ആപ്പിൾ ഐഫോണുകളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ചൈന. എന്നാൽ, ഈ വർഷം തുടക്കം മുതൽ ചൈനയിൽ വലിയ പ്രതിസന്ധിയാണ് ആപ്പിൾ നേരിട്ടുകൊണ്ടിരിക്കുന്നത്. കാരണം മറ്റാരുമല്ല, ചൈനീസ് ടെക് ഭീമനായ ഹുവാവേ തന്നെ. യു.എസ് ഉപരോധത്തിന് ശേഷം കാര്യമായ തകർച്ച നേരിട്ട ഹുവാവേ ചൈനയിൽ ഇപ്പോൾ വൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.
സ്വന്തമായി വികസിപ്പിച്ച പുതിയ ഫ്ലാഗ്ഷിപ്പ് ‘ഹൈസിലിക്കൺ കിരിൻ’ ചിപ്സെറ്റുമായി ഹുവാവേ ലോഞ്ച് ചെയ്ത ഹുവാവേ മേറ്റ് 60 പ്രോ ആണ് ചൈനയിലെ സ്മാർട്ട്ഫോൺ മാർക്കറ്റ് ഇപ്പോൾ കീഴടക്കിയിരിക്കുകയാണ്. ചൈനീസ് നിർമിത ഉപകരണങ്ങൾ വാങ്ങുന്നതായി രാജ്യത്ത് കാര്യമായ പ്രചാരണങ്ങളാണ് നിലവിൽ നടക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർ ഐഫോൺ ഉപയോഗിക്കുന്നത് ചൈന വിലക്കിയിരുന്നു. ഇതെല്ലാം തന്നെ ആപ്പിളിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.
2024 ലെ ആദ്യ ആറ് ആഴ്ചകളിൽ ചൈനയിലെ ഐഫോൺ വിൽപ്പനയിൽ 24% ഇടിവുണ്ടായതായി കൗണ്ടർപോയിന്റ് റിസേർച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇക്കാലയളവിൽ പ്രീമിയം സ്‌മാർട്ട്‌ഫോണുകളിൽ യു.എസ്. ടെക് ഭീമൻ്റെ ചൈനയിലെ മുഖ്യ എതിരാളിയായ ഹുവാവേയുടെ വിൽപ്പന 64% വർദ്ധിച്ചതായും റിപ്പോർട്ട് പറയുന്നു.
ബെയ്ജിങ്ങിൽ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ നിരവധിയാളുകഹ ഐഫോണിനേക്കാൾ തങ്ങൾക്ക് പ്രിയം ചൈനീസ് ബ്രാൻഡുകളാണ് എന്ന് പറഞ്ഞിരുന്നു. സമ്മേളനത്തിൽ ആപ്പിൾ ഫോണുകളുടെ സുരക്ഷയേക്കുറിച്ചും വിവരങ്ങൾ ചോർത്താനുള്ള സാധ്യതയെക്കുറിച്ചും ചർച്ച നടക്കുകയും ചെയ്തിരുന്നു.
യു.എസ് ഉപരോധത്തിന് പുറമേ, ഗൂഗിളും ഹുവാവേക്ക് ആൻഡ്രോയ്ഡ് പിന്തുണ നൽകുന്നത് നിർത്തിയിരുന്നു. അതോടെ സ്വന്തമായി ഓപറേറ്റിങ് സിസ്റ്റം വികസിപ്പിക്കുകയായിരുന്നു ചൈനീസ് ടെക് ഭീമൻ. സ്വന്തം ചിപ്സെറ്റും ഹാർമണി ഒ.എസ് എന്ന സ്വന്തം ഒ.എസും ഉൾകൊള്ളുന്ന ഹുവാവേ മേറ്റ് 60 പ്രോയുടെ പ്രകടനം വെളിപ്പെടുത്തുന്ന വിഡിയോ വൈറലായി മാറിയിരുന്നു.
നിലവിൽ രാജ്യത്ത് ഹുവാവേ ഫോണുകൾക്ക് പ്രചാരണം നൽകാനായി കിണഞ്ഞു പരിശ്രമിക്കുകയാണ് ചൈനീസ് സർക്കാർ. അതിന്റെ ഭാഗമായി ഗവൺമെന്റ ഓഫീസുകളിൽ നിന്നും ഘട്ടം ഘട്ടമായി ഐഫോണുകൾ ഒഴിവാക്കി കുറഞ്ഞവിലയ്ക്ക് ഹുവാവേ ഫോണുകൾ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഗവൺമെന്റെ ഉദ്യോഗസ്ഥർക്ക് 20 ശതമാനം വിലക്കിഴിവിൽ ഹുവാവേ ഫോണുകൾ വിതരണം ചെയ്യാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.