അമേരിക്കൻ സ്മാർട്ട്ഫോൺ നിർമാതാക്കളായ ആപ്പിൾ അവരുടെ ഏറ്റവും പുതിയ ഐഫോൺ 12 സീരീസിലൂടെ നടപ്പാക്കിയ വിവാദപരമായ തീരുമാനമായിരുന്നു 'ബോക്സിൽ നിന്നും ചാർജിങ് അഡാപ്റ്റർ ഒഴിവാക്കൽ'. പല കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവർ ഫാൻസിനെയടക്കം പ്രകോപിതരാക്കിയ നീക്കത്തിന് മുതിർന്നത്. അഡാപ്റ്റർ ഒഴിവാക്കുക വഴി പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പ്രകൃതിയെ സംരക്ഷിക്കാൻ കഴിയുമെന്നും മുൻ ഐഫോൺ മോഡലുകൾ കൈയ്യിലുള്ളവർക്ക് അതിന്‍റെ ചാർജർ ഉപയോഗിക്കാമെന്നുമൊക്കെ കമ്പനി ന്യായം പറഞ്ഞു. എന്നാൽ, പുതുതായി ഐഫോൺ വാങ്ങുന്നവർക്ക് ആയിരങ്ങൾ നൽകി ചാർജർ വേറെ വാങ്ങേണ്ടിവരുന്ന കാരണങ്ങൾ ചൂണ്ടിക്കാട്ടി പലരും ആപ്പിളിനെതിരെ തിരിഞ്ഞു. ആപ്പിളിന്‍റെ പാത പിൻതുടർന്ന് സാംസങ്ങും ഷവോമിയുമടക്കമുള്ള പ്രമുഖ കമ്പനികൾ ഫോൺ ബോക്സുകളിൽ ചാർജർ ഒഴിവാക്കാൻ തുടങ്ങിയതും യൂസർമാരെ പ്രകോപിതരാക്കി.
എന്നാൽ, ചാർജറില്ലാതെ ഐഫോൺ 12 സീരീസ് ഫോണുകൾ വിറ്റതിന് ബ്രസീലിൽ ആപ്പിളിന് ഭീമൻതുക പിഴയീടാക്കിയിരിക്കുകയാണ്. രണ്ട് മില്യൺ ഡോളറാണ് (15 കോടി രൂപയോളം) ലാറ്റിനമേരിക്കൻ രാജ്യം പിഴ വിധിച്ചത്. ബ്രസീലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, സാവോ പോളോയിലെ ഉപഭോക്തൃ സംരക്ഷണ ഏജൻസിയായ പ്രോകോൺ-എസ്പി, ബോക്സിൽ ചാർജർ ഉൾപ്പെടുത്താത്തതിന് ഏകദേശം രണ്ട് മില്യൺ ഡോളർ പിഴയായി നൽകണമെന്ന് ആപ്പിളിനോട് നിർദ്ദേശിച്ചിരിക്കുകയാണ്. ചാർജറില്ലാതെ ഐഫോൺ വിൽക്കുന്നത് ബ്രസീലിലെ ഉപഭോക്തൃ പ്രതിരോധ കോഡിന്‍റെ ലംഘനമാണെന്ന് ബ്രസീൽ ഏജൻസി ആപ്പിളിനെ അറിയിച്ചതിന് പിന്നാലെയാണ് പിഴയൊടുക്കാനുള്ള നിർദേശം വരുന്നത്.
ബ്രസീലിയൻ ഉപഭോക്തൃ നിയമങ്ങളെയും സ്ഥാപനങ്ങളെയും ആപ്പിൾ ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പ്രോകോൺ-എസ്പിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫെർണാണ്ടോ കാപ്പസ് മുന്നറിയിപ്പ് നൽകി. ചാർജർ ബോക്സിനുള്ളിലോ, അല്ലെങ്കിൽ, പ്രത്യേക ബോക്സിലാക്കിയോ ഉപയോക്താക്കൾക്ക് നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. (ഫ്രാൻസിൽ കഴിഞ്ഞ വർഷം ഇയർഫോണുകൾ സമാനരീതിയിൽ ആപ്പിളിന് നൽകേണ്ടതായി വന്നിരുന്നു).
കഴിഞ്ഞ ഡിസംബറിൽ ഏജൻസി, ഇതുമായി ബന്ധപ്പെട്ട് ആപ്പിളിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിന് മറുപടിയായി ആപ്പിൾ പറഞ്ഞത്, കൂടുതൽ ഉപയോക്താക്കളുടെ കൈയ്യിലും ചാർജറുകൾ ഉണ്ടെന്നാണ്. അതുകൊണ്ട് ഫോണിൽ മറ്റൊന്ന് ഉൾപ്പെടുത്തേണ്ടതില്ലെന്നും അവർ വിശദീകരിച്ചു. എന്നാൽ, ഏറ്റവും കൂടുതൽ വിലയീടാക്കി ഐഫോൺ വിൽക്കപ്പെടുന്ന രാജ്യമാണ് ബ്രസീൽ, അതുകൊണ്ട് തന്നെ ചാർജർ കൂടെ നൽകാത്തത് നീതികേടാണെന്നാണ് യൂസർമാരുടേയും അഭിപ്രായം.
ചാർജർ നൽകാത്ത വിഷയം കൂടാതെ, വാട്ടർ റെസിസ്റ്റന്‍റ് എന്ന് അവകാശപ്പെടുന്ന ആപ്പിളിന്‍റെ ഡിവൈസുകൾ, വാറന്‍റി പിരീഡിൽ പോലും സൗജന്യമായി റിപ്പയർ ചെയ്യാൻ ആപ്പിൾ വിസമ്മതിക്കുന്നതായി ബ്രസീലിയൻ ഏജൻസി ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനോടൊപ്പം, പഴയ ഐഫോൺ മോഡലുകൾ കമ്പനി അപ്ഡേറ്റുകൾ നൽകി നശിപ്പിക്കുന്നതായുള്ള ആരോപണങ്ങളും അവർ ഉയർത്തിക്കാട്ടി. അതേസമയം, ഏജൻസിയുടെ ആരോപണങ്ങളിൽ പ്രതികരണമറിയിക്കാൻ ആപ്പിളിന് അവസരം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.