5ജി
4ജിതന്നെ പൂർണതോതിൽ ലഭിക്കാത്ത പലയിടങ്ങളും ലോകത്തുണ്ട്. എങ്കിലും അതിവേഗവുമായി 5ജി 2020ൽ കാലെടുത്തു കുത്തി. സെക്കൻഡിൽ 100 മെഗാബൈറ്റ് മുതൽ 20 ജിഗാബൈറ്റ് വരെയാണ് 5ജിയുടെ വേഗം. ഇതുവരെ ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് സ്ഥാപിച്ചിട്ടില്ലെങ്കിലും 5ജി പിന്തുണയുള്ള 15ലധികം സ്മാർട്ട്ഫോണുകൾ ഇതുവരെ ഇറങ്ങി. ഇതിൽ ഏറ്റവും വില കുറവ് 20,999 രൂപയുള്ള മോട്ടോ ജി 5ജി ആണ്. ഈ വർഷമിറങ്ങിയ ഐഫോൺ 12 സീരീസ്, ഗൂഗ്ൾ പിക്സൽ 5, സാംസങ് ഗാലക്സി എസ് 20 പ്ലസ്, സാംസങ് ഗാലക്സി നോട്ട് 20 തുടങ്ങിയവ 5ജിയുടെ അതിവേഗത്തിനൊപ്പം നീങ്ങാൻ ശേഷിയുള്ള ഫോണുകളാണ്.
ആപ് നിരോധനം
യുവതയുടെ ഹരമായിരുന്ന ടിക്ടോകും പബ്ജിയും യു.സി ബ്രൗസറും വീചാറ്റും കാം സ്കാനറുമടക്കം 250ഓളം മൊബെൽ ആപ്പുകളുടെ നിരോധനത്തിന് സാക്ഷിയായ വർഷമാണ്. കിഴക്കൻ ലഡാക്കിൽ ചൈന നടത്തിയ പ്രകോപനത്തെതുടർന്നായിരുന്നു ആദ്യ നിരോധനം. പിന്നാലെ വിവരച്ചോർച്ചയും ദേശസുരക്ഷക്ക് ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് പിന്നീടുള്ള നടപടികൾ. ജൂണിൽ 59 ആപ്പുകളും ജൂലൈയിൽ 47, സെപ്റ്റംബറിൽ 118, നവംബറിൽ 43 ചൈനീസ് ആപ്പുകളും നിരോധിച്ചു. ഫോണുള്ളവരെയെല്ലാം സെലിബ്രിറ്റികളാക്കി ടിക്ടോക് താരങ്ങൾ എന്ന വിഭാഗംതന്നെ സൃഷ്ടിച്ച സാമൂഹിക മാറ്റമാണ് ടിക്ടോക് എന്ന ആപ് അരങ്ങൊഴിഞ്ഞതിലൂടെ മൺമറഞ്ഞത്. മിത്രോൺ, ഇൻസ്റ്റഗ്രാം റീൽസ് അടക്കം പകരം ആപ്പുകൾ പലതും പെട്ടെന്ന് വന്നെങ്കിലും ഒന്നിനും ടിക്ടോകിെൻറ ജനപിന്തുണ നേടാനായിട്ടില്ല.
എല്ലാം ഓൺലൈനിൽ
2020ൽ പഠനം ഓൺലൈൻ ക്ലാസുകളിലേക്ക് മാറി. ജോലി വീട്ടിലിരുന്നായി. ഓഫിസ് യോഗങ്ങളും സംഘടന സമ്മേളനങ്ങളും വരെ സ്മാർട്ട്ഫോണിലും ലാപ്ടോപ്പിലേക്കും മാറി. ഈ മേഖലയിൽ പുതിയ കണ്ടുപിടിത്തങ്ങളും സംരംഭങ്ങളുമുണ്ടായി. സൂം, ഗൂഗ്ൾ മീറ്റ്, സിസ്കോ വെബെക്സ്, മൈക്രോസോഫ്റ്റ് ടീംസ് എന്നിവ അറിയാത്തവരായി ആരുമില്ല. ഭക്ഷണമോ വസ്ത്രമോ അല്ല 2020ൽ മനുഷ്യരെ അലട്ടിയ സാമൂഹികദുരിതം. നെറ്റ്വർക് കണക്ടിവിറ്റി എന്ന മൊബൈൽ റേഞ്ച് കുറവുള്ള അവസ്ഥയാണ് മനുഷ്യരുടെ നെഞ്ചിടിപ്പ് കൂട്ടിയത്. 'സൂമിങ്' എന്ന പുതിയ വാക്കുതന്നെയുണ്ടായി. മീറ്റിങ് ഔൾ (Meeting Owl) എന്ന യന്ത്രമൂങ്ങയുടെ കണ്ടുപിടിത്തം വരെയുണ്ടായി. വിദൂര പ്രവർത്തനസജ്ജീകരണങ്ങളെ ഒരുമിപ്പിച്ച് െകാണ്ടുപോകുന്ന ഉപകരണമാണിത്. മൈക്ക്, കാമറ, സ്പീക്കർ എന്നിവ ഇതിലുൾപ്പെടുന്നു.
പ്രതിസന്ധികളിലാണ് സാങ്കേതികവിദ്യ സഹായകമാകുക. ആരോഗ്യ, ശുചിത്വ മേഖലകളിൽ റോബോട്ടുകളുടെ പ്രാധാന്യം കണ്ടറിഞ്ഞ കാലമാണിത്. അങ്ങനെ കോവിഡിനോട് പൊരുതാൻ പല രാജ്യങ്ങളിലും യന്ത്രമനുഷ്യർ ആശുപത്രികളിലും അവശ്യഭക്ഷണ സാധന വിതരണരംഗത്തും സജീവമായി. സാമൂഹികാകലവും ശുചിത്വവും വേണ്ടതിനാൽ റോബോട്ടുകളോളം സുരക്ഷിതമായ സഹായി വേറൊന്നില്ലെന്ന് തെളിയിച്ചു.
എല്ലാവർക്കും കുടുംബത്തോടൊപ്പം താമസിക്കാനും സമയം ചെലവഴിക്കാനും അവസരം ലഭിച്ച വർഷമാണിത്. ഒറ്റക്കായ കുടുംബാംഗങ്ങൾക്ക് മിണ്ടിയും പറഞ്ഞുമിരിക്കാൻ ഹോം റോബോട്ടായ കുരി മൊബൈൽ റോബോട്ടുകൾ ജന്മമെടുത്തു. സെൻസർ പ്രവർത്തിപ്പിക്കുന്ന കാമറകൾ ഉപയോഗിച്ച് അസുലഭ നിമിഷങ്ങൾ പകർത്താനുമാകും.
ഈ വർഷം പല സാമൂഹിക അരക്ഷിതാവസ്ഥകളും പ്രതികൂല സാഹചര്യങ്ങളുമുണ്ടായി. അനുകമ്പയും സഹാനുഭൂതിയും കുട്ടികൾ പഠിക്കുന്നതിന് ഇതൊരു ഭീഷണിയായി. ഈ സാഹചര്യത്തിൽ കുട്ടികളിൽ സഹാനുഭൂതിയും ദയയും നൈപുണ്യവും വളർത്തിയെടുക്കാൻ സഹായിക്കുന്ന റോബോട്ടാണ് എംബോഡിഡ് മോക്സി (Embodied Moxie). സ്വാഭാവിക സംഭാഷണം, നോട്ടം, മുഖഭാവം, മറ്റ് സ്വഭാവം എന്നിവ മനസ്സിലാക്കാനും പ്രതികരിക്കാനും മോക്സിക്ക് കഴിയും.
കാലാവസ്ഥ വ്യതിയാനത്തിന് പ്രധാന കാരണം കെട്ടിടങ്ങളാണ്. കൃത്രിമബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്-എ.എൽ) സഹായത്താൽ കെട്ടിടങ്ങളിലെ ഊർജ ഉപഭോഗം കാര്യക്ഷമമാക്കാനുള്ള വിപ്ലവകരമായ സാങ്കേതികവിദ്യയായ ബ്രെയിൻബോക്സ് എ.എൽ വ്യാപകമായി. മനുഷ്യ ഇടപെടലില്ലാതെ കൃത്രിമബുദ്ധി തനിയെ കെട്ടിടങ്ങളിലെ ചൂട്, താപനില, വായുസഞ്ചാരം എന്നിവ നിയന്ത്രിച്ച് ഊർജ ഉപയോഗം കുറക്കുന്ന സംവിധാനമാണിത്. ബ്രെയിൻബോക്സ് എ.എൽ ഉപയോഗിച്ചാൽ വാണിജ്യ കെട്ടിടങ്ങളിലെ ഊർജ ചെലവ് 20 ശതമാനം കുറയും. അഞ്ച് ഭൂഖണ്ഡങ്ങളിലായി നാല് കോടി ചതുരശ്രയടി കെട്ടിടം ഈ സാങ്കേതികവിദ്യയുടെ കീഴിലാണ്.
അർബുദത്തെ പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ കഴിയുന്ന പ്രത്യേക സാങ്കേതികവിദ്യകൾ ഇതുവരെയില്ല. എന്നാൽ, രോഗികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്താൻ കഴിയുന്ന കൃത്രിമബുദ്ധി (എ.എൽ) സംവിധാനം (TrailJectory) ഗവേഷകർ സൃഷ്ടിച്ചു. ട്രയൽെജക്ടറി കൃത്രിമബുദ്ധി ഉപയോഗിച്ച് അർബുദവുമായി പോരാടുന്നതിന് രോഗികളെ പ്രാപ്തരാക്കാനും ആഗോള രോഗി സമൂഹത്തിെൻറ ഡേറ്റ വിശകലനം ചെയ്യാനും സഹായിക്കുന്നു. പ്രസക്തമായ എല്ലാ ചികിത്സാവഴികളും വിശകലനം ചെയ്യുകയും രോഗിയുടെ അവസ്ഥയുമായി ബന്ധപ്പെട്ട് ഉചിതമായ ചികിത്സാരീതി തെരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കമ്പ്യൂട്ടർ സൃഷ്ടിക്കുന്ന പരിസ്ഥിതിയിൽ മുഴുകിപ്പിക്കുന്ന വിർച്വൽ റിയാലിറ്റിയുടെയും (VR) കമ്പ്യൂട്ടർ സൃഷ്ടികളിലൂടെ യഥാർഥലോകത്തെ മാറ്റിമറിക്കുന്ന ഓഗ്മെൻറഡ് റിയാലിറ്റിയുടെയും (AR) വളർച്ചാവർഷമായിരുന്നു ഇത്. കേവലം ഗെയിം, വിനോദം തുടങ്ങിയവയിൽനിന്ന് മേഖല വിപുലമാക്കി. രണ്ടും രണ്ടായി നിൽക്കാതെ എക്സ്റ്റൻഡഡ് റിയാലിറ്റി (XR) എന്ന പുതിയ സാങ്കേതികതയായി മാറി. വിദ്യാഭ്യാസത്തിലും വ്യവസായമേഖലയിലുമടക്കം ഈ സാങ്കേതികവിദ്യകളുടെ സാന്നിധ്യമറിയിച്ചു.
വയർലെസായി ഡാറ്റ കൈമാറാനുള്ള നിലവാരമായ വൈ-ഫൈയുടെ ആറാം തലമുറ (Wi-Fi 6) കരുത്താർജിച്ച വർഷമാണിത്. 2019 അവസാനത്തോടെയാണ് രംഗപ്രവേശം ചെയ്തതെങ്കിലും വൈ-ഫൈ റൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളിൽ സജീവമായി ഇരിപ്പുറപ്പിച്ചത് ഇൗ വർഷമാണ്. വൈ-ഫൈ വികസിപ്പിക്കുന്ന കൺസോർട്യമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് വൈ-ഫൈ 7നുള്ള പണിപ്പുരയിൽ കയറിക്കഴിഞ്ഞു. വൈ-ഫൈ 5േനക്കാൾ (802.11ac) 40 ശതമാനം വേഗമേറിയതാണ് വൈ-ഫൈ 6 ( 802.11ax). ദൂരപരിധി മുൻഗാമിയുമായി തുല്യമാണെങ്കിലും സിഗ്നൽ നഷ്ടം കുറവാണ്.
ഫോൾഡബിൾ ഫോണുകൾഡിസ്പ്ലേ മടക്കാവുന്ന ഫോണുകൾ ഒരു ട്രെൻഡായി മാറിയത് ഈ വർഷമാണ്. 2019ൽ ഇറങ്ങിയ 'റോയോൽ ഫ്ലക്സ് പൈ' എന്ന മടക്കും ഫോണാണ് ഇതിന് വിത്തുപാകിയത്. പിന്നാലെ 2019 സെപ്റ്റംബറിൽ സാംസങ് ഗാലക്സി ഫോൾഡുമെത്തി. പക്ഷെ, ഒന്നും അത്ര ആകർഷണീയത നേടിയില്ല. വലിയ-ചെറിയ സ്ക്രീനിൽ ഒരുപോലെ ആപ്പുകളുടെ പ്രവർത്തനവും സ്ക്രീൻ തുടർച്ചയും മൾട്ടി ഡിസ്പ്ലേ പിന്തുണയുമായിരുന്നു ഫോൾഡബിൾ ഫോണുകളുടെ വികസനത്തിൽ തടസ്സമായി നിന്നത്. അത് മാറിക്കിട്ടിയത് ഈ വർഷമാണ്. 2020ൽ പലതരം ഫോൾഡബിൾ ഫോണുകൾ രംഗത്തിറങ്ങി. ഫെബ്രുവരിയിൽ സാംസങ് ഗാലക്സി സെഡ്ഫ്ലിപ്, 5ജി പിന്തുണയുമായി സെപ്റ്റംബറിൽ സാംസങ് ഗാലക്സി സെഡ് ഫോൾഡ് 2, സെപ്റ്റംബറിൽതന്നെ ഇരട്ട സ്ക്രീനുള്ള മൈക്രോസോഫ്റ്റ് സർഫസ് ഡ്യുവോ, ടി പോലുള്ള ഇരട്ട സ്ക്രീനുമായി നവംബറിൽ എൽജി വിങ് തുടങ്ങിയവ വന്നു.
ഒ.ടി.ടി, സ്ട്രീമിങ്
തിയറ്ററുകളിലും ടി.വിയിലും മാത്രം കണ്ടിരുന്ന ചാനൽ ഷോകളും സിനിമകളും ഒ.ടി.ടി പ്ലാറ്റ്ഫോം എന്ന പുതിയ പേരിൽ സ്മാർട്ട്ഫോണിെൻറയും സ്മാർട്ട് ടി.വിയുടെയും സ്ക്രീനിൽ വ്യാപകമായി ഓടിത്തെളിഞ്ഞ വർഷമാണിത്. നേരത്തെ യുട്യൂബിൽ മാത്രം വിഡിയോ കണ്ടിരുന്നവർ, ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, ഡിസ്നി ഹോട്ട് സ്റ്റാർ തുടങ്ങിയ സ്ട്രീമിങ് സേവനങ്ങളുടെ വരിക്കാരും കാഴ്ചക്കാരുമായി. കോവിഡ് വ്യാപിച്ച് തിയറ്ററുകൾ അടച്ചിട്ടതും സിനിമ അപ്പാടെ മുടങ്ങിയതും ഇത്തരം ഒ.ടി.ടി (ഓവർ ദ ടോപ്-ടി.വിക്കും തിയറ്ററിനും മുകളിലുള്ളത്) വിനോദത്തിന് ആളെക്കൂട്ടി. ചില സിനിമകളും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ ഇക്കാലത്ത് റിലീസ് ചെയ്തു. പഴയ ജിയോയുടെ മൊബൈൽ ഡേറ്റ സൗജന്യത്തെ ഓർമിപ്പിച്ച് െനറ്റ്ഫ്ലിക്സ് രണ്ടുദിവസവും ആമസോൺ പ്രൈം 30 ദിവസവും സേവനം സൗജന്യമായി പ്രഖ്യാപിച്ചു. എച്ച്.ബി.ഒ മാക്സ്, ഡിസ്നി പ്ലസ്, ഡിസ്കവറി, പീകോക് തുടങ്ങിയവർ ഈ രംത്ത് എത്തിയ നവാഗതരാണ്. മൊബൈൽ ഫോൺ ഉടമകളാണ് ഒ.ടി.ടി പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിൽ മുന്നിൽ. യു.എസിൽ മാത്രം 179 ദശലക്ഷം സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഇത്തരം സേവനങ്ങളുടെ കാഴ്ചക്കാരാണ്. ഇന്ത്യയിൽ മാത്രം 40 ഒ.ടി.ടി സേവനദാതാക്കളുണ്ട്.
വിലപ്പെട്ട രേഖകളും കാർഡുകളും കവരുന്നത് തടയാനുള്ള സ്മാർട്ട് വാലറ്റ് ആണ് എക്സ്റ്റർ പാർലമെൻറ് (Ekster Parliament ). ആർ.എഫ്.ഐ.ഡി (റേഡിയോ ഫ്രീക്വൻസി ഐഡൻറിഫിക്കേഷൻ) കോട്ടിങ് മോഷണം തടയുന്നു. അലൂമിനിയം സ്റ്റോറേജ് പോക്കറ്റിൽനിന്ന് കാർഡുകൾ പുറത്തുവരാൻ ഒരു ബട്ടൺ അമർത്തിയാൽ മതി. 10 കാർഡ് സൂക്ഷിക്കാം. പണവും രസീതുകളും വെക്കാനും കഴിയും. സൂര്യപ്രകാശത്തിൽനിന്ന് ഊർജം സ്വീകരിക്കുന്നതിനാൽ ബാറ്ററിയുടെ ആവശ്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.