ന്യൂഡൽഹി: 5 ജി നെറ്റ്‍വർക്കിന് അനുയോജ്യമായ രീതിയിൽ സ്മാർട്ട്ഫോണുകളുടെ സോഫ്റ്റ്വെയർ നവംബർ- ഡിസംബറോടെ നവീകരിക്കുമെന്ന് ഫോൺ നിർമാതാക്കളായ സാംസങ്ങും ആപ്പിളും അറിയിച്ചു. ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്ത് 5 ജി സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. ഇതേത്തുടർന്ന് മൊബൈൽ സേവനദായകരായ ഭാരതി എയർടെലും റിലയൻസ് ജിയോയും തെരഞ്ഞെടുത്ത നഗരങ്ങളിൽ 5 ജി സേവനം നൽകുമെന്ന് അറിയിച്ചിരുന്നു.
എങ്കിലും സ്മാർട്ട് ഫോൺ സോഫ്റ്റ്വെയറുകൾ 5ജിക്ക് അനുഗുണമല്ലാതിരുന്നത് പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇതോടൊപ്പം നെറ്റ് വർക്കിലെ പ്രശ്നങ്ങൾ കാരണവും 5ജി പ്രഖ്യാപിച്ച നഗരങ്ങളിലെ ഉപഭോക്താക്കൾക്കു പോലും സേവനം ലഭിച്ചിരുന്നില്ല. ഐഫോൺ 14, 13, 12, ഐഫോൺ എസ്.ഇ എന്നിവയുൾപ്പെടെയുള്ള മോഡലുകളൂടെ സോഫ്റ്റ്വെയർ നവീകരിക്കുമെന്ന് ആപ്പിൾ അറിയിച്ചു. നവംബർ പകുതിയോടെ എല്ലാ 5ജി ഹാൻഡ്‌സെറ്റുകളിലും സോഫ്റ്റ്വെയർ നവീകരണം പൂർത്തിയാക്കുമെന്ന് സാംസങ്ങും അറിയിച്ചു.
സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഹാൻഡ്‌സെറ്റ് നിർമാതാക്കൾ നടത്താത്തതാണ് പ്രശ്നമെന്ന് ടെലികോം ഓപറേറ്റർമാർ ചൂണ്ടിക്കാണിച്ചിരുന്നു.
5ജി നെറ്റ്‌വർക്ക് വ്യാപകമായി ലഭ്യമായിട്ടില്ലെന്നും, ഉപഭോക്താക്കൾക്ക് സുഗമമായ സേവനം ലഭിക്കണമെങ്കിൽ സ്മാർട്ട്‌ഫോൺ കമ്പനികളും സേവനദാതാക്കളും ചേർന്ന ശ്രമങ്ങൾ ആവശ്യമാണെന്നും ഹാൻഡ്‌സെറ്റ് നിർമാതാക്കൾ പറയുന്നു.
ഇതുസംബന്ധിച്ച പ്രശ്നപരിഹാരത്തിനായി ഫോൺ നിർമാതാക്കളുടെയും സേവനദാതാക്കളുടെയും യോഗം രണ്ടാഴ്ചക്കുള്ളിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. എയർടെലാണ് 5ജി സേവനലഭ്യതയിൽ മുന്നിൽനിൽക്കുന്നത്. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പുർ, വാരാണസി എന്നിവിടങ്ങളിൽ എയർടെൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരാണസി എന്നിവിടങ്ങളിൽ ജിയോ സേവനം ലഭ്യമാക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു.
രണ്ടു വർഷത്തിനുള്ളിൽ രാജ്യവ്യാപക 5 ജി സേവനം ലഭ്യമാകുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ 5ജി ഹാൻഡ്സെറ്റുകൾ വാങ്ങിയവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയുണ്ടായെന്നാണ് കണക്ക്.
5ജി മോഡലുകൾ ലഭ്യമാണെങ്കിലും അവയുടെ സോഫ്റ്റ് വെയറുകൾ നവീകരിച്ചെങ്കിൽ മാത്രമേ വേഗതയിലുള്ള സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.