തിരുവനന്തപുരം: വാട്സ്ആപ്, ഫേസ്ബുക്ക്, ഒ.എൽ.എക്സ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സെക്കൻഡ്ഹാൻഡ് വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വാഹനങ്ങൾ എന്നിവ 'വമ്പിച്ച വിലക്കിഴിവ്' കണ്ട് വാങ്ങാൻ ആഗ്രഹിക്കുന്നവരോട്. 'ജാഗ്രത, അല്ലേൽ നിങ്ങളും തട്ടിപ്പിന് ഇരയായേക്കും'.
സൈനികരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ചും ഔദ്യോഗിക വിവരങ്ങൾ ചോർത്തിയുമാണ് വൻ സാമ്പത്തിക തട്ടിപ്പ് അരങ്ങുതകർക്കുന്നത്. സൈനിക ഉദ്യോഗസ്ഥനാണെന്നും സ്ഥലം മാറ്റം ലഭിച്ചതിനാൽ ഫ്രിഡ്ജ്, എ.സി, കട്ടിൽ, ടി.വി, വാഹനങ്ങൾ തുടങ്ങിയവ ചെറിയ തുകക്ക് വിറ്റഴിക്കുകയാണെന്നുമാണ് ഇത്തരക്കാരുടെ പരസ്യ വാചകങ്ങൾ.
ആകർഷകമായ വിലക്കിഴിവുകണ്ട് മൊബൈൽ നമ്പറിൽ ബന്ധപ്പെടുന്നതോടെ വാട്സ്ആപ്പിലൂടെ ഇവർ ഉപകരണങ്ങളുടെ ഫോട്ടോ അയച്ചു നൽകും. കൊറിയർ വഴി സാധനങ്ങൾ എത്തിച്ചുനൽകുമെന്നും മുൻകൂറായി വിലയുടെ 30 മുതൽ 40 ശതമാനം വരെ േപമെന്‍റ് ആപ്പുകൾ വഴിയോ ഓൺലൈനായോ നൽകാനും ആവശ്യപ്പെടും. സാധനങ്ങളുടെ ബില്ല്, വാരൻറി കാർഡുകൾ ആവശ്യപ്പെട്ടാൽ അവ സാധനങ്ങൾക്കൊപ്പം പാക്ക് ചെയ്ത് െവച്ചിരിക്കുകയാണെന്ന മറുപടിയാകും നൽകുക. ഇടപാടുകാരുടെ വിശ്വാസ്യത പിടിച്ചുപറ്റുന്നതിന് സൈനിക ഉദ്യോഗസ്ഥരുടെ വ്യാജ ഐഡി കാർഡും ആധാർകാർഡും തട്ടിപ്പുകാർ അയച്ചുനൽകും.
വിഡിയോ കോൾ ഇവർ സ്വീകരിക്കില്ല. സുരക്ഷാപ്രശ്നങ്ങൾ ഉള്ളതിനാൽ വിഡിയോ കോൾ സ്വീകരിക്കാനാകില്ലെന്നാണ് മറുപടി. പണം അക്കൗണ്ടിലെത്തുന്നതോടെ പണം പിൻവലിച്ച് പ്രതികൾ രക്ഷപ്പെടുകയാണ് പതിവ്. കഴിഞ്ഞദിവസം നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ദമ്പതികൾക്ക് നഷ്ടമായത് 66,000 രൂപയാണ്. എല്ലാ ജില്ലകളിലും തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഒരു തട്ടിപ്പിന് ശേഷം മറ്റൊരു പേരിലും മൊബൈൽ നമ്പറിലുമാകും ഇവർ സൈറ്റുകളിൽ പ്രത്യക്ഷപ്പെടുക എന്നതിനാൽ പരാതികളിൽ പൊലീസും ഇരുട്ടിൽ തപ്പുകയാണ്.
മധ്യപ്രദേശ്, ബിഹാർ, ഒഡിഷ, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇത്തരം സൈബർ കുറ്റവാളികളുടെ ഇടങ്ങൾ. ഈ സംസ്ഥാനങ്ങളിലെ അതിദരിദ്രരായവരുടെ ആധാർ കാർഡുകൾ 100 മുതൽ 500 രൂപവരെ നൽകി തട്ടിപ്പുകാർ ആളുകളിൽ നിന്ന് വാടകക്ക് വാങ്ങും. ഇതുപയോഗിച്ചാണ് മൊബൈൽ സ്വിമ്മും സ്വകാര്യ ബാങ്ക് അക്കൗണ്ടും തുറക്കുന്നത്. ആധാറുമായി വരുന്ന ആർക്കും അക്കൗണ്ടുകൾ തുടങ്ങാനുള്ള സൗകര്യം ഉത്തരേന്ത്യയിൽ സ്വകാര്യ ബാങ്കുകാർ ഒരുക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. പരാതിയിൽ അന്വേഷിച്ചുപോയാലും യഥാർഥ പ്രതികളെ പിടികൂടാനുമാകില്ല.
കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ട് രാജസ്ഥാനിലും ഇവർ ഉപയോഗിച്ച സിം പശ്ചിമബംഗാൾ സ്വദേശിയുടേതുമായിരുന്നു.
തട്ടിപ്പ് ചെറുതാണോ, അന്വേഷണം ഇവിടെ മതി
തിരുവനന്തപുരം: കുറ്റവാളികളെ പിടികൂടുന്നതിന് പ്രത്യേക സംഘത്തെ വടക്കൻ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നതിന് ലക്ഷങ്ങളാണ് സർക്കാറിന് ചെലവ്. അതുകൊണ്ട് ചെറിയ തട്ടിപ്പുകളിൽ കാര്യമായ അന്വേഷണം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകാറില്ല. വൻ സാമ്പത്തിക തട്ടിപ്പുകളിൽ മാത്രം ഇതരസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം മതിയെന്നാണ് 'മുകളിൽ' നിന്നുള്ള നിർദേശം. അന്വേഷണം കേരളത്തിൽ മാത്രം കേന്ദ്രീകരിക്കുന്നതും ഇതരസംസ്ഥാന സൈബർ കുറ്റവാളികൾക്ക് സഹായകമായിട്ടുണ്ട്. ഒരു ലക്ഷത്തിന് താഴെയുള്ള തട്ടിപ്പുകളാണ് ഏറെയും. ഇത്തരം തട്ടിപ്പുകളെ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയടക്കം നേരേത്ത നിർദേശം നൽകിയിട്ടുണ്ടെന്നും ജാഗ്രത പുലർത്തേണ്ടത് പൊതുജനമാണെന്നും സ്റ്റേഷൻ എസ്.എച്ച്.ഒമാർ പറയുന്നു.
എല്ലാം തഥൈവ...
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് ഇക്കണോമിക് ഒഫന്‍സസ് വിങ് എന്ന പേരിൽ പുതിയ സംവിധാനം സർക്കാർ രൂപവത്കരിച്ചെങ്കിലും ജനത്തിന് ഇതിന്റെ പ്രയോജനം ലഭിച്ചുതുടങ്ങിയിട്ടില്ല. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് സാങ്കേതിക പരിജ്ഞാനവും സാമ്പത്തിക കുറ്റാന്വേഷണത്തില്‍ മുന്‍പരിചയവുമുള്ള ഒരു സംഘം െപാലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി അറിയിച്ചെങ്കിലും ഇപ്പോഴും മതിയായ ഉദ്യോഗസ്ഥർ ഈ വിഭാഗത്തിൽ ചുമതലയേറ്റിട്ടില്ല. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പുതിയ പരാതികൾ അതത് പൊലീസ് സ്റ്റേഷനുകളിലും സൈബർ സെല്ലിലും ഹൈടെക് സെല്ലിലുമായി തട്ടിക്കളിക്കുകയാണ്. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പരാതികൾ സ്റ്റേഷനുകളിൽ എത്തിയാൽ അവ എങ്ങനെ ഇക്കണോമിക് ഒഫന്‍സസ് വിങ്ങിന് കൈമാറണമെന്നത് സംബന്ധിച്ച് യാതൊരു നിർദേശവും സംസ്ഥാന പൊലീസ് മേധാവി നൽകാത്തതും എസ്.എച്ച്.ഒമാരെ വലക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.