നര്‍സിങ്ങിന്‍െറ ഒളിമ്പിക് പങ്കാളിത്തം ത്രിശങ്കുവില്‍

റിയോ ഡെ ജനീറോ: ഉത്തേജക മരുന്ന് വിവാദത്തില്‍നിന്ന് തലയൂരി ഒളിമ്പിക്സില്‍ ഗുസ്തി പിടിക്കാമെന്ന നര്‍സിങ് യാദവിന്‍െറ മോഹത്തിനുമേല്‍ ആശങ്കയുടെ കരിനിഴല്‍. നര്‍സിങ്ങിന് ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ) നല്‍കിയ ക്ളീന്‍ചിറ്റിനെതിരെ ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) കായിക തര്‍ക്കപരിഹാര കോടതിയില്‍ (സി.എ.എസ്) അപ്പീല്‍ നല്‍കിയതോടെയാണിത്.

കായിക തര്‍ക്കപരിഹാര കോടതിയില്‍ ഇതുസംബന്ധിച്ച വാദം തുടങ്ങിക്കഴിഞ്ഞതായും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ്  മത്തേയാണ് പങ്കെടുക്കുന്നതെന്നും ഒളിമ്പിക്സിലെ ഇന്ത്യന്‍ ചീഫ് ഓഫ് മിഷന്‍ രാകേഷ് ഗുപ്ത അറിയിച്ചു. അപ്പീല്‍ കോടതി ശരിവെക്കുകയാണെങ്കില്‍ നര്‍സിങ്ങിന് ഒളിമ്പിക്സില്‍ പങ്കെടുക്കാനാവില്ല. വെള്ളിയാഴ്ചയാണ് 74 കിലോ വിഭാഗത്തില്‍ നര്‍സിങ്ങിന്‍െറ ആദ്യ മത്സരം. ജൂണ്‍ 25ന് നടന്ന പരിശോധനയിലാണ് നര്‍സിങ് യാദവ് ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞത്. നിരോധിത മരുന്നായ മെതന്‍ഡിയനോണിന്‍െറ അംശമാണ് അനുവദനീയമായ അളവില്‍ കൂടുതല്‍ നര്‍സിങ്ങിന്‍െറ ശരീരത്തില്‍ കണ്ടത്തെിയത്. എന്നാല്‍,  ഗൂഢാലോചനയുടെ ഇരയാണെന്ന താരത്തിന്‍െറ വാദം മുഖവിലക്കെടുത്ത നാഡയും റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു.  

74 കിലോ വിഭാഗത്തില്‍ ആരു മത്സരിക്കണമെന്ന തര്‍ക്കത്തിന്‍െറ തുടര്‍ച്ചയായിട്ടായിരുന്നു ഉത്തേജകവിവാദം. ഈ ഇനത്തില്‍ ഒളിമ്പിക് യോഗ്യത നേടിത്തന്ന നര്‍സിങ്ങിനെയായിരുന്നു ഫെഡറേഷന്‍ പിന്തുണച്ചിരുന്നത്. എന്നാല്‍, ഇനം  മാറിയത്തെിയ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറും അവകാശവാദമുന്നയിച്ചു.തര്‍ക്കം കോടതിയിലത്തെിയെങ്കിലും വിജയം നര്‍സിങ്ങിനായിരുന്നു. ഇതിന്‍െറ പക തീര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഉത്തേജകവിവാദമെന്നായിരുന്നു നര്‍സിങ്ങിന്‍െറ വാദം. ഇത് ശരിവെച്ചാണ് നാഡ ക്ളീന്‍ചിറ്റ് നല്‍കിയതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.