53 കോടി ഫേസ്ബുക്ക് യൂസർമാരുടെ വിവരങ്ങൾ ചോർത്തി ഹാക്കർ വെബ്സൈറ്റുകളിൽ വിൽപ്പനക്ക് വെച്ച വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഫോൺ നമ്പറുകൾ അടക്കമുള്ള വിവരങ്ങളായിരുന്നു ലീക്കായത്. എന്നാൽ, ഏറ്റവും വലിയ പ്രഫഷണൽ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ലിങ്ക്ഡ്ഇന്നിനും അതുപോലൊരു പണി കിട്ടിയതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
500 മില്യൺ (50 കോടി) ലിങ്ക്ഡ്ഇൻ യൂസർമാരുടെ വിവരങ്ങളാണ് ഹാക്കർ ഫോറത്തിൽ വിൽപ്പനയ്ക്കുള്ളത്. സൈബർ ന്യൂസ് എന്ന വെബ് പോർട്ടലാണ് ഇത് റിപ്പോർട്ട് ചെയ്തത്. ലിങ്ക്ഡ്ഇൻ ഐഡികൾ, പേരുകൾ, ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ലിംഗഭേദ വിവരങ്ങൾ, ലിങ്ക്ഡ്ഇനിലേക്കും മറ്റ് സോഷ്യൽ മീഡിയ പ്രൊഫൈലുകളിലേക്കുമുള്ള ലിങ്കുകൾ, പ്രൊഫഷണൽ ശീർഷകങ്ങൾ എന്നിവ ലീക്കായ വിവരങ്ങളിൽ ഉൾപ്പെടുന്നു. നാലക്കമുള്ള സംഖ്യക്കാണ് ഹാക്കർമാർ ഡാറ്റ വിൽക്കുന്നത്.
അതേസമയം സംഭവത്തിൽ ലിങ്ക്ഡ്ഇൻ പ്രതികരണവുമായി എത്തിയിട്ടുണ്ട്. തങ്ങളുടെ യൂസർമാരുടെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നും പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ആർക്കും കാണാവുന്ന മെമ്പർ പ്രൊഫൈൽ ഡാറ്റ മാത്രമാണ് ഹാക്കർമാർക്ക് ലഭിച്ചിട്ടുള്ളതെന്നും അവർ വിശദീകരിച്ചു. സ്വകാര്യ അംഗങ്ങളുടെ വിവരങ്ങളൊന്നും തന്നെ ഹാക്കർമാർ പുറത്തുവിട്ട ഡാറ്റയിൽ പെട്ടിട്ടില്ലെന്നും മൈക്രോസോഫ്റ്റിന് കീഴിലുള്ള കമ്പനി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.