ദോഹ: ഏഷ്യൻ കപ്പ് ആവേശത്തിനിടെ ദോഹ വേദിയായ പ്രഥമ ഇ -ഏഷ്യൻ കപ്പിൽ കിരീടം ചൂടി ഇന്തോനേഷ്യ. ദോഹ ഫെസ്റ്റിവൽ സിറ്റിയിലെ വെർച്വോസിറ്റി ഇ-സ്പോർട്സ് അറീനയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ജപ്പാനെ തോൽപിച്ചാണ് ഇന്തോനേഷ്യൻ സംഘം പ്രഥമ കിരീടമണിഞ്ഞത്. കാൽപന്തിനൊപ്പം, ഡിജിറ്റൽ ലോകത്ത് ആരാധകരെ സൃഷ്ടിച്ച് സ്വീകാര്യതയേറുന്ന ഇ-ഫുട്ബാളിന് ആദ്യമായാണ് എ.എഫ്.സി നേതൃത്വം നൽകിയത്.
തിങ്കളാഴ്ചയായിരുന്നു സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ. സെമിയിൽ ഇന്തോനേഷ്യ തായ്ലൻഡിനെ തോൽപിച്ചപ്പോൾ ജപ്പാൻ സൗദി അറേബ്യയെയും മറികടന്നു. തുടർന്നു നടന്ന ഫൈനലിൽ റിസ്കി ഫൈദാൻ, മുഹമ്മദ് അക്ബർ പൗഡി, എൽഗ പുത്ര എന്നിവരായിരുന്നു ഇന്തോനേഷ്യക്കുവേണ്ടി മത്സരിച്ചത്. രണ്ടു ഭാഗങ്ങളായി നടന്ന ഫൈനലിൽ ആദ്യമത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലും രണ്ടാം ഭാഗത്തിൽ 1-0ത്തിനും ഇന്തോനേഷ്യ ജയിച്ചു. ആദ്യമായി അരങ്ങേറിയ ഇ-ഏഷ്യൻ കപ്പ് ആരാധക ലോകത്തും ഹിറ്റായി. രണ്ടു ലക്ഷത്തോളം പേരാണ് ഫൈനലിന് കാഴ്ചക്കാരായത്. പ്രഥമ ടൂർണമെന്റിൽ ജേതാക്കളായ ഇന്തോനേഷ്യയെ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം ആൽ ഖലീഫ അഭിനന്ദിച്ചു.
ഫെബ്രുവരി ഒന്നിന് ആരംഭിച്ച പ്രഥമ ഇ ഏഷ്യൻ കപ്പിൽ വൻകരയിലെ 20 ടീമുകളാണ് പങ്കെടുത്തത്. ഇന്ത്യൻ സംഘവും ടൂർണമെന്റിനുണ്ടായിരുന്നു. ഏഷ്യാകപ്പിൽ ഒരു പോയന്റോ ഗോളോ നേടാതെ ടീം മടങ്ങിയപ്പോൾ ഇ-ഏഷ്യൻ കപ്പിൽ ഇന്ത്യൻ സംഘം പ്രീക്വാർട്ടർ വരെയെത്തി. പ്രീക്വാർട്ടറിൽ സൗദിയോടായിരുന്നു തോറ്റത്. ബെസ്റ്റ് ഓഫ് ത്രീ ഫോർമാറ്റിൽ നടന്ന മത്സരത്തിൽ 1-0, 4-0 എന്ന സ്കോറിന് ആദ്യ രണ്ട് കളിയും സൗദി ജയിച്ച് ക്വാർട്ടറിൽ കടന്നു. ഇബ്രാഹിം ഗുൽറജ്, ചരൺജോത്, ഹേമന്ത് കൃഷ്ണ എന്നിവരാണ് ഇന്ത്യക്കുവേണ്ടി മത്സരിച്ചത്. ഗ്രൂപ് റൗണ്ടിൽ രണ്ട് കളിയിൽ സമനിലയുമായാണ് ഇന്ത്യൻ ടീം പ്രീക്വാർട്ടറിൽ ഇടംപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.