യൂറോപ്പിലും യു.എസിലുമുള്ള ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന ഐഫോൺ ഫീച്ചറുകളാണ് ഐമെസ്സേജും ഫേസ് ടൈമും (iMessage and FaceTime). ഐമെസ്സേജ് കാരണം ഐഫോൺ വിട്ടുപോകാത്ത ഒട്ടേറെ യൂസർമാരുണ്ട് ആപ്പിളിന്. വാട്സ്ആപ്പിന് പകരമായാണ് അത്തരക്കാർ ആപ്പിളിന്റെ മെസ്സേജിങ് ആപ്പ് ഉപയോഗിക്കുന്നത്. എന്നാലിപ്പോൾ യു.കെയിൽ ഐമെസ്സേജും ഫേസ് ടൈമും നിർത്തലാക്കുമെന്ന ഭീഷണിയുമായി എത്തിയിരിക്കുകയാണ് ആപ്പിൾ.
കാര്യം മറ്റൊന്നുമല്ല, യു.കെ പാസാക്കിയ പുതിയ ഓൺലൈൻ സുരക്ഷാ ബിൽ ആണ് അമേരിക്കൻ ടെക് ഭീമനെ ചൊടിപ്പിച്ചിരിക്കുന്നത്. ബിൽ നിയമമായാൽ തങ്ങളുടെ പ്രധാനപ്പെട്ട രണ്ട് സേവനങ്ങൾ ബ്രിട്ടനിലെ ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ആപ്പിൾ പറയുന്നത്. വാട്സ്ആപ്പ് അടക്കമുള്ള മിക്ക മെസ്സേജിങ് ആപ്പുകളിലും ഉപയോക്താക്കളുടെ സ്വകാര്യത മുൻനിർത്തി നടപ്പിലാക്കിയ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഫീച്ചറിനെ പൂർണ്ണമായി ബാധിക്കുന്നതാണ് യു.കെയിലെ പുതിയ ഐ.ടി നിയമം.
യുകെ പാസാക്കിയ ‘ഇന്‍വെസ്റ്റിഗേറ്ററി പവേഴ്‌സ് ആക്ട് 2016’ പ്രകാരം, രാജ്യത്തെ ആഭ്യന്തര മന്ത്രാലയത്തിന് എന്‍ക്രിപ്റ്റ് ചെയ്ത ഉള്ളടക്കം കാണാനുമുള്ള അധികാരമുണ്ട്. എന്നാൽ, ഇത് നടപ്പിലാക്കിയാൽ, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ എന്ന സുരക്ഷാ കവചം പൊളിക്കപ്പെടുകയാണ് ചെയ്യുക. അതുപോലെ, സ്മാർട്ട്ഫോണുകൾക്ക് മാസാമാസം നൽകുന്ന സുരക്ഷാ അപ്ഡേറ്റുകളിൽ പോലും കൈകടത്താൻ യു.കെ സർക്കാർ ശ്രമം നടത്തുന്നുണ്ട്.
രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികൾക്ക് കൂടുതൽ ഡിജിറ്റൽ നിരീക്ഷണ അധികാരങ്ങൾ നൽകുന്ന നിയമം പാലിക്കണമെന്ന സർക്കാർ സമ്മർദത്തിന് വഴങ്ങാൻ തയ്യാറല്ലെന്നാണ് ആപ്പിളിന്റെ നിലപാടെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. പകരം തങ്ങളുടെ പ്രധാനപ്പെട്ട സേവനങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാനാണ് ആപ്പിൾ തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.