5ജിക്ക് കൊച്ചി നഗരത്തിൽ തുടക്കമായി; ഗുരുവായൂർ ക്ഷേത്ര പരിസരത്തും ലഭിക്കും

കൊച്ചി: അതിവേഗ ഇന്‍റർനെറ്റിന്‍റെ പുതുയുഗത്തിലേക്ക് ചുവടുവെച്ച് കേരളവും. പുതുതലമുറ ഇന്‍റർനെറ്റായ 5ജിക്ക് സംസ്ഥാനത്ത് ആദ്യമായി കൊച്ചി നഗരത്തിൽ തുടക്കമായി. റിലയൻസ് ജിയോയാണ് സേവനത്തിന് തുടക്കമിട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു നിന്ന് ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു.

വിവിധ മേഖലകളിൽ വൻ പരിവർത്തനത്തിന് 5ജി സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ, ഐ.ടി അധിഷ്ഠിത വ്യവസായങ്ങൾ, പുതുതലമുറ ബിസിനസ് സംരംഭങ്ങൾ തുടങ്ങിയ മേഖലകളുടെ വളർച്ചക്ക് ഊർജം പകരാനും 5ജിക്ക് കഴിയും. ആദ്യഘട്ടത്തിൽ കൊച്ചി നഗരത്തിനൊപ്പം ഗുരുവായൂർ ക്ഷേത്ര പരിസരത്തും 5ജി ലഭിക്കും.

അടുത്തഘട്ടത്തിൽ തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ഏതാനും മാസങ്ങൾക്കകം പ്രധാന ടൗണുകളിലെല്ലാം ഇത് ലഭ്യമാകും. 2023 അവസാനത്തോടെ കേരളത്തിൽ ഉടനീളം 5ജി കണക്ടിവിറ്റി ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലാണ് ഏറ്റവും കൂടുതൽ ഇന്‍റർനെറ്റ് ഡേറ്റ ഉപയോഗിക്കുന്നതെന്ന് ജിയോ അധികൃതർ പറഞ്ഞു. 5ജി മൊബൈൽ ഹാൻഡ് സെറ്റുള്ളവർക്ക് ജിയോയിൽ നിന്ന് സന്ദേശം ലഭിക്കും. അവർ അത് സ്വീകരിച്ചുകഴിഞ്ഞാൽ 5ജി സിഗ്നൽ ലഭ്യമാകും. 5ജി ഏരിയയിൽനിന്ന് പുറത്തേക്ക് മാറിയാൽ 4ജി ലഭിക്കുമെന്നും കമ്പനി അറിയിച്ചു. കൊച്ചി കോർപറേഷൻ മേയർ എം. അനിൽകുമാർ, എം.എൽ.എമാരായ ടി.ജെ. വിനോദ്, കെ.എൻ. ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.

Tags:    
News Summary - 5G speed for Kochi, Guruvayur temple area too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT