bsnl

കുടുംബത്തിലെ മൂന്ന് പേർക്ക് ഒറ്റ റീചാർജ്; ബജറ്റ് ഫ്രണ്ട്‌ലി പ്ലാനുമായി ബി.എസ്.എൻ.എൽ

ടെലകോം രംഗത്ത് കടുത്ത മത്സരങ്ങൾ ദിനംപ്രതി നടന്നുകൊണ്ടിരിക്കെ പുതിയ പ്ലാനുമായി പൊതുമേഖലാ കമ്പനിയായ ബി.എസ്.എൻ.എൽ ഉപയോക്താക്കളെ ആകർഷിക്കുന്നു. ഒരു റീചാർജ് പ്ലാനിലൂടെ കുടുംബത്തിലെ മൂന്ന് കണക്ഷനുകൾക്ക് വരെ പരിധിയില്ലാത്ത കാളുകളും ഡേറ്റയും വാഗ്ദാനം ചെയ്യുന്നതാണ് ബി.എസ്.എൻ.എൽ അവതരിപ്പിച്ച പുതിയ പ്ലാൻ. സ്വകാര്യ ടെലകോം ദാതാക്കൾ ഉയർന്ന റീചാർജ് പ്ലാനുകളുമായി മുന്നോട്ടു പോകുന്ന വേളയിലാണ് ബി.എസ്.എൻ.എലിന്‍റെ നീക്കം.

999 രൂപയുടെ ഒറ്റ റീചാർജിലൂടെ അധിക ചെലവ് ഒഴിവാക്കാമെന്നതാണ് പുതിയ ഓഫറിലൂടെ ഉപയോക്താക്കൾക്കുള്ള പ്രധാന നേട്ടം. പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, അതിവേഗ ഡേറ്റ, ഒറ്റ പേമെന്റിൽ അധിക ആനുകൂല്യങ്ങൾ എന്നിവ പ്രയോജനപ്പെടുത്താം. റീച്ചാർജ് ചെയ്യുന്നയാൾ കൂടാതെ കുടുംബത്തിലെ രണ്ട് പേരുടെകൂടെ കണക്ഷൻ ഉൾപ്പെടുത്താവുന്നതാണ്. മുന്ന് ഉപയോക്താക്കൾക്കും അൺലിമിറ്റഡ് കാളുകൾ, ഓരോ കണക്ഷനും 75 ജി.ബി ഡേറ്റ, കൂടാതെ ദിവസേന100 എസ്.എം.എസ് എന്നിവ അടങ്ങുന്ന പാക്കേജിന് ഒരു മാസമാണ് കാലാവധി.

ബി‌.എസ്‌.എൻ‌.എൽ അടുത്തിടെ അവതരിപ്പിച്ച മറ്റൊരു പ്രീപെയ്‌ഡ് റീച്ചാർജ് പ്ലാനാണ് 599 രൂപയുടെ പ്ലാൻ. 84 ദിവസത്തെ വലിഡിറ്റിയുള്ള ഈ പ്ലാൻ ദീർഘകാല ആനുകൂല്യങ്ങൾ തേടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ്. ഈ പ്ലാനിൽ അൺലിമിറ്റഡ് കാളിംഗ്, ഡേറ്റ തുടങ്ങിയ സവിശേഷതകളുണ്ട്. ഇത് മറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച് മികച്ച ഓപ്ഷനാക്കി മാറ്റുന്നു. 84 ദിവസം കാലാവധി കിട്ടുന്നതിനാൽ വീണ്ടും വീണ്ടും റീചാർജ് ചെയ്യേണ്ട ആവശ്യമില്ല. രാജ്യത്തുടനീളമുള്ള ഏത് നെറ്റ്‌വർക്കിലേക്കും ഉപയോക്താക്കൾക്ക് അധിക ചാർജുകളൊന്നുമില്ലാതെ പരിധിയില്ലാതെ വിളിക്കാം.

Tags:    
News Summary - bsnl budget friendly recharge plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.