കുവൈത്ത് സിറ്റി: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക സ്ഥാപനങ്ങളുടെയും മന്ത്രാലയങ്ങളുടെയും വെബ്സൈറ്റുകളിൽ ആൾമാറാട്ടം നടത്തുന്ന സംഘങ്ങളെ കരുതിയിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
സർക്കാർ ഏജൻസികളുടെ ലോഗോ പതിച്ച വെബ്സൈറ്റുകൾ സൃഷ്ടിച്ച് ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് എന്ന വ്യാജേനെ തട്ടിപ്പു നടത്തുന്ന സംഘം സജീവമാണ്. ഇത്തരക്കാർ ആളുകളെ കബളിപ്പിക്കുകയും ബാങ്ക് വിവരങ്ങൾ അഭ്യർഥിച്ച് പണം അപഹരിക്കുകയും ചെയ്യുന്നതായി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇലക്ട്രോണിക് വെബ്സൈറ്റുകളുമായി ഇടപഴകുമ്പോൾ അത് സ്ഥാപനത്തിന്റെയോ മന്ത്രാലയത്തിന്റെയോ ഔദ്യോഗിക വെബ്സൈറ്റ് ആണെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. വ്യാജമായി നിർമിച്ച ഇത്തരം സൈറ്റുകൾ ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികൾ നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി. തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആളുകളെ കബളിപ്പിക്കാൻ വിവിധ മന്ത്രാലയങ്ങളുടെ വെബ്സൈറ്റിന് സമാന രൂപത്തിൽ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ കുറിച്ച് ആഭ്യന്തരമന്ത്രാലയം നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു. പണം നഷ്ടപെട്ടാൽ ഉടൻബാങ്കുമായി ബന്ധപ്പെട്ട് പ്രതിരോധ നടപടികൾ സീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.