തങ്ങളുടെ നിർമിത ബുദ്ധി അസിസ്റ്റന്റ് ‘മെറ്റ എ.ഐ’ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയതായി മെറ്റ. വാട്സ്ആപ്, ഫേസ്ബുക്, ഇൻസ്റ്റഗ്രാം എന്നീ പ്ലാറ്റ്ഫോമുകളിലും meta.ai പോർട്ടലിലും ഇനി ലഭിക്കുമെന്ന് കമ്പനി തിങ്കളാഴ്ച അറിയിച്ചു.
ഫേസ്ബുക്കും വാട്സ്ആപ്പുമൊക്കെ ഉപയോഗിച്ചുകൊണ്ടിരിക്കെ ഇനി എ.ഐ ഫീച്ചറുകൾക്കായി മറ്റ് ആപ്പുകൾ തേടിപ്പോകേണ്ടി വരില്ലെന്നും ഉള്ളടക്കം നിർമിക്കാനും വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള വിവരങ്ങൾ തേടിപ്പിടിക്കാനും ഏറെ എളുപ്പമാകുമെന്നും മെറ്റ വ്യക്തമാക്കുന്നു.
ലിയാമ 3 എന്ന തങ്ങളുടെ ഏറ്റവും ആധുനികമായ എൽ.എൽ.എം (ലാർജ് ലാംഗ്വേജ് മോഡൽസ്) ആണ് ഫീച്ചർ സാധ്യമാക്കുന്നത്. ഒരു ഗ്രൂപ് ചാറ്റിൽ തന്നെ, പുതിയ റസ്റ്ററന്റുകളെപ്പറ്റിയും റോഡ്ട്രിപ്പിൽ നിർത്താൻ പറ്റിയ ഇടങ്ങളെക്കുറിച്ചുമെല്ലാം മെറ്റ എ.ഐയോട് ചോദിച്ച് വിവരങ്ങൾ കരസ്ഥമാക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
‘‘നിങ്ങൾ പുതിയ അപ്പാർട്ട്മെന്റിലേക്ക് മാറുകയാണോ? ഫർണിച്ചർ വാങ്ങും മുമ്പേ, അവ നിങ്ങളുടെ ഇന്റീരിയറിൽ എങ്ങനെയുണ്ടാകുമെന്ന് മെറ്റ എ.ഐ പറഞ്ഞുതരും. ഫേസ്ബുക് ഫീഡിലൂടെ സ്ക്രോളിങ് നടത്തുമ്പോൾ, ഒരു പോസ്റ്റിനെക്കുറിച്ച് കൂടുതലറിയാൻ എ.ഐയോട് ചോദിച്ചാൽ മതി. ’’ -’’-കമ്പനി വാർത്താകുറിപ്പ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.