പ്രധാന നിക്ഷേപകരായി 'ആപ്പിൾ'; റിയാദിലെ സംയോജിത സാമ്പത്തിക മേഖലയിൽ നിരവധി ആനുകൂല്യങ്ങൾ

റിയാദ്: കിങ് ഖാലിദ് അന്തർദേശീയ വിമാനത്താവളത്തോടനുബന്ധിച്ച് സ്ഥാപിതമായ സംയോജിത സാമ്പത്തിക ലോജിസ്റ്റിക് മേഖല ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് വൻകരകളെ ബന്ധിപ്പിക്കുന്ന ആഗോള ചരക്ക് നീക്ക കേന്ദ്രമായിരിക്കുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വികസിത സാങ്കേതിക സേവനങ്ങൾ, നൂതന അടിസ്ഥാന സൗകര്യങ്ങൾ, നികുതിയിളവ് എന്നിവ അടക്കമുള്ള വാഗ്ദാനങ്ങളാണ് നിക്ഷേപകർക്ക് ഗതാഗത, ചരക്ക് നീക്ക മന്ത്രാലയം വാഗ്ദാനം ചെയ്യുന്നത്.


കഴിഞ്ഞ തിങ്കളാഴ്ച ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രിയും ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ ചെയർമാനുമായ സാലിഹ് അൽ-ജാസിറാണ് 300 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സമ്പൂർണ സംയോജിത സാമ്പത്തിക ചരക്ക് നീക്ക മേഖല ഉദ്ഘാടനം ചെയ്തത്. മേഖലയിൽ നിക്ഷേപമിറക്കാൻ തയാറുള്ള അന്തർദേശീയ സ്ഥാപനങ്ങളെ 50 വർഷത്തേക്ക് കോർപ്പറേറ്റ് നികുതിയിൽനിന്ന് ഒഴിവാക്കുമെന്ന് മന്ത്രി സാലിഹ് അൽജാസിറിനെ ഉദ്ധരിച്ച് അൽഷർഖ് ചാനൽ റിപ്പോർട്ട് ചെയ്തു.


മൂല്യവർധിത നികുതിയിലും കസ്റ്റംസ് തീരുവയിലും മന്ത്രാലയം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി 100 ബഹുരാഷ്ട്ര കമ്പനികളെ തങ്ങൾ ലക്ഷ്യമിടുന്നതായി മേഖലയുടെ ഉദ്‌ഘാടന വേളയിൽ മന്ത്രി വ്യക്തമാക്കിയിരുന്നു. ദേശീയ സമ്പദ് വ്യവസ്ഥക്ക് ഇതിലൂടെ 66,000 കോടി റിയാലിന്റെ അധിക നേട്ടമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നാം നമ്പർ പങ്കാളിയായി ആഗോള സാങ്കേതിക ഭീമനായ 'ആപ്പിൾ' കടന്നുവന്നത് മേഖലയുടെ പ്രാരംഭ നേട്ടമായി അമേരിക്കൻ മാധ്യമമായ 'പി.ആർ ന്യൂസ് വയർ' വിലയിരുത്തി.

2018-ൽ കാലിഫോർണിയ സന്ദർശിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ 'ആപ്പിൾ' സി.ഇ.ഒ ടിം കുക്കിനെ നേരിൽ കണ്ട് നടത്തിയ ചർച്ചയെ തുടർന്നാണ് മേഖലയിലെ പ്രധാന നിക്ഷേപത്തിന് കമ്പനി മുന്നോട്ട് വന്നത്. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ സംയോജിത സാമ്പത്തിക മേഖലയെ 'അദ്വിതീയ'മെന്നാണ് ആപ്പിളിന്റെ യൂറോപ്പ്, മിഡിലീസ്റ്റ്, ആഫ്രിക്ക, ഇന്ത്യ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് കാത്തി കെയർനി വിശേഷിപ്പിച്ചത്.

സൗദി അറേബ്യയുടെ പ്രഖ്യാപിത സമഗ്ര പരിവർത്തന പദ്ധതിയായ 'വിഷൻ 2030'-ന്റെ ഭാഗമായാണ് കിങ് ഖാലിദ് വിമാനത്താവളത്തോടനുബന്ധിച്ച് ആഗോള ലോജിസ്റ്റിക് ഹബ് ആയി വർത്തിക്കുന്ന ഒരു സംയോജിത സാമ്പത്തിക, ലോജിസ്റ്റിക് മേഖല എന്ന ആശയം രൂപപ്പെട്ടത്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ അത് യാഥാർഥ്യമായി മാറുകയും ചെയ്തു. 20 ലധികം അന്താരാഷ്ട്ര കമ്പനികൾ മേഖലയിൽ നിക്ഷേപം നടത്താനുള്ള ചർച്ചയിലാണെന്ന് മന്ത്രി സാലിഹ് അൽ-ജാസിർ വെളിപ്പെടുത്തി.

Tags:    
News Summary - Apple first major investor in Riyadh’s new integrated logistics airport zone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.