ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക റീട്ടെയില്‍ സ്‌റ്റോര്‍ മുംബൈയില്‍ ചൊവ്വാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചുകഴിഞ്ഞു. ആപ്പിൾ സി.ഇ.ഒ ടിം കുക്കും സീനിയര്‍ വൈസ് പ്രസിഡന്റ് ഡിയഡ്ര ഒബ്രിയനും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. തിങ്കളാഴ്ച തന്നെ ഇന്ത്യയിലെത്തിയ ടിം കുക്ക് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തി, അതിന്റെ വിശേഷങ്ങൾ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു.
‘ഈ ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി. ഇന്ത്യയുടെ ഭാവിയിൽ സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന നല്ല സ്വാധീനത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് ഞങ്ങൾ പങ്കിടുകയാണ് - വിദ്യാഭ്യാസ രംഗവും ഡെവലപ്പർമാരും മുതൽ നിർമ്മാണവും പരിസ്ഥിതിയും വരെ, രാജ്യത്തുടനീളം വളരുന്നതിനും നിക്ഷേപിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. -മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ടിം കുക്ക് ട്വീറ്റ് ചെയ്തു.
ലോകത്തിലെ ഏറ്റവും മൂല്യമേറിയ ടെക്നോളജി ബ്രാൻഡായ ആപ്പിൾ നേരിട്ടു നടത്തുന്ന രാജ്യത്തെ ആദ്യ ചില്ലറ വിൽപനശാല ബാന്ദ്ര കുർള കോംപ്ലക്സിലെ മാളിലാണ് തുറന്നത്. ചില്ലറ വിൽപന വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ദെയ്രെദ ഓബ്രിയനൊപ്പം എത്തിയ ടിം കുക്ക്, രാവിലെ 11ന് സ്റ്റോറിന്റെ വാതിൽ തുറന്ന് ഉപഭോക്താക്കളെ അകത്തേക്കു ക്ഷണിച്ചു. ആദ്യ ദിവസം തന്നെ ഉല്പന്നങ്ങൾ വാങ്ങാനായി ഒട്ടേറെ പേരാണ് ഇവിടെ തടിച്ചുകൂടിയത്. രാജ്യത്തെ രണ്ടാമത്തെ സ്റ്റോർ ഡൽഹി സാകേതിൽ വ്യാഴാഴ്ച തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.