ടിക് ടോക് വിഡിയോ പോസ്റ്റ് ചെയ്തതിന് അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ, തൊഴിലാളിയെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. ഐഫോൺ സുരക്ഷാ ടിപ്സും മറ്റും പങ്കുവെച്ചുള്ള ടിക് ടോക് ഹൃസ്വ വിഡിയോ പോസ്റ്റ് ചെയ്തതാണ് കമ്പനിയെ ചൊടിപ്പിച്ചതെന്ന് എഞ്ചിനീയറായ പാരിസ് കാംബെൽ ആരോപിച്ചു. 'ദ വെർജ്' ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
'ആപ്പിളിന്റെ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വീഡിയോയിൽ ആപ്പിൾ ജീവനക്കാരിയാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പ്രത്യക്ഷപ്പെതിലൂടെ കമ്പനിയുടെ പോളിസി ലംഘിച്ചു' എന്നാണ് ജീവനക്കാരിക്ക് നൽകിയ വിശദീകരണം. ആറ് വർഷമായി ആപ്പിൾ റീട്ടെയിലിൽ ജോലി ചെയ്തുവന്ന പാരിസ് കാംബൽ നിലവിൽ റിപ്പയർ ടെക്‌നീഷ്യനായി സേവനമനുഷ്ഠിക്കുകയാണ്.
ഐഫോൺ നഷ്ടപ്പെട്ടതിന് പിന്നാലെ ഭീഷണിയടങ്ങിയ ടെക്സ്റ്റ് മെസ്സേജുകൾ വരാൻ തുടങ്ങിയെന്ന് കാട്ടി ഒരു ഉപയോക്താവ് ടിക് ടോക്കിൽ എത്തിയതോടെയാണ് പാരിസ് കാംബൽ സുരക്ഷാ ഉപദേശങ്ങളുമായി മറുപടി വിഡിയോ പോസ്റ്റ് ചെയ്തത്.
"പഴങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു പ്രത്യേക കമ്പനിയുടെ സർട്ടിഫൈഡ് ഹാർഡ്‌വെയർ എഞ്ചിനീയർ" ആണെന്നാണ് കാംബെൽ തന്നെകുറിച്ച് വിഡിയോയിൽ പരിചയപ്പെടുത്തിയത്. ഫോൺ നഷ്ടപ്പെട്ട സ്ത്രീയോട് വിഷമിക്കേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു: ഫോൺ മോഷ്ടിച്ച ആളുകളെ ചെവികൊള്ളേണ്ടതില്ലെന്നും താങ്കളുടെ ഫോൺ ഉപയോഗിച്ച് അവർക്ക് ഒന്നും ചെയ്യാനാകില്ലെന്നും അവർ ആത്മവിശ്വാസം നൽകി.
വീഡിയോ ഉടൻ തന്നെ വൈറലാകുകയും പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ അഞ്ച് ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടുകയും ചെയ്തു. വീഡിയോ TikTok-ൽ പ്രചരിച്ചപ്പോൾ, കാംബെല്ലിന് അവളുടെ മാനേജരിൽ നിന്ന് ഒരു കോൾ വന്നു, അയാൾ, വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള അച്ചടക്കനടപടികൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതിന് പിന്നാലെ, 'പ്രിയ ആപ്പിൾ' എന്ന തലക്കെട്ടിൽ ആപ്പിളിന് മറുപടിയുമായി അവർ ടിക് ടോക്കിൽ തന്നെ എത്തുകയും ചെയ്തു. 'വീഡിയോയിൽ ഞാൻ എവിടെയും ഒരു ആപ്പിൾ ജീവനക്കാരിയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല " -അവർ പറഞ്ഞു. "തമാശ എന്താണെന്ന് വെച്ചാൽ, കമ്പനിയുടെ സോഷ്യൽ മീഡിയ നയങ്ങൾ അവലോകനം ചെയ്‌തപ്പോൾ... ഞാനൊരു ആപ്പിൾ ജീവനക്കാരിയാണെന്ന് പരസ്യപ്പെടുത്തരുതെന്ന് എവിടെയും പറഞ്ഞതായി കാണാൻ സാധിച്ചിട്ടില്ല'. -പാരിസ് കാംബെൽ കൂട്ടിച്ചേർത്തു.
ദി വെർജിനോട് സംസാരിക്കവേ, വിഡിയോക്കുള്ള ആപ്പിളിന്റെ പ്രതികരണവും അവർ വെളിപ്പെടുത്തി. "വ്യത്യസ്‌തമായി ചിന്തിക്കാനും നവീകരിക്കാനും ക്രിയാത്മകമായ പരിഹാരങ്ങൾ കൊണ്ടുവരാനും ആളുകളോട് പറയുന്ന കാര്യത്തിൽ ഞങ്ങൾ ഒരു കമ്പനിയായി സ്വയം എങ്ങനെ ചിത്രീകരിക്കുന്നു എന്നതിന് വിരുദ്ധമാണ്'' തന്റെ പ്രവൃത്തിയെന്ന് ആപ്പിൾ വിശദീകരിച്ചതായി അവർ പറഞ്ഞു. എന്നാൽ, വീഡിയോയിൽ താൻ പങ്കിട്ട അറിവ് ഒരു ആപ്പിൾ ജീവനക്കാരൻ എന്ന നിലക്കായിരുന്നില്ലെന്നും, മറിച്ച് താൻ ആർജിച്ച "നീണ്ട സാങ്കേതിക വിദ്യാഭ്യാസവും ചരിത്രവും" ഉൾകൊണ്ടായിരുന്നെന്നും അവർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.