Image - nextpit.com

12 വർഷത്തെ സാംസങ് ഭരണം അവസാനിച്ചു; സ്മാർട്ട്ഫോൺ വിപണി ഇനി ആപ്പിൾ ഭരിക്കും

സാംസങ്ങിനെ പിന്തള്ളി ലോകത്തെ ഒന്നാം നമ്പർ സ്‌മാർട്ട്‌ഫോൺ വിൽപനക്കാരായി മാറിയിരിക്കുകയാണ് ആപ്പിൾ. 2010ന് ശേഷം ആദ്യമായാണ് ആപ്പിൾ സ്മാർട്ട്ഫോൺ വിൽപനയിൽ കൊറിയൻ ടെക് ഭീമനെ പിന്തള്ളുന്നത്. എക്കാലത്തെയും ഉയർന്ന വിപണി വിഹിതം നേടിയ ആപ്പിൾ വ്യവസായത്തിൽ ഒന്നാം സ്ഥാനം പിടിക്കുകയും ചെയ്തതോടെയാണ് ഈ അധികാര മാറ്റം. മാർക്കറ്റിൽ സാംസങ്ങിന്റെ 12 വർഷത്തെ ഭരണത്തിനാണ് അന്ത്യം കുറിച്ചത്.

ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ (ഐഡിസി) കണക്കനുസരിച്ച്, 2023 ൽ ആഗോള സ്മാർട്ട്‌ഫോൺ വിപണി ചില വെല്ലുവിളികൾ നേരിട്ടു, മുൻവർഷത്തെ അപേക്ഷിച്ച് ഫോൺ കയറ്റുമതിയിൽ 3.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും, വർഷത്തിന്റെ രണ്ടാം പകുതിയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയിരുന്നു, നാലാം പാദത്തിൽ മുൻ പ്രവചനങ്ങളേക്കാൾ 8.5 ശതമാനം വളർച്ച നേടി.

ഐ.ഡി.സിയുടെ കണക്കനുസരിച്ച്, 2023 ൽ ആപ്പിൾ 234.6 ദശലക്ഷം സ്‌മാർട്ട്‌ഫോണുകൾ കയറ്റുമതി ചെയ്തു, സാംസങ് 226.6 ദശലക്ഷം സ്മാർട്ട്ഫോണുകളാണ് കയറ്റുമതി ചെയ്തത്. 145.9 ദശലക്ഷം സ്‌മാർട്ട്‌ഫോൺ കയറ്റുമതിയുമായി ഷവോമി മൂന്നാം സ്ഥാനത്താണ്.

ഐഫോണുകളുടെ ഏറ്റവും വലിയ വിപണിയായ ചൈനയിൽ നിന്നുള്ള വർദ്ധിച്ച നിയന്ത്രണ വെല്ലുവിളികളും ഹ്വാവേയിൽ നിന്ന് നേരിടുന്ന മത്സരവുമെല്ലാം മറികടന്നാണ് ആപ്പിൾ 2023-ലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായി മാറിയിരിക്കുന്നത്. മാർക്കറ്റിനെ മൊത്തമായി ഇടിവ് ബാധിച്ചിട്ടും, ആപ്പിൾ വർഷം മുഴുവനും നല്ല വളർച്ചയുടെ പാതയിലായിരുന്നു, പിന്നാലെ ആദ്യമായി ഒന്നാം സ്ഥാനം നേടുകയും ചെയ്തു.

മാർക്കറ്റിൽ പ്രീമിയം ഉപകരണങ്ങൾക്കുള്ള വൻ ഡിമാന്റാണ് ആപ്പിളിന്റെ തുടർച്ചയായ വിജയത്തിന് പിന്നിൽ. ഇപ്പോൾ വിപണിയുടെ 20%-ലധികം പ്രതിനിധീകരിക്കുന്നത് പ്രീമിയം വിഭാഗമാണ്. ട്രേഡ്-ഇൻ ഓഫറുകളും പലിശ രഹിത ഫിനാൻസ് സേവനങ്ങളും കാരണം, ആളുകൾ പ്രീമിയം ഉത്പന്നങ്ങൾ വാങ്ങാൻ മുന്നോട്ടുവരുന്നുണ്ട്.

Tags:    
News Summary - Apple dethrones Samsung as top phone seller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT