പ്രിസ്മ ആന്‍ഡ്രോയിഡില്‍ എത്തി

 ഐഫോണുകളുടെ മാത്രം കുത്തകയായിരുന്ന പ്രിസ്മ (Prisma) ഫോട്ടോ എഡിറ്റിങ് ആപ്പ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ എത്തി. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ജൂലൈ 24നാണ് പ്ളേ സ്റ്റോറില്‍ എത്തിയത്്.  ഏഴ് എം.ബി ആണ് ഈ ഒന്നാംപതിപ്പിന്‍െറ ഫയല്‍ വലിപ്പം. ആന്‍ഡ്രോയിഡ് 4.1 ജെല്ലിബീന്‍ മുതല്‍ ഓപറേറ്റിങ് സിസ്റ്റമുള്ള ഫോണുകളില്‍ പ്രവര്‍ത്തിക്കും.   ഐ.ഒ.എസ് 8 മുതല്‍ ഓപറേറ്റിങ്് സിസ്റ്റവും ഐഫോണ്‍ 4 എസ്, ഐപോഡ് ടച്ച് ഫിഫ്ത് ജനറേഷന്‍, ഐപാഡ് 2, ഐപാഡ് മിനി മുതലുള്ള ഉപകരണങ്ങളിലമാണ് പ്രിസ്മ ഇതുവരെ ലഭിച്ചിരുന്നത്. അഞ്ചാഴ്ചകൊണ്ട് 40ലേറെ രാജ്യങ്ങളില്‍ ഒരുകോടി ഐഫോണ്‍ ഉടമകളാണ് ഐഒഎസ് ആപ് ഡൗണ്‍ലോഡ് ചെയ്തത്. 15 ലക്ഷം ദിവസ ഉപയോക്താക്കളാണുള്ളത്. 400 ദശലക്ഷത്തോളം പ്രിസ്മ ചിത്രങ്ങളാണ് അപ്ലോഡ് ചെയ്തിട്ടുള്ളത്. 

കഥ പറയുമ്പോള്‍
കൃത്യമായി പറഞ്ഞാല്‍ മൂന്നുമാസം മുമ്പാണ് ആ ആശയം ഞെട്ടറ്റു വീണത്. Mail.Ru എന്ന റഷ്യന്‍ ഇന്‍റര്‍നെറ്റ് കമ്പനിയിലെ ജോലിക്കാരനാണ് അന്ന് അലക്സി മൊയ്സീന്‍കോവ് എന്ന ഇരുപത്തഞ്ചുകാരനായ റഷ്യന്‍ യുവാവ്. ഒരു വിരല്‍ സ്പര്‍ശത്താല്‍ ഫോട്ടോയുടെ രൂപവും ഭാവവും മാറ്റുന്ന ആപ്പ് എന്ന ആശയമാണ് അലക്സിയുടെ തലയില്‍ ഉദിച്ചത്. മറ്റ് ആപ്പുകളെപ്പോലെ ഫോട്ടോയെ വെറും ചിത്രമാക്കുകയല്ല, അതിന്‍െറ ആത്മാവിനെ നിലനിര്‍ത്തി മറ്റൊരു ചിത്രമാക്കി പുനരാവിഷ്കരിക്കുന്ന ആപ്. ഒരു ഓപണ്‍ സോഴ്സ് കോഡാണ് ആശയത്തിന് തിരികൊളുത്തിയത്. അങ്ങനെ അലക്സിയും കൂട്ടുകാരും കൂടി സമയം കളയാതെ പ്രവര്‍ത്തനം തുടങ്ങി. രണ്ടുമാസത്തിനുശേഷം അലക്സി ജോലി രാജിവെച്ച് ആപ്പിനായി മുഴുവന്‍ സമയവും നീക്കിവെച്ചു. അങ്ങനെ പ്രിസ്മയുണ്ടായി. വലിയൊരു കച്ചവട പദ്ധതിയായിരുന്നില്ളെന്നും ചെറിയൊരു ആശയമായിട്ടായിരുന്നു ഇതിന്‍െറ തുടക്കമെന്നും അലക്സി പറയുന്നു. മോസ്കോയാണ് ആപ് കമ്പനി പ്രിസ്മ ലാബിന്‍െറ ആസ്ഥാനം. ഇവിടെ അലക്സിയും ഒമ്പത് സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രവര്‍ത്തനം. പ്രിസ്മലാബ് സെര്‍വറിന്‍െറയും കൃത്രിമ ബുദ്ധിയുടെയും ന്യൂറല്‍ നെറ്റ്വര്‍ക്കിന്‍െറയും സഹായത്തോടെയാണ് ഫോട്ടോകളെ കലാസൃഷ്ടിയാക്കുന്നത്. 

കലക്ക് പിന്നിലെ തല
പലതരം ഫില്‍ട്ടറുകളുണ്ട്. എല്ലാം പ്രശസ്തമായ പെയിന്‍റിങ്ങുകള്‍ അടിസ്ഥാനമാക്കിയാണ്. നോര്‍വീജിയന്‍ ചിത്രകാരനായ എഡ്വാര്‍ഡ് മഞ്ച് എക്സ്പ്രഷനിസ്റ്റ് സങ്കേതത്തില്‍ വരച്ച പ്രശസ്ത ചിത്രമായ ‘ദ സ്ക്രീം’ എന്ന പേരില്‍ ഒരു ഫില്‍ട്ടറുണ്ട്. മോണ്‍ഡ്രിയന്‍ എന്ന പേരിലും ഫില്‍ട്ടറുണ്ട്. ഡച്ച് ചിത്രകാരന്‍ പീറ്റ് മോണ്‍ഡ്രിയനാണ് പ്രചോദനം, വാന്‍ഗോഗ്, പികാസോ, റഷ്യന്‍ ചിത്രകാരന്‍ ഐസക് ലെവിറ്റന്‍ എന്നിവര്‍ക്കും ഫില്‍ട്ടറുകളുണ്ട്. ഇപ്പോള്‍ 40 തരം ചിത്രങ്ങള്‍ സൃഷ്ടിക്കാനുള്ള സൗകര്യമുണ്ട്. കൂടുതല്‍ ഫില്‍ട്ടറുകള്‍ ദിനംപ്രതി കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. ഒരിക്കല്‍ ഫില്‍ട്ടറുകള്‍ നല്‍കിയാല്‍ ഇടതുനിന്ന് വിരലോടിച്ചാല്‍ ഫില്‍ട്ടറിന്‍െറ തീവ്രത കുറക്കാം. വലത്തുനിന്നായാല്‍ 100 ശതമാനം ആക്കാം. ഈ സൃഷ്ടി സേവ് ചെയ്യുന്നതിന് മുമ്പ് സോഷ്യല്‍മീഡിയില്‍ പങ്കുവെക്കുകയും ചെയ്യാം. 
 മറ്റു ഫോട്ടോ എഡിറ്റിങ് ആപ്പുകളെ പോലെ ഫില്‍ട്ടര്‍ ഉപയോഗിച്ച് ചിത്രങ്ങളുടെ നിറവും വ്യക്തതയും മാറ്റുന്നതിന് പകരം ഓരോ ഫോട്ടോയുടെയും മര്‍മം തിരിച്ചറിഞ്ഞ് പുതിയ ഫോട്ടോ വികസിപ്പിച്ചെടുക്കുകയാണ്. വിവിധ ചിത്രരചനാ/ഗ്രാഫിക്കല്‍ സങ്കേതങ്ങള്‍ ഉപയോഗിച്ച് ഫോട്ടോകളെ മാറ്റിമറിക്കുന്നത് കൃത്രിമ ബുദ്ധിയാണ്. മനുഷ്യ തലച്ചോറും നാഡീവ്യവസ്ഥയും പോലെ പ്രവര്‍ത്തിക്കുന്ന ന്യൂറല്‍ സിസ്റ്റത്തിനൊപ്പം കൃത്രിമ ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും കൂടിച്ചേരുന്നതോടെ ‘യന്ത്രം’ മനുഷ്യരെപ്പോലെ പ്രവര്‍ത്തിക്കും. ഈ വിദ്യയാണ് പ്രിസ്മയിലെ മികവിന്‍െറ കാരണം. വ്യത്യസ്ത ജോലികള്‍ ചെയ്യുന്ന മൂന്ന് ന്യൂറല്‍ നെറ്റ്വര്‍ക്കുകളാണ് പ്രിസ്മയുടെ സെര്‍വറിലുള്ളത്. നേരത്തെ നല്‍കിയിരിക്കുന്ന കലാസൃഷ്ടിക്കും കലാരീതിക്കും അനുസരിച്ചാണ് പ്രവര്‍ത്തിക്കുക.  അതുകൊണ്ടാണ് ആര്‍ട്ട് ഫില്‍ട്ടറിനും ഫോട്ടോഷോപ്പിനും നല്‍കാന്‍ കഴിയാത്ത കലാമേന്മ പ്രിസ്മ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. ഫോട്ടോയെടുത്ത്,  അപ്ലോഡ് ചെയ്തത് നിമിഷങ്ങള്‍ മതി ചിത്രത്തിന്‍െറ രൂപം മാറാന്‍. ചിത്രങ്ങള്‍ മാറ്റം വരുത്തുകയല്ല, അതിനെ പരിഷ്കരിച്ച് നല്‍കുകയാണ് പ്രിസ്മയുടെ തലച്ചോറ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.