ടെക് ഭീമൻ ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസ് 9, അള്‍ട്രാ 2 സ്മാര്‍ട്ട് വാച്ചുകള്‍ അമേരിക്കയിൽ വിൽക്കുന്നതിന് വിലക്ക് വീണത് വലിയ വാർത്തയായി മാറിയിരുന്നു. മെഡിക്കൽ ഉപകരണ നിർമ്മാതാക്കളായ മാസിമോയുടെ പേറ്റന്റ് ലംഘിച്ചതായി യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷൻ (ഐ.ടി.സി) കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നിരോധനം.
മേസിമോയുടെ പള്‍സ് ഓക്‌സിമീറ്റര്‍ അടക്കമുള്ള ഉപകരണങ്ങളില്‍ രക്തത്തിലെ ഓക്സിജന്റെ അളവ് കണക്കാക്കാനായി ഉപയോഗിക്കുന്ന SpO2 സെന്‍സിങ് സാങ്കേതികവിദ്യ ആപ്പിൾ മോഷ്ടിച്ചുവെന്നും അതിൽ പേറ്റന്റ് സ്വന്തമാക്കിയെന്നുമായിരുന്നു പരാതി. പിന്നാലെ ഐ.ടി.സി ആ സാങ്കേതിക വിദ്യയുള്ള വാച്ചുകൾ വിൽക്കുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തുകയായിരുന്നു.
ഐ.ടി.സി ഏർപ്പെടുത്തിയ ‘ഉപകരണങ്ങളുടെ ഇറക്കുമതി നിരോധനം’ ദീർഘകാലത്തേക്ക് മരവിപ്പിക്കാനായുള്ള ആപ്പിളിന്റെ ആവശ്യം യുഎസ് അപ്പീൽ കോടതിയും അംഗീകരിച്ചില്ല.
ഇപ്പോഴിതാ, മാസിമോ കോർപ്പറേഷനുമായുള്ള പേറ്റന്റ് യുദ്ധത്തിലെ നിയമപരമായ തിരിച്ചടിയെത്തുടർന്ന് യു.എസിൽ ബ്ലഡ് ഓക്സിജൻ ഫീച്ചർ ഇല്ലാത്ത സീരീസ് 9, അൾട്രാ 2 വാച്ചുകളുടെ പതിപ്പുകൾ വിൽക്കാൻ പോവുകയാണ് ആപ്പിൾ. ട്വീക്ക് ചെയ്ത മോഡലുകൾ വ്യാഴാഴ്ച റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഓൺലൈൻ സ്റ്റോറുകളിലും വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പുതിയ മോഡലുകളിൽ ബ്ലഡ് ഓക്സിജൻ മോണിറ്ററിംഗ് ടൂൾ ഉണ്ടാകുമെങ്കിലും അത് പ്രവർത്തിക്കില്ല.
SpO2 സെന്‍സിങ് ശേഷിയില്ലാത്ത വാച്ചുകളുടെ പുനർരൂപകൽപ്പന ചെയ്ത പതിപ്പുകൾക്ക് യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസി കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിട്ടുണ്ട്. അതേസമയം, യുഎസിനു പുറത്ത് വിൽക്കുന്ന മോഡലുകളിൽ ഈ ഫീച്ചർ തുടരുമെന്ന് ആപ്പിൾ വ്യക്തമാക്കി. മുമ്പ് വാങ്ങിയ വാച്ചുകളിലും രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കാനുള്ള കഴിവ് നിലനിർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.