പെനാല്‍റ്റി കാക്കുന്ന ഗോളിയുടെ ഏകാന്തതയെന്ന ദാര്‍ശനികവ്യഥയെക്കുറിച്ചൊന്നും അവള്‍ വേവലാതിപ്പെടുന്നില്ല. പക്ഷേ, ജീവിതമെന്ന മരുപ്പച്ചയും ഫുട്ബാള്‍ എന്ന കലയും നല്‍കുന്ന തികച്ചും 'കാല്‍പനിക'മായൊരു ഏകാന്തത മുറ്റിനില്‍ക്കുന്നുണ്ട്. എഴുത്തുകാരി പി. വത്സല അധ്യാപികയായിരുന്ന നടക്കാവ് ഗേള്‍സ് സ്കൂളില്‍, ടീച്ചറുടെ വാത്സല്യമൊന്നും നേടാനാവാതെ 'കളിച്ച്' പഠിച്ച വിദ്യാര്‍ഥികാലം മുതല്‍ തുടങ്ങിയതാണ് നിഴലുറങ്ങുന്ന വഴികളിലൂടെയുള്ള സഞ്ചാരം. പഠനസമയത്തെല്ലാം കായിക പരിശീലനത്തോടായിരുന്നു താല്‍പര്യം. ജൂഡോ, ഫുട്ബാള്‍, വോളിബാള്‍ എന്നിങ്ങനെ കളിയുടെ 'പാഠ'ങ്ങള്‍ക്കായി ക്ലാസിലിരിക്കാതെ കളിക്കളത്തിലേക്ക് പോകാന്‍ വെമ്പുന്നവള്‍. ഒടുവില്‍, ടീച്ചര്‍ അവളുടെ ബാപ്പക്ക് കത്തെഴുതി. മകളെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല, പഠനത്തില്‍ ശ്രദ്ധയില്ല, എപ്പോഴും കളിതന്നെ. ഗള്‍ഫില്‍ ജോലിയിലായിരുന്ന ബാപ്പക്ക് പക്ഷേ, ടീച്ചറുടെ കത്ത് ലഭിച്ചപ്പോള്‍ ഞെട്ടലൊന്നും ഉണ്ടായില്ല. അവള്‍ക്കിഷ്ടം കളിയാണെങ്കില്‍ കളിക്കട്ടെ ടീച്ചറേ- എന്ന് ചോദിച്ച് മറുപടി എഴുതിയ ബാപ്പയുടെ മകളാണ് ഫൗസിയ.
വര്‍ഷങ്ങള്‍ കഴിഞ്ഞു. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ സ്കൂള്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റായ സുബ്രതോ കപ്പില്‍ പങ്കെടുക്കാന്‍ നടക്കാവ് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയിലെ 16 കുട്ടികളെയും കൊണ്ട് ഡല്‍ഹിയിലേക്ക് വണ്ടികയറാന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുകയായിരുന്ന ഫൗസിയയോട് ആരോ ആ ചോദ്യം വീണ്ടും ചോദിച്ചു. 'ഫൗസിയാ, ഇപ്പഴും ആ പഴയ കോണ്‍ട്രാക്ട് കോച്ച് തന്നെയാണോ...!' ഫൗസിയയുടെ ചിരിക്കുന്ന മുഖം പെട്ടെന്ന് ഗൗരവത്തിന് വഴിമാറി. 'ഏയ് അത്തരം കാര്യങ്ങളൊന്നും ഇപ്പോള്‍ ചോദിക്കല്ലേ. ഞാന്‍ കോണ്‍ട്രാക്ടാണോ എനിക്ക് ശമ്പളം കിട്ടുന്നുണ്ടോ എന്നതൊന്നും ഇപ്പോള്‍ എന്‍റെ മുന്നിലുള്ള പ്രശ്നമേ അല്ല. ഞാനും എന്‍റെ കുട്ടികളും വലിയൊരു പോരാട്ടത്തിനാണ് ഇറങ്ങിയിരിക്കുന്നത്. നിങ്ങള്‍ക്കറിയോ, ഇന്ത്യയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ടീമുകള്‍ക്കുപുറമെ ബ്രസീല്‍, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളുമുണ്ട് സുബ്രതോ കപ്പില്‍. അതിനിടെ എന്‍റെ സ്വന്തം കാര്യത്തിന് എന്തു പ്രാധാന്യം.'
നേട്ടങ്ങളുടെ വഴി
നാലുവര്‍ഷം കേരള ടീമിന്‍റെ ഗോള്‍കീപ്പര്‍, രണ്ടുവര്‍ഷം കോച്ച്, ഇപ്പോള്‍ 12 വര്‍ഷമായി കേരള സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ ഫുട്ബാള്‍ കോച്ച്, ജൂനിയര്‍ ഇന്ത്യക്കും സീനിയര്‍ ഇന്ത്യക്കും കളിക്കുന്ന രണ്ടു കുട്ടികളടക്കം 13 സംസ്ഥാന താരങ്ങളെ വാര്‍ത്തെടുത്ത പരിശീലക. സുബ്രതോ കപ്പിലേക്കുള്ള യാത്രക്കുപുറമേ കേരളത്തിനകത്തും പുറത്തുമായി നിരവധി നേട്ടങ്ങള്‍... വനിതാ ഫുട്ബാളില്‍ ആളുകള്‍ സ്വപ്നം കാണുന്നതിനും മുകളിലൂടെയാണ് ഈ പെണ്‍താരകത്തിന്‍റെ യാത്ര. എന്നിട്ടും, കോഴിക്കോട് വെള്ളിമാടുകുന്നിലെ മാമ്പറ്റ ഫൗസിയക്കു മുന്നില്‍ അധികൃതരുടെ വാതില്‍ അടഞ്ഞു തന്നെ കിടന്നു. സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ നല്‍കിയ കോണ്‍ട്രാക്ട് പരിശീലകയുടെ കുപ്പായമായിരുന്നു ഫൗസിയയുടെ വരുമാനം. കാല്‍പന്തുകളിയില്‍ പുതിയ പെണ്‍ഗാഥ വെട്ടിപ്പിടിക്കാനുള്ള വിശ്രമമില്ലാത്ത ഓട്ടത്തിനിടയില്‍ ഫൗസിയ പലപ്പോഴും തന്നെ മറന്നു. 88, 89, 90, 92 വര്‍ഷങ്ങളില്‍ കേരള ടീമിന്‍റെ ഗോള്‍വലക്ക് കരുത്തേകിയ കാവല്‍ക്കാരി പവര്‍ലിഫ്റ്റിങ്ങിലും പരീക്ഷണങ്ങള്‍ നടത്തി. 99ല്‍ സ്റ്റേറ്റ് പവര്‍ലിഫ്റ്റിങ്, 2000ത്തില്‍ സൗത് ഇന്ത്യന്‍ പവര്‍ലിഫ്റ്റിങ്ങില്‍ മൂന്നാംസ്ഥാനം.
2002ല്‍ നേട്ടങ്ങളുടെ കൂമ്പാരങ്ങളടങ്ങുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സ്പോര്‍ട്സ് മന്ത്രി കെ. സുധാകരനെ സമീപിച്ചപ്പോള്‍ ഏതെങ്കിലുമൊരു ജോലിമതിയെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിര നിയമനം നല്‍കാമെന്ന് പറഞ്ഞു. സ്പോര്‍ട്സാണ് ലക്ഷ്യമെങ്കില്‍ കരാറടിസ്ഥാനിത്തിലേ നടക്കൂ. കാരണം, കോച്ചാവാന്‍ വേണ്ട എന്‍.ഐ.എസ് സര്‍ട്ടിഫിക്കറ്റില്ല. സ്പോര്‍ട്സിനെ സ്നേഹിച്ച് ഫുട്ബാളില്‍ ജീവിക്കാനുറച്ച ഫൗസിയ തന്‍റെ ജീവിതഭദ്രത ഓര്‍ക്കാതെ സ്പോര്‍ട്സ് തെരഞ്ഞെടുത്തു. അങ്ങനെ 2002 മുതല്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ കീഴില്‍ ഫൗസിയ കോണ്‍ട്രാക്ട് കോച്ചായി.
കോഴിക്കോട് വെള്ളിമാട്കുന്നിലെ മാമ്പറ്റ മന്‍സില്‍ ഒരു സാധാരണ മുസ് ലിം കുടുംബമായിരുന്നു. എന്നാല്‍, തന്‍റെ ആറുമക്കളില്‍ നാലാമത്തവളായ ഫൗസിയക്ക് പിതാവ് മൊയ്തു ഇഷ്ടപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. പഠനത്തിനൊപ്പം ഫുട്ബാള്‍, വോളിബാള്‍, ഹോക്കി, ക്രിക്കറ്റ്, പിന്നെ പവര്‍ലിഫ്റ്റിങ്ങടക്കം ഒരുപാട് കളികളും പഠിച്ചു. ഉപ്പ പെരുന്നാളിന് പുതുവസ്ത്രം വാങ്ങാന്‍ ഗള്‍ഫില്‍ നിന്നയച്ചു കൊടുത്ത പൈസ കൊണ്ടാണ് ഉമ്മയറിയാതെ ആദ്യമായി ബൂട്ടും ജഴ്സിയും വാങ്ങുന്നത്. വെള്ളയില്‍ ജി.യു.പി, നടക്കാവ് ഗേള്‍സ്, ആര്‍ട്സ് കോളജ് എന്നിവിടങ്ങളിലെ പഠനകാലത്ത് വോളിബാളിലും ക്രിക്കറ്റിലും ഹാന്‍ഡ്ബാളിലുമെല്ലാം തിളങ്ങി. പവര്‍ ലിഫ്റ്റിങ്ങില്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പും സൗത് ഇന്ത്യയില്‍ വെങ്കലവും നേടി.
പക്ഷേ, ഇതിനിടയിലെല്ലാം ജീവനായി കൊണ്ടുനടന്നത് ഫുട്ബാളിനെ. 1982 മുതലാണ് ഫുട്ബാളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആയിടക്കാണ് തിരുവനന്തപുരത്ത് സംസ്ഥാന വനിതാ ചാമ്പ്യന്‍ഷിപ് വന്നത്. പുതുപ്പാടിയിലെ കുട്ടികളായിരുന്നു കോഴിക്കോട് ജില്ലക്കുവേണ്ടി മത്സരിക്കേണ്ടത്. ചില സാങ്കേതിക കാരണങ്ങളാല്‍ അവര്‍ക്കിറങ്ങാനായില്ല. ആ ഒഴിവില്‍ ഫൗസിയയും കൂട്ടരും ജില്ലയെ പ്രതിനിധാനം ചെയ്തു. അനുമതിയില്ലാതെ ഗ്രൗണ്ടിലിറങ്ങിയെന്നു പറഞ്ഞ് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍റെ രണ്ടുവര്‍ഷത്തെ വിലക്കായിരുന്നു ഫലം. എന്നാല്‍, ഫൗസിയക്കും കൂട്ടര്‍ക്കും നിരാശപ്പെടേണ്ടി വന്നില്ല. ഫൗസിയയുടെ ടീമിന്‍റെ മിടുക്ക് കണ്ടറിഞ്ഞ എറണാകുളം ഫുട്ബാള്‍ അസോസിയേഷന്‍ കുട്ടികളെ ദത്തെടുത്തു. അങ്ങനെ ആറുവര്‍ഷം എറണാകുളത്തിനു വേണ്ടി ബൂട്ടുകെട്ടി. അതിനിടെ, കേരള ടീമിലേക്ക് സെലക്ഷന്‍.
പിന്നീട് ഫുട്ബാള്‍ കോച്ചായി തന്‍റെ തന്നെ പൂര്‍വ വിദ്യാലയമായ നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയിലത്തെി. ഫൗസിയ ചെല്ലുമ്പോള്‍ നടക്കാവ് സ്കൂള്‍ ഇന്നത്തെ പോലെ ഇന്‍റര്‍നാഷനലും മാതൃകാ വിദ്യാലയവുമൊന്നുമായിരുന്നില്ല. 12 വര്‍ഷം കഴിയുമ്പോഴേക്കും ഇവിടത്തെ കുട്ടികളെ വെച്ച് കേരളത്തിലെ മികച്ച ജില്ലാ ടീമാക്കി കോഴിക്കോടിനെ മാറ്റിയിരിക്കുന്നു. ഏറ്റവും നല്ല സ്കൂള്‍ ടീം നടക്കാവും. ഫൗസിയയുടെ മികവ് അടുത്തറിഞ്ഞ കേരള ഫുട്ബാള്‍ അസോസിയേഷന്‍ 2005ല്‍ മണിപ്പൂരില്‍ നടന്ന ദേശീയ സീനിയര്‍ വനിതാ ചാമ്പ്യന്‍ഷിപ്പിന്‍റെ കോച്ചായി ഫൗസിയയെ അയച്ചു.
അന്ന് കേരളം മൂന്നാം സ്ഥാനം നേടി. 2006ല്‍ ഒഡിഷയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും ഫൗസിയ കേരള കോച്ചായി. അന്ന് കേരളം രണ്ടാം സ്ഥാനക്കാരായി. 2008ലെ അണ്ടര്‍ 14 കേരള ടീമില്‍ ആറു പേര്‍ നടക്കാവിലെ കുട്ടികള്‍. ടീം ക്യാപ്റ്റന്‍ നിഖില ഇന്ത്യന്‍ ടീമിലും അംഗമായി. കൊളംബോയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കു വേണ്ടിയിറങ്ങിയ നിഖില ഒമ്പതു ഗോളുകള്‍ നേടി റെക്കോഡിടുമ്പോള്‍ ഗാലറിയില്‍ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുകയായിരുന്നു ഫൗസിയ. 2009ലെ ദേശീയ സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമില്‍ ഏഴുപേര്‍ ഫൗസിയയുടെ നടക്കാവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഇതില്‍ വൈ.എം. ആഷ്ലി ഇന്ത്യന്‍ ടീമിലിടം നേടി.
(അന്തരിച്ച ഫുട്ബാൾ താരവും പരിശീലകയുമായ ഫൗസിയ മാമ്പറ്റയെ കുറിച്ച് 2014ൽ 'മാധ്യമ'ത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.