ടോക്യോ: ഗുജ്റന്ത് സിങ്ങിന്‍റെ ഇരട്ടഗോളുകൾ തുണക്കെത്തിയ മത്സരത്തിൽ ജപ്പാനെ 5-3ന് കീഴടക്കി ഇന്ത്യ ഒളിമ്പിക് പുരുഷഹോക്കിയിൽ മികച്ച ഫോം തുടരുന്നു. അവസാന ഗ്രൂപ് മത്സരത്തിൽ ഹർമൻപ്രീത് സിങ്, നിലാകാന്ത ശർമ, സിമ്രൻജിത് സിങ് എന്നിവരാണ് ഇന്ത്യക്കുവേണ്ടി ലക്ഷ്യം കണ്ട മറ്റു താരങ്ങൾ.
മെഡൽപ്രതീക്ഷയോടെ ടോക്യോയിലെത്തിയ ടീമിന്‍റെ നാലാം ജയമാണിത്. പൂൾ എ യിൽ ആസ്ട്രേലിയക്കുപിന്നിൽ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ ക്വാർട്ടർ ഫൈനലിൽ ഇടമുറപ്പിച്ചിട്ടുണ്ട്. അഞ്ചു കളികളിൽ ആസ്ട്രേലിയക്ക് 13 പോയന്‍റാണുള്ളത്. ഗ്രൂപ് മത്സരത്തിൽ ആസ്ട്രേലിയ 7-1ന് ഇന്ത്യയെ തകർത്തിരുന്നു.
മത്സരത്തിലുടനീളം മേധാവിത്വം കാട്ടിയ ഇന്ത്യൻ നിര ആതിഥേയരെ മുന്നിലെത്താൻ അനുവദിച്ചില്ല. അവസാന ക്വാർട്ടർ ബാക്കിയിരിക്കേ, 3-2ന് ലീഡ് നേടിയ നീലക്കുപ്പായക്കാർക്കുവേണ്ടി നിലാകാന്തയും ഗുജ്റന്തും സ്കോർ ചെയ്തപ്പോൾ സ്കോർ 5-2. ഒടുവിൽ കസുമ മറാത്തയിലൂടെ അന്തിമ വിസിലിന് തൊട്ടുമുമ്പ് ഗോൾനേടിയിട്ടും ജപ്പാന് ആഹ്ലാദിക്കാൻ വകയുണ്ടായില്ല.
കഴിഞ്ഞ മത്സരത്തിൽ നിലവിലെ സ്വർണമെഡൽ ജേതാക്കളായ അർജന്‍റീനയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചാണ് ഇന്ത്യ ക്വാർട്ടറിൽ ഇടം ഉറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.