വാഷിങ്ടൺ: ഇസ്രയേൽ നരനായാട്ട് നടത്തുന്ന ഫലസ്തീനിലെ ജനതയെ പിന്തുണച്ച് പ്രസ്താന ഇറക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.ഇ.ഒ ടിം കുക്കിന് കത്തെഴുതി ആപ്പിളിലെ ജീവനക്കാർ. ആയിരത്തോളം ജീവനക്കാരുടെ ഒപ്പുള്ള കത്താണ് കമ്പനിയിൽ ആന്തരികമായി പ്രചരിക്കുന്നതെന്ന് 'ദ വെർജ്' റിപ്പോർട്ട് ചെയ്യുന്നു. ആപ്പിൾ മുസ്ലിം അസോസിയേഷൻ എന്ന ഒൗദ്യോഗിക തൊഴിലാളി ഗ്രൂപ്പാണ് കത്ത് എഴുതാൻ മുൻകൈയ്യെടുത്തത്. ദശലക്ഷക്കണക്കിന് ഫലസ്തീൻ ജനത "നിയമവിരുദ്ധമായ അധിനിവേശ" ത്തിന് ഇരയാകേണ്ടിവരുന്നുണ്ടെന്ന് ആപ്പിൾ അംഗീകരിക്കണമെന്നാണ് ജീവനക്കാർ കത്തിൽ പറയുന്നത്.
'മറ്റെല്ലാ വിഷയങ്ങളിലും മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ മുന്നിലുണ്ടായിരുന്ന അധികാരമുള്ളവരും സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്നവരുമായ പലരും ഫലസ്തീനുകാരുടെ വിഷയം വന്നപ്പോൾ മാത്രം ഒന്നുകിൽ നിശബ്ദത പാലിച്ചു, അല്ലെങ്കിൽ ഇരുവിഭാഗങ്ങളെയും പിന്തുണച്ചുകൊണ്ടുള്ള നിഷ്പക്ഷ പ്രസ്താവനകളുമായി എത്തുക മാത്രമാണ് ചെയ്തത്'. -കത്തിൽ പറയുന്നു. ആപ്പിൾ അത്തരമൊരു നിലപാടാണ് സ്വീകരിച്ചതെന്നും ജീവനക്കാരുടെ സംഘടന വ്യക്തമാക്കുന്നു. എന്നാൽ, അത് ഫലസ്തീൻ ജനത ദിവസങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന വലിയ വേദനയും ദുരന്തവും കുറച്ചുകാണുന്നതിന് തുല്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം, കത്തുമായി ബന്ധപ്പെട്ട് ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.