വില കൂട്ടിയതിന്റെ വിമർശനങ്ങൾക്കിടയിലും ചൂടപ്പം പോലെയാണ് ആപ്പിൾ ഐഫോൺ 15 പ്രോ സീരീസ് വിറ്റുപോകുന്നത്. എന്നാൽ, ആദ്യ വിൽപനയിൽ തന്നെ പുതിയ ഐഫോണുകൾ വാങ്ങിയവർ ഒരു പരാതിയുമായി എത്തുകയുണ്ടായി. തൊട്ടാൽ പൊള്ളുന്ന രീതിയിൽ ഫോണുകൾ ചൂടാകുന്നതായാണ് അവർ സാക്ഷ്യപ്പെടുത്തുന്നത്. ഒടുവിൽ ആപ്പിൾ അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ്.
അതിനായി പുതിയ സോഫ്റ്റ് വെയർ അപ്ഡേറ്റ് കൊണ്ടുവന്നിരിക്കുകയാണ് കമ്പനി. ഐ.ഒ.എസ് 17.0.3 അപ്‌ഡേറ്റിലാണ് ഫോൺ ഹീറ്റാകുന്നതായുള്ള പ്രശ്‌നം പരിഹരിച്ചിരിക്കുന്നത്. ഐ.ഒ.എസ് 17ലെ ബഗ്ഗും ചില തേർഡ് പാർട്ടി ആപ്പുകളുടെ പുതിയ പതിപ്പുകളുമാണ് ഐഫോണുകൾ ചൂടാകുന്നതിന് കാരണമെന്ന് ആപ്പിൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഐ.ഒ.എസ് 17.0.2 ഉപയോഗിക്കുന്നവർക്ക് 17.0.3യുടെ 42 എം.ബി അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്താൽ മതി.
ഐഫോൺ 15 പ്രോ മോഡലുകളിൽ ‘ചൂടാകൽ’ പ്രശ്നങ്ങൾ നേരിടുന്നവർ ഫോണിലെ പുതിയ ടൈറ്റാനിയം ഫ്രെയിമിനെ ആയിരുന്നു കുറ്റപ്പെടുത്തി, ചിലർ പുതിയ 3 നാനോമീറ്റർ A17 പ്രോ ബയോണിക് ചിപ്പിനെയും സംശയിക്കുകയുണ്ടായി. ഐഫോൺ 15 ബേസ് മോഡലിൽ ചൂടാകുന്ന പ്രശ്‌നം ഇല്ലാത്തതിനാലായിരുന്നു പുതിയ ചിപ്സെറ്റിനെ കുറ്റം പറഞ്ഞത്.
എന്നാൽ, ആപ്പിൾ അത്തരം അവകാശവാദങ്ങൾ തള്ളുകയാണുണ്ടായത്. ഐ.ഒ.എസ് 17-ലെ ഒരു ബഗാണ് വില്ലനെന്ന് അവർ അറിയിക്കുകയും ചെയ്തു. കൂടാതെ, ഇൻസ്റ്റഗ്രാം, ഊബർ, Asphalt 9 തുടങ്ങിയ തേർഡ് പാർട്ടി ആപ്പുകളെയും ആപ്പിൾ അക്കാര്യത്തിൽ പഴിച്ച് രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.