കോഴിക്കോട്: കേരളത്തിലാദ്യമായി ആശുപത്രി പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജത്തിന്റെ ഭൂരിഭാഗവും സൗരോര്‍ജത്തില്‍ നിന്ന് സ്വയം നിര്‍മിക്കുന്ന പദ്ധതി തയാറാക്കി കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ്. ഇതിനായി കാസര്‍ഗോഡ് ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ പത്ത് മെഗാവാട്ട് ശേഷിയുള്ള കൂറ്റന്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു. 6.5 മെഗാവാട്ട് ശേഷി കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാം. ബാക്കി കണ്ണൂരിലെ ആസ്റ്റര്‍ മിംസ് പ്രയോജനപ്പെടുത്തും. ഏപ്രില്‍ ഒന്ന് മുതല്‍ അതിവിശാലമായ ഈ സോളാര്‍ പ്ലാന്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിച്ചുതുടങ്ങും.

ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരാശുപത്രി ശൃംഖല ഇത്രയും വലിയ തോതില്‍ സൗരോര്‍ജം ഉത്പാദിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. പരിസ്ഥിതിസംരക്ഷണത്തിനും കാലാവസ്ഥാവൃതിയാനം ചെറുക്കുന്നതിനും ആതുരസേവനരംഗത്തെ മാതൃകാ സ്ഥാപനമെന്ന നിലയില്‍ ചെയ്യാനാവുന്നതെല്ലാം ചെയ്യണമെന്ന് ആസ്റ്ററിന്റെ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 'ആസ്റ്റര്‍ ഗ്രീന്‍ ചോയിസസ്' എന്ന പദ്ധതിക്ക് ദ്രുതഗതിയില്‍ തുടക്കമിട്ടിരിക്കുന്നത്. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇത്രയേറെ വൈദ്യുതി സ്വന്തമായി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ അപൂര്‍വം ആശുപത്രി ശൃംഖലകളില്‍ ഒന്നായി ആസ്റ്റര്‍ മാറും. സൗരോര്‍ജോല്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാരും എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ ആവശ്യമായ സ്ഥലം അനുവദിച്ചിട്ടുണ്ട്.

യുസോളാര്‍ അസറ്റ്‌കോ ടു പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ആസ്റ്ററിന്റെ പരിസ്ഥിതി-സൗഹൃദ ചുവടുവെപ്പ്. രാജ്യത്തുടനീളം വാണിജ്യാടിസ്ഥാനത്തില്‍ സോളാര്‍ പ്ലാന്റുകള്‍ നിര്‍മിക്കുകയും സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പ്രമുഖസ്ഥാപനമാണ് യുസോളാര്‍. യുസോളാര്‍ അസറ്റ്‌കോ ടു പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ കെ.ആര്‍. ഹരിനാരായണനും ആസ്റ്റര്‍ മിംസ് സി.ഒ.ഒ ലുക്മാന്‍ പൊന്‍മാടത്തും ചേര്‍ന്നാണ് കരാര്‍ ഒപ്പിട്ടത്. പരിസ്ഥിതി സൗഹൃദ വഴിയിലുള്ള ആസ്റ്റര്‍ ഗ്രൂപ്പിന്റെ അനേകം ചുവടുവെയ്പുകളില്‍ ഒന്ന് മാത്രമാണിതെന്നും ഭാവിയില്‍ സമാനമായ കൂടുതല്‍ പദ്ധതികള്‍ ഉണ്ടാകുമെന്നും ലുക്മാന്‍ പൊന്‍മാടത്ത് പറഞ്ഞു. ലിജു. എം, ഹെഡ് പ്രൊജക്റ്റ് ആസ്റ്റര്‍ ഇന്ത്യ എഞ്ചിനീയറിംഗ് & പ്രൊജക്റ്റ്‌സ് ഡിപ്പാര്‍ട്മെന്റ്ിന്റെ നേത്യത്തിലാണ് ഈ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ കൈ എടുത്തതും സമയബന്ധിതമായി നടപ്പിലാക്കുന്നതും.

പ്രകൃതിസ്രോതസുകളെ പരമാവധി സൂക്ഷ്മതയോടെ ഉപയോഗിക്കാനാണ് ആസ്റ്റര്‍ ഗ്രീന്‍ ചോയിസസ് എന്ന് പേരിട്ടിരിക്കുന്ന ഹരിതപദ്ധതിയുടെ ലക്ഷ്യം. ഇതിനായി ആശുപത്രികളില്‍ ഉപയോഗിക്കുന്ന വൈദ്യുതിയും വെള്ളവും സുസ്ഥിരസ്രോതസുകളില്‍ നിന്നാണെന്ന് ഉറപ്പാക്കും. ഓഫിസ് ആവശ്യങ്ങള്‍ക്ക് കടലാസ്സിന്റെ ഉപയോഗം പരമാവധി കുറയ്ക്കും. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ആശുപത്രികള്‍ക്കുള്ളില്‍ പൂര്‍ണമായും ഒഴിവാക്കും. മാലിന്യനിര്‍മാര്‍ജനം കുറ്റമറ്റതും കൂടുതല്‍ പ്രകൃതിസൗഹൃദപരവുമാകും.

വൈദ്യശാസ്ത്രമേഖലയ്ക്ക് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സുസ്ഥിരനടപടികള്‍ക്ക് പിന്തുണ നല്‍കുമെന്നും വരുംദിവസങ്ങളില്‍ ആസ്റ്റര്‍ ശൃംഖലയിലെ മുഴുവന്‍ ആശുപത്രികളിലും കാലോചിതമായ നിരവധി മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്ന പദ്ധതികളാണ് തുടങ്ങിയിരിക്കുന്നതെന്നും ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു

Tags:    
News Summary - Aster Mims to Become State's Largest Solar-Powered Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.