ന്യൂഡൽഹി: എയർടെല്ലിനും വോഡഫോൺ ഐഡിയക്കും (വി) പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ ഓപറേറ്ററായ റിലയൻസ് ജിയോയും നിരക്ക് കൂട്ടുന്നു. 19.6 മുതൽ 21.3 ശതമാനം വരെയാണ് വർധന. പുതിയ നിരക്ക് ഡിസംബർ ഒന്നു മുതൽ നിലവിൽ വരും.
ലോകത്തെതന്നെ ഏറ്റവും കുറഞ്ഞ ഡേറ്റ നിരക്കിൽ ഏറ്റവും മികച്ച സേവനമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നതെന്നും നിരക്കുവർധനയിലും ഉപഭോക്താക്കൾക്കുതന്നെയാണ് നേട്ടമെന്നും റിലയൻസ് ജിയോ പ്രസ്താവനയിൽ പറഞ്ഞു. എയർടെല്ലും വോഡഫോൺ ഐഡിയയും 20-25 ശതമാനം നിരക്കുവർധനയാണ് പ്രീപെയ്ഡ് പ്ലാനുകളിൽ വരുത്തിയത്.
75 രൂപയുടെ പ്ലാനിന് ഇനിമുതൽ 91 രൂപ നൽകേണ്ടി വരും. 20 ശതമാനമാണ് നിരക്കുവർധന. ഉപയോക്താക്കള്‍ക്കുള്ള ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് അണ്‍ലിമിറ്റഡ് പ്ലാനിന് 129 രൂപക്ക് (28 ദിവസം കാലാവധി) പകരം ഇനി 155 രൂപ മുടക്കേണ്ടി വരും. 155 രൂപ പ്ലാന്‍ 28 ദിവസത്തേക്ക് രണ്ട് ജി.ബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും 300 എസ്.എം.എസും വാഗ്ദാനം ചെയ്യുന്നു.
149 രൂപയുടെ പ്ലാനിന് (24 ദിവസം കാലാവധി) 179 രൂപയും 199 രൂപയു പ്ലാനിന് (28 ദിവസം കാലാവധി) 239 രൂപയുമാണ് ഇനി ഈടാക്കുക. 179 രൂപയുടെ പ്ലാന്‍ പ്രതിദിനം ഒരു ജി.ബി ഡേറ്റയും പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്.എം.എസ് ആനുകൂല്യമായി ലഭിക്കും. 239 രൂപയുടെ പ്ലാന്‍ 179 രൂപയുെട പ്ലാനിന് തുല്യമാണ് എന്നാൽ പ്രതിദിനം 1.5 ജി.ബി ഡേറ്റയുണ്ടാകും.
ജനപ്രിയമായ 249 രൂപയുടെ (28 ദിവസം കാലാവധി) പ്ലാനിന്‍റെ വില 299 രൂപയാക്കിയാണ് ഉയർത്തിയത്. പ്രതിദിനം രണ്ട് ജി.ബി ഡേറ്റയും പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്.എം.എസുമാണ് പ്ലാനിന്‍റെ വാഗ്ദാനം.
329 രൂപയുടെ ജനപ്രിയ പ്ലാനിന് (84 ദിവസം കാലാവധി) ഇനി 395 രൂപ മുടക്കണം. ആറ് ജി.ബി ഡേറ്റയും പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്.എം.എസും ലഭിക്കും.
399 രൂപയുടെ പ്ലാനിന് 479 രൂപയും 1299 രൂപയുടെ പ്ലാനിന് 1599 രൂപയും 2399 രൂപയുടെ പ്ലാനിന് 2879 രൂപയുമാണ് ഇനി നൽകേണ്ടി വരിക. ഡേറ്റ ടോപ്അപ് പ്ലാനുകൾക്കും ചിലവേറുന്നുണ്ട്. ആറ് ജി.ബിക്ക് 61 രൂപ (പഴയ നിരക്ക് 51), 12 ജ.ബിക്ക് 121 രൂപ (101 രൂപ), 50 ജി.ബിക്ക് 301 രൂപ (251 രൂപ) എന്നിങ്ങനെയാണ് പുതിയ നിരക്ക്.
നവംബർ 26 മുതലാണ് എയർടെൽ മൊബൈൽ താരീഫിൽ 20 മുതൽ 25 ശതമാനം വർധന വരുത്തിയത്. വി 25 ശതമാനത്തിനടുത്താണ് താരീഫ് വർധിപ്പിച്ചത്. നവംബർ 25 മുതൽ ഇത് നിലവിൽ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.