നിർമിത ബുദ്ധി എല്ലാ അതിരുകളും മറികടന്ന് വളരുന്ന ഇടമാണ് ഇന്നത്തെ സൈബർ ലോകം. ഒരുപാട് ഗുണഫലങ്ങൾ ലഭിക്കുമെന്ന് കരുതുന്ന സാങ്കേതികവിദ്യ പക്ഷേ, സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള സാധ്യത ഏറെ മുമ്പുതന്നെ ചർച്ചയായിരുന്നു. ഇതോടൊപ്പം തന്നെ സാങ്കേതികവിദ്യയുടെ ധാർമികമായ ഉപയോഗവും ആശങ്കപ്പെടുത്തുന്ന വിഷയമായി ഉയർന്നുവന്നു. ഏറ്റവുമൊടുവിലായി യു.എസിൽ, 18 വർഷം മുമ്പ് കൊല്ലപ്പെട്ട യുവതിയെ എ.ഐ ക്യാരക്ടറായി അവതരിപ്പിച്ചതോടെ ഇക്കാര്യം വീണ്ടും സജീവ ചർച്ചയാകുകയാണ്. 2006ൽ കൊല്ലപ്പെട്ട ജെന്നിഫർ ആനിനെ എ.ഐ ചാറ്റ്ബോട്ടായി ‘പുർജനിപ്പിച്ച’ത് കുടുംബത്തിന് കൗതുകമല്ല, ഞെട്ടലാണ് സമ്മാനിച്ചത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ജെന്നിഫറിന്‍റെ പിതാവ് ഡ്രൂ ക്രെസന്‍റേക്ക് തന്‍റെ മകളുടെ പേര് ഓൺലൈനിൽ വന്നതായി ഗൂഗിളിന്‍റെ നോട്ടിഫിക്കേഷൻ വന്നത്. എ.ഐ ക്യാരക്ടറുകൾ നിർമിക്കുന്ന ക്യാരക്ടർ.എഐ എന്ന പ്ലാറ്റ്ഫോമിലാണ് ജെന്നിഫറിന് ‘ജീവൻവെച്ച’ത്. വിവിധ വിഷയങ്ങളിൽ ഉത്തരം നൽകാനാവുന്ന എ.ഐ മോഡലായാണ് ജെന്നിഫറിനെ അവതരിപ്പിച്ചിട്ടുള്ളത്. ഇയർബുക് ഫോട്ടോ അടക്കമുള്ള പ്രൊഫൈലിൽ ജെന്നിഫറിനെ ജേണലിസം എക്സ്പേർട്ടായാണ് എ.ഐ ലോകത്ത് കാണിക്കുന്നത്. വിഡിയോ ഗെയിമിങ് രംഗത്തെ പ്രശസ്ത ജേണലിസ്റ്റായ അമ്മാവൻ ബ്രയാൻ ക്രെസന്‍റിനെയാണ് റഫറൻസായി വെച്ചിരിക്കുന്നത്.
സംഭവം കണ്ടയുടൻ മകളുടെ ദാരുണാന്ത്യമാണ് ഡ്രൂവിന്‍റെ മനസ്സിൽ തെളിഞ്ഞത്. 2006ൽ 18കാരിയായ ജെന്നിഫറിനെ ഹൈസ്കൂളിൽ സീനിയറായിരുന്ന മുൻ കാമുകൻ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ടെക്സസിലെ ഓസ്റ്റിനിലായിരുന്നു സംഭവം. ഇതിനു ശേഷം, ടീനേജ് ഡേറ്റിങ്ങിന്‍റെ പ്രശ്നങ്ങളെ കുറിച്ച് അവബോധം നൽകുന്ന സന്നദ്ധ സംഘടന നടത്തിവരികയാണ് ഡ്രൂ. തന്‍റെ ശ്രദ്ധയിൽ പെടുന്നതിനു മുമ്പ് തന്നെ മകളുടെ പേരിലുള്ള ചാറ്റ്ബോട്ടുമായി 69 പേർ സംവദിച്ചതായി ഡ്രൂ കണ്ടെത്തി. പിന്നാലെ ക്യാരക്ടർ.എഐയെ സമീപിച്ച് ചാറ്റ്ബോട്ട് ഉടനെ പിൻവലിക്കാനും, മകളുടെ പേരിൽ ഇനി ഇത്തരം പ്രവൃത്തി നടക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുടുംബത്തിന്‍റെ അനുമതിയില്ലാതെ ഇത്തരം പ്രവൃത്തിയിൽ ഏർപ്പെട്ട കമ്പനിക്കെതിരെ ഡ്രൂവിന്‍റെ സഹോദരൻ ബ്രയാനും രംഗത്തെത്തി. വളരെ മോശം പ്രവൃത്തിയാണിതെന്നും ഇത്തരം കാര്യങ്ങൾ ഇനിയും ആവർത്തിക്കപ്പെടരുതെന്നും ബ്രയാൻ എക്സിൽ കുറിച്ചു. ചാറ്റ്ബോട്ട് പിൻവലിച്ചതായി പിന്നീട് കമ്പനി അറിയിച്ചെങ്കിലും കുടുംബത്തിന്‍റെ ആശങ്ക ഇനിയും അകന്നിട്ടില്ല. ടെക് ലോകത്തെ ധാർമികതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ചർച്ചകളും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.