മഡ്രിഡ്: സ്പാനിഷ് സൂപ്പർ കപ്പിൽ ലോക ക്ലബ് ഫുട്ബാളിലെ ഏറ്റവും വലിയ ഗ്ലാമർ പോരാട്ടങ്ങളിലൊന്നായ എൽക്ലാസിക്കോ ഫൈനൽ. സൗദി അറേബ്യയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ നടന്ന സെമി ഫൈനലിൽ മയോർക്കയെ മറുപടിയില്ലാത്ത മൂന്നു ഗോളിന് വീഴ്ത്തിയാണ് റയൽ കലാശപ്പോരിന് ടിക്കറ്റെടുത്തത്.
കഴിഞ്ഞദിവസം നടന്ന ആദ്യ സെമിയിൽ അത്‍ലറ്റിക് ബിൽബാവോയെ 2-0ത്തിന് വീഴ്ത്തി ബാഴ്സയും ഫൈനലിൽ എത്തിയിരുന്നു. മത്സരത്തിന്‍റെ രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. ജൂഡ് ബെല്ലിങ്ഹാം, റോഡ്രിഗോ എന്നിവരാണ് റയലിനായി വലകുലുക്കിയത്. ഒരു ഗോൾ മയോർക്ക താരം മാർട്ടിൻ വാൽജെന്‍റിന്‍റെ വക ഓൺ ഗോളായിരുന്നു. ആദ്യ പകുതിയിൽ റയലിന് ലീഡ് നേടാനുള്ള അവസരം ലഭിച്ചെങ്കിലും ഗോളിലെത്തിയില്ല. റോഡ്രിഗോയുടെ ഹെഡ്ഡർ പോസ്റ്റിൽ തട്ടി മടങ്ങി. പിന്നാലെ ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെയുടെ ഷോട്ട് ഗോൾ കീപ്പർ രക്ഷപ്പെടുത്തി.
ഗോൾരഹിതമായാണ് ഇടവേളക്കു പിരിഞ്ഞത്. ഒടുവിൽ 63ാം മിനിറ്റിലാണ് ഇംഗ്ലണ്ട് മിഡ്ഫീൽഡർ ബെല്ലിങ്ഹാമിലൂടെ റയൽ മത്സരത്തിൽ ലീഡെടുക്കുന്നത്. സീസണിൽ റയലിനായി താരത്തിന്‍റെ ഒമ്പതാം ഗോളാണിത്. ഇൻജുറി ടൈമിൽ (90+2) ബോക്സിനുള്ളിൽ ബ്രഹീം ഡയസിന്‍റെ ത്രൂ ബാളിന് മയ്യോർക്ക് പ്രതിരോധ താരം വാൽജെന്‍റ് കാൽവെച്ചതോടെ പന്ത് സ്വന്തം വലയിൽ. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ബ്രസീൽ താരം റോഡ്രിഗോ റയലിന്‍റെ മൂന്നാം ഗോളും നേടി പട്ടിക പൂർത്തിയാക്കി. ലൂക്കാസ് വാസ്ക്വസാണ് ഗോളിന് വഴിയൊരുക്കിയത്.
കഴിഞ്ഞവർഷം ഫൈനലിൽ ബാഴ്സയെ 4-1ന് പരാജയപ്പെടുത്തിയാണ് റയൽ സൂപ്പർ കപ്പിൽ കിരീടം നേടിയത്. റയലിന് ഇത്തവണയും കിരീടം നേടിയാൽ ബാഴ്സയുടെ റെക്കോഡിനൊപ്പമെത്താനാകും. ബാഴ്സ 14 തവണ സൂപ്പർ കപ്പ് കിരീടം നേടിയിട്ടുണ്ട്. റയൽ 13 തവണയും. കഴിഞ്ഞ ഒക്ടോബറിൽ ലാ ലിഗയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ബാഴ്സ മറുപടിയില്ലാത്ത നാലു ഗോളിന് റയലിനെ നിലംപരിശാക്കിയിരുന്നു. അതുകൊണ്ടു തന്നെ സൂപ്പർ കപ്പ് ഫൈനലിൽ അങ്കം മുറുകും.
ലാമിൻ യമാലിന്റെയും ഗവി പയസിന്റെയും ഗോളിലാണ് ബാഴ്സലോണ അത്‍ലറ്റിക് ബിൽബാവോയെ വീഴ്ത്തിയത്. ജിദ്ദയിൽ നടന്ന മത്സരത്തിൽ ഗവി 17ാം മിനിറ്റിലാണ് ഗോൾ നേടിയത്. 52ാം മിനിറ്റിൽ ഗവിയുടെ പാസിലാണ് യമാൽ ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.