരക്കാരായ രണ്ടു ക്ലബുകൾ അർജന്റീനാ താരത്തെ തങ്ങൾക്കൊപ്പം കൂട്ടാൻ താൽപര്യവുമായി രംഗത്തുണ്ട്. ഫ്രഞ്ച് ലീഗിലെ അതികായരായ പാരിസ് സെന്റ് ജെർമെയ്നും സ്പാനിഷ് ലീഗിലെ മുന്നണിപ്പോരാളികളായ അത്‍ലറ്റികോ മഡ്രിഡുമാണ് ഇരുപതുകാരനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്.
അത്‍ലറ്റികോ മഡ്രിഡ് അക്കാദമിയിൽനിന്നാണ് 2020ൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ അണ്ടർ18 ടീമിലേക്ക് ഗർണാച്ചോ എത്തുന്നത്. സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ താരം 115 കളികളിൽ ഇതുവരെ യുനൈറ്റഡിനുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. 23 ഗോളുകളും 13 അസിസ്റ്റുകളുമായി മികവ് കാട്ടുകയും ചെയ്തു.
എന്നാൽ, പുതിയ കോച്ച് റൂബൻ അമോറിമിനു കീഴിൽ കളത്തിലിറങ്ങാൻ അവസരം കുറഞ്ഞതാണ് ക്ലബ് വിടാൻ ഗർണാച്ചോയെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 15ന് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 2-1ന് ജയിച്ച മത്സരത്തിനുള്ള ടീമിൽനിന്ന് ഗർണാച്ചോയെയും മാർകസ് റാഷ്ഫോർഡിനെയും കോച്ച് ഒഴിവാക്കിയിരുന്നു. പിന്നീടുള്ള മത്സരങ്ങളിൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയെങ്കിലും ഒരു കളിയിൽപോലും േപ്ലയിങ് ഇലവനിൽ ഇടമുണ്ടായില്ല.
ഈ ജനുവരിയിൽ ഗർണാച്ചോയെ മഡ്രിഡിൽ തിരിച്ചെത്തിക്കാനാണ് അത്ലറ്റികോ നീക്കം. ലാ ലീഗയിൽ കിരീടപോരാട്ടത്തിൽ മുന്നിൽനിൽക്കുന്ന ക്ലബിന് അത് കരുത്തേകുമെന്നാണ് അത്‍ലറ്റികോ മഡ്രിഡിന്റെ കണക്കുകൂട്ടൽ. മുൻനിരയിൽ നാട്ടുകാരനായ ഹൂലിയൻ ആൽവാരസിനൊപ്പം ഗർണാച്ചോയും ബൂട്ടുകെട്ടിയാൽ ആക്രമണത്തിന് മൂർച്ചയേറുമെന്ന് അത്‍ലറ്റികോ നിരീക്ഷിക്കുന്നു. ജനുവരിയിൽ നടന്നില്ലെങ്കിൽ ഈ സമ്മർ ട്രാൻസ്ഫറിൽ താരത്തെ ക്ലബിലെത്തിക്കാനാകും അത്‍ലറ്റികോയുടെ അടുത്ത ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.