ന്യൂഡൽഹി: സർക്കാർ ഖജനാവിലേക്ക് ഇതിനകം 1,49,623 കോടി രൂപ വകയിരുത്തിയ 5ജി സ്പെക്ട്രം ലേലം വെള്ളിയാഴ്ച നാലാം ദിനത്തിലേക്കു കടക്കും. അതിവേഗ ഇന്റർനെറ്റ് സേവനത്തിനായുള്ള 5ജി സ്പെക്ട്രം ലേലത്തിനായി കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ 16 വട്ടമാണ് ലേലം നടന്നത്. മൂന്നാം ദിനം 1,49,623 കോടി രൂപയിൽ ലേലത്തുക എത്തിയതായി കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.
4ജിയേക്കാൾ പത്തിരട്ടി വേഗം ലഭിക്കുന്ന 5ജി സാങ്കേതികത സ്വന്തമാക്കാൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ, സുനിൽ മിത്തലിന്റെ ഭാരതി എയർടെൽ, വോഡഫോൺ-ഐഡിയ, ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസ് എന്നിവയാണ് രംഗത്തുള്ളത്. കിഴക്കൻ ഉത്തർപ്രദേശ് സർക്കിളിലെ 1800 മെഗാഹേർട്സ് ബാൻഡിനായി ജിയോയും എയർടെല്ലും തമ്മിൽ വ്യാഴാഴ്ച അതിശക്തമായ ലേലം നടന്നു.
4.3 ലക്ഷം കോടി മതിക്കുന്ന 72 ജിഗാ ഹേർട്സ് സ്പെക്ട്രമാണ് ആകെ ലേലംചെയ്യുന്നത്. ജൂലൈ 26ന് ആദ്യ ലേലദിനത്തിൽതന്നെ 1.45 ലക്ഷം കോടി രൂപ ലഭിച്ചിരുന്നു. രണ്ടാം ദിനത്തിൽ ലേലത്തുക 1,49,454 കോടിയായി. ലേലം അവസാനിക്കുമ്പോൾ മാത്രമേ ഏതു കമ്പനിക്കാണ് എത്ര സ്പെക്ട്രം സ്വന്തമായെന്ന് വ്യക്തമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.