തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപയോക്താക്കൾക്ക് നൽകുന്ന സ്വകാര്യതയും സുരക്ഷിതത്വവും ചൂണ്ടിക്കാട്ടി വിപണിപിടിച്ചു തുടങ്ങിയ കമ്പനിയാണ് ആപ്പിൾ. എന്നാൽ, ടെക് വിദഗ്ധർ ഇപ്പോൾ അമേരിക്കൻ ടെക് ഭീമന് പിറകെയാണ്. കഴിഞ്ഞദിവസം ആപ്പിൾ അവതരിപ്പിച്ച ഒരു 'ചൈൽഡ് സേഫ്റ്റി ഫീച്ചറാണ്' അവരെ ചൊടിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി ആപ്പിൾ അവതരിപ്പിച്ച പുതിയ ആശയം ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള വലിയ കടന്നുകയറ്റമായി മാറുമെന്നാണ് അവർ മുന്നറിയിപ്പ് നൽകുന്നത്. നിലവിൽ അമേരിക്കയിൽ മാത്രം പരീക്ഷിക്കുന്ന സംവിധാനം ഭാവിയിൽ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനും ആപ്പിളിന് പദ്ധതിയുണ്ട്.
തങ്ങളുടെ കീഴിലുള്ള ഐഫോണ്‍, ഐപാഡ്, മാക്ബുക്ക് തുടങ്ങിയ ഉപകരണങ്ങളിലുള്ള നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്തുന്നതിനായി ആപ്പിൾ കൊണ്ടുവന്ന പുതിയ സംവിധാനമാണ് ന്യൂറൽമാച്ച്. ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ അഥവാ 'സി.എസ്.എ.എം' കണ്ടെത്തുന്നതിനായാണ് ഇൗ സിസ്റ്റം അവർ അവതരിപ്പിച്ചിരിക്കുന്നത്. ദുർബലവും നിഷ്കളങ്കവുമായി പ്രായത്തിൽ കുട്ടികളെ ചൂഷണം ചെയ്യാനായി ഇൻറർനെറ്റിൽ വലവിരിച്ചിരിക്കുന്ന ബാലപീഡകരെ പിടികൂടുകയാണ് ആപ്പിളിെൻറ ലക്ഷ്യം. അവരെകുറിച്ചുള്ള വിവരങ്ങൾ അധികൃതർക്ക് കൈമാറുകയും ചെയ്യും.
അതായത്, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വിധത്തിലുള്ള ഉള്ളടക്കം കണ്ടെത്തുന്നതിനായി പുതിയ മെഷീൻ ലേർണിങ് അടിസ്ഥാനമാക്കിയുള്ള സിസ്റ്റത്തിെൻറ സഹായത്തോടെ ഐഫോണുകളിലും ഐപാഡുകളിലും മറ്റും ആപ്പിൾ തിരച്ചിൽ നടത്തും. കൂടാതെ, ലൈംഗികത പ്രകടമാക്കുന്ന ചിത്രങ്ങൾ കുട്ടികൾക്ക് ലഭിക്കുകയോ അവർ ആർക്കെങ്കിലും അയക്കുകയോ ചെയ്താൽ ഡിവൈസുകളിലെ മെസ്സേജിങ് ആപ്പുകൾ ഒരു മുന്നറിയിപ്പ് സന്ദേശം നൽകും. അത്തരം ഉള്ളടക്കം കണ്ടെത്തിയാൽ നിയമനിർവഹണ അധികാരികളെ അറിയിക്കാനും മറ്റും ഒരു കൂട്ടം നിരൂപക സംഘത്തെ പ്രയോജനപ്പെടുത്താനും ആപ്പിൾ ലക്ഷ്യമിടുന്നുണ്ട്.
'നാഷനൽ സെൻറർ ഫോർ മിസ്സിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രനി'(എൻ.സി.എം.ഇ.സി)ൽ നിന്നുള്ള 200,000 ചിത്രങ്ങൾ ഉപയോഗിച്ച് പ്രസ്തുത സംവിധാനം പരിശീലിപ്പിച്ചതായി റിപ്പോർട്ടുണ്ട്. തദ്ഫലമായി, ആപ്പിൾ ഉപയോക്താക്കളുടെ ചിത്രങ്ങൾ സ്കാൻ ചെയ്യുകയും കുട്ടികൾക്കെതിരെ നടന്ന ലൈംഗിക പീഡന സംഭവങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ ഡാറ്റാബേസുമായി അവ താരതമ്യം ചെയ്യുകയും ചെയ്യും.
അപകടകരമായ ഉള്ളടക്കം സിസ്റ്റം കണ്ടെത്തുകയാണെങ്കിൽ ആപ്പിൾ ഉപയോക്തൃ അക്കൗണ്ട് പ്രവർത്തനരഹിതമാക്കുകയും കാണാതായതും ചൂഷണം ചെയ്യപ്പെടുന്നതുമായ കുട്ടികൾക്കുള്ള ദേശീയ കേന്ദ്രത്തിന് (എൻ.സി.എം.ഇ.സി) ഒരു റിപ്പോർട്ട് അയയ്‌ക്കുകയും ചെയ്യും. എന്നിരുന്നാലും, ഒരു ഉപയോക്താവിനെ സിസ്റ്റം തെറ്റായി ഫ്ലാഗുചെയ്തിട്ടുണ്ടെങ്കിൽ, അക്കൗണ്ട് വീണ്ടെടുക്കാൻ അവർക്ക് ഒരു അപ്പീൽ ഫയൽ ചെയ്യാം.
എന്നാൽ, ഒാരോ സർക്കാരുകളും തങ്ങളുടെ പൗരന്മാരിൽ നിരീക്ഷണം നടത്താൻ ഈ സംവിധാനം ദുരുപയോഗം ചെയ്യുമെന്ന സൈബർ സുരക്ഷാ കൂട്ടായ്മയിൽ നിന്നുള്ള മുന്നറിയിപ്പിനിടയിലും ഈ സംവിധാനം ഉടൻ എല്ലാവരിലേക്കുമെത്തിക്കാനുള്ള പുറപ്പാടിലാണ് ആപ്പിൾ. ഐക്ലൗഡ് ഫോട്ടോകളിൽ സംഭരിച്ചിരിക്കുന്ന CSAM ചിത്രങ്ങൾ കണ്ടെത്തുന്നതിന് iOS 15, iPadOS 15 എന്നിവയിൽ "പുതിയ സാങ്കേതികവിദ്യ" സംയോജിപ്പിക്കുമെന്ന് കുപ്പെർട്ടിനോ ഭീമൻ അറിയിച്ചിട്ടുണ്ട്.
ഇവ കൂടാതെ, രക്ഷിതാക്കളെയും കുട്ടികളെയും ഓൺലൈനിൽ സുരക്ഷിതമായി തുടരാനും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ പ്രസക്തമായ വിവരങ്ങൾ നേടാനും സഹായിക്കുന്നതിന് ആപ്പിൾ സിരിയിലും സെർച്ചിലും മാർഗ്ഗനിർദ്ദേശങ്ങൾ വിപുലീകരിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. സി.എസ്.എ.എമ്മുമായി ബന്ധപ്പെട്ട തിരയലുകൾ തടസ്സപ്പെടുത്തുന്നതിനായി വോയ്‌സ് അസിസ്റ്റൻറും അപ്‌ഡേറ്റ് ചെയ്യുമെന്ന് അവർ അറിയിച്ചിട്ടുണ്ട്..
കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി ആപ്പിൾ അവതരിപ്പിച്ച സിസ്റ്റം ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള വലിയ കടന്നുകയറ്റമാകും എന്നാണ് പ്രമുഖ ടെക്കികൾ മുന്നറിയിപ്പ് നൽകുന്നത്. വാട്സ്ആപ് തലവൻ വിൽ ക്യാത്കാർട്ട് അതിലുള്ള ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് നിരവധി ട്വീറ്റുകളാണിട്ടത്. 'ഇത് ലോകമെമ്പാടുമുള്ള ആളുകളുടെ സ്വകാര്യതയ്ക്ക് തിരിച്ചടിയാണെന്ന് കരുതുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ആപ്പിൾ നിർമിച്ചതും പ്രവർത്തിപ്പിക്കുന്നതുമായ ഇൗ നിരീക്ഷണ സംവിധാനം അവർക്കോ, സർക്കാരുകൾക്കോ യൂസർമാരുടെ സ്വകാര്യ ഉള്ളടക്കം എന്തും സ്കാൻ ചെയ്യാനും നിയന്ത്രിക്കാനും അവരമൊരുക്കും... അതൊരു തെറ്റായ സമീപനമാണെന്നും' -അദ്ദേഹം വ്യക്തമാക്കി.ഇതിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഇത്തരം നീക്കങ്ങളെ കുറിച്ച് ഏറെക്കാലമായി ആശങ്ക രേഖപ്പെടുത്തിവന്ന സുരക്ഷാ വിദഗ്ധരുടെ അഭിപ്രായം തേടാത്തതിനും ആപ്പിളിനെ ക്യാത്കാർട്ട് വിമർശിച്ചു.
ആപ്പിൾ അതിെൻറ വരാനിരിക്കുന്ന 'ശിശു സുരക്ഷാ സവിശേഷത'യെക്കുറിച്ചുള്ള ആശങ്കകളെ ഒരു ബ്രീഫിങ്ങിൽ പ്രതിരോധിച്ച് രംഗത്തെത്തി. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾക്കായി ഒരു ഉപയോക്താവിെൻറ മുഴുവൻ ഫോട്ടോ ലൈബ്രറിയും തങ്ങൾ സ്കാൻ ചെയ്യുന്നില്ല, പകരം എൻ.സി.എം.ഇ.സി നൽകിയ ഡാറ്റാബേസുമായി ചിത്രങ്ങൾ താരതമ്യം ചെയ്യാൻ ക്രിപ്റ്റോഗ്രാഫി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഈ സംവിധാനം വർഷങ്ങളായി വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അത് പൗരന്മാരെ നിരീക്ഷിക്കാൻ ഗവൺമെൻറുകൾക്കായി നിർമ്മിച്ചതല്ലെന്നും ആപ്പിൾ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.