ന്യൂഡൽഹി: തങ്ങൾക്ക് 936.44 കോടി രൂപ പിഴയിട്ട കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യയുടെ നടപടി വിലയിരുത്തിയശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഗൂഗ്ൾ. പ്ലേ സ്റ്റോറിന്റെ കുത്തകസ്ഥാനം ദുരുപയോഗം ചെയ്തതിനാണ് മാതൃകമ്പനിയായ ഗൂഗ്ളിന് 936.44 കോടി രൂപ പിഴയിട്ടത്.
മൊബൈൽ ആപ് സ്റ്റോറിൽ ആധിപത്യമുള്ള പ്ലേ സ്റ്റോറിന്റെ നയങ്ങൾ ഈ മേഖലയിലെ മത്സരക്ഷമതക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോംപറ്റീഷൻ കമീഷൻ പിഴ ചുമത്തിയത്. കമീഷന്റെ നടപടിക്കെതിരെ നാഷനൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന് അപ്പീൽ നൽകുമെന്നാണ് കരുതുന്നത്. ആൻഡ്രോയ്ഡും ഗൂഗ്ൾ പ്ലേയും നൽകുന്ന സാങ്കേതികവിദ്യയിൽ നിന്ന് ഇന്ത്യൻ ആപ് ഡെവലപ്പർമാർ മികച്ച പ്രയോജനം നേടിയിട്ടുണ്ടെന്നും ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ഗൂഗ്ൾ ഇന്ത്യ വക്താവ് പറഞ്ഞു. ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് ഗൂഗ്ളിന് ശിക്ഷ ലഭിക്കുന്നത്. സമാനമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കമീഷൻ കഴിഞ്ഞ 20ന് ഗൂഗ്ളിന് 1337.76 കോടി രൂപ പിഴ വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.