രാജ്യത്തെ ജനങ്ങൾക്ക് 4ജി നിരക്കിൽ 5ജി സേവനം നൽകാൻ തയാറാണെന്ന് പ്രഖ്യാപിച്ച് ഭാരതി എയർടെൽ. എന്നാൽ, സമയത്തിന് സ്‍പെക്ട്രം ലേലം നടക്കുകയും സർക്കാർ ആവശ്യമായ അനുമതി നൽകുകയും ചെയ്താൽ മാത്രമായിരിക്കും അത് സാധ്യമാവുകയെന്നും കമ്പനിയുടെ വക്താവ് അറിയിച്ചു. അതേസമയം, ഈ വര്‍ഷം മെയ് മാസത്തില്‍ 5ജി യുടെ സ്‌പെക്ട്രം ലേലം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ 15 മാസങ്ങളായി 5ജി കണക്ടിവിറ്റിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാക്കി വിന്യസിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് എയർടെൽ വക്താവ് അറിയിച്ചു. 4ജി നിരക്കിൽ തന്നെ 5ജി നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
'കഴിഞ്ഞ 12 മാസങ്ങൾ രാജ്യത്തെ ടെലികോം കമ്പനികള്‍ക്കെല്ലാം അത്ര എളുപ്പമായിരുന്നില്ല. ഈ കാലയളവിൽ എല്ലാ കമ്പനികളും അവരുടെ 4ജി ഡാറ്റാ പ്ലാനുകളുടെ നിരക്ക് ഗണ്യമായി വർധിപ്പിച്ചു. എന്നാൽ, 5ജി പ്ലാനുകൾക്ക് 4ജിയിൽ നിലവിലുള്ള പ്ലാനുകളേക്കാൾ കാര്യമായ വർധനവ് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം രണ്ട് വർഷം മുൻപായിരുന്നു ഇന്ത്യയിൽ ആദ്യമായി 5ജി ഫോൺ ലോഞ്ച് ചെയ്തത്. ഇപ്പോൾ നിരവധി ബ്രാൻഡുകളുടെ 5ജി ഹാൻഡ്സെറ്റുകള്‍ രാജ്യത്ത് പുറത്തിറങ്ങുന്നുണ്ട്. 5ജി വൈകുമെന്ന് കണക്ക് കൂട്ടി 4ജി ഫോണുകളും കമ്പനികൾ ലോഞ്ച് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.