ഇന്ത്യയിൽ ഭീമമായ യൂസർബേസുള്ള മെസ്സേജിങ് ആപ്പാണ് വാട്സ്ആപ്പ്. വിവാദമായ സ്വകാര്യതാ നയ പരിഷ്കാരങ്ങളും മറ്റും ആപ്പിന് അൽപ്പം ക്ഷീണമായെങ്കിലും അത്ര പെട്ടന്നൊന്നും വാട്സ്ആപ്പ് വിട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇന്ത്യക്കാർ. വാട്സ്ആപ്പിന് രാജ്യത്തുള്ള സ്വീകാര്യത ഏറ്റവും മുതലെടുത്തിട്ടുള്ളത് സ്കാമർമാരാണ്. യൂസർമാരുടെ സ്വകാര്യ വിവരങ്ങളും അവരുടെ ബാങ്ക് അക്കൗണ്ടിലുള്ള ബാലൻസും ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ ഇപ്പോൾ പതിവാണ്.
പൊതുവെ സൗജന്യങ്ങളോടും ഓഫറുകളോടും അതിയായ ആഭിമുഖ്യമുള്ള ഇന്ത്യക്കാരെ പലവിധേന വാട്സ്ആപ്പിലൂടെ സൈബർ ക്രിമിനലുകൾ പറ്റിക്കുന്നുണ്ട്. അത്തരത്തിൽ ഇപ്പോൾ ചുറ്റിക്കറങ്ങുന്ന ഒരു സ്കാം പ്രമുഖ ഇ-കൊമേഴ്സ് സൈറ്റായ ആമസോണുമായി ബന്ധപ്പെട്ടുള്ളതാണ്. ഫാക്ട് ചെക്കിങ് വെബ് സൈറ്റായ ന്യൂസ് മീറ്റർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ചില വാട്സ്ആപ്പ് യൂസർമാർക്ക് ആമസോണിന്‍റെ ഔദ്യോഗിക വെബ് സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഒരു ലിങ്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
ഒറ്റനോട്ടത്തിൽ ആമസോണാണെന്ന് തെറ്റിധരിപ്പിക്കുന്ന ലിങ്കിൽ അവരുടെ 30ാം വാർഷികം ആഘോഷിക്കുന്നതായാണ് നൽകിയിരിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ യൂസർമാരെ കൊണ്ടുപോകുന്നതാകട്ടെ ആമസോണിന്‍റെ ഡൊമൈൻ എന്ന് തോന്നിപ്പിക്കുന്ന മറ്റൊരു വെബ് പേജിലേക്കും. പേജിൽ സർവേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതായി യൂസർമാരെ ധരിപ്പിക്കുന്ന വിധത്തിൽ ഒരു അഭിനന്ദന സന്ദേശവുമുണ്ടായിരിക്കും.
സർവേ പൂർത്തിയാക്കിയാൽ, ചൈനീസ് കമ്പനിയായ ഹ്വാവേയുടെ ഫ്ലാഗ്ഷിപ്പ് ഫോണായ മേറ്റ് 40 പ്രോ സമ്മാനമായി ലഭിക്കുമെന്നും പ്രത്യേകമായി ബോധ്യപ്പെടുത്തും. ഫോണിന്‍റെ ഏത് വകഭേദമാണ് ലഭിക്കുകയെന്ന് പോലും പരാമർശിക്കുന്നുണ്ട്. 100 വിജയികൾക്ക് മാത്രമായിരിക്കും സമ്മാനം ലഭിക്കുകയെന്നും യൂസർമാരിൽ ആവേശം ജനിപ്പിക്കാനായി സൈറ്റിൽ ഒരു 'ടൈമറും' സ്കാമർമാർ നൽകിയിട്ടുണ്ട്. ഇത്തരം 'ട്രിക്കുകൾ' ഉപയോഗിച്ച് യൂസർമാരിൽ നിന്ന് അവരുടെ സ്വകാര്യ വിവരങ്ങൾ സ്വന്തമാക്കലാണ് അവരുടെ ലക്ഷ്യം.
സർവേയിൽ വിജയിക്കാനായി യൂസർമാരോട് അവർക്ക് ലഭിച്ച ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പുകളിലോ പത്തോ ഇരുപതോ ആളുകൾക്കോ പങ്കുവെക്കാനും നിർദേശിക്കുന്നുണ്ട്. ഇത്തരത്തിൽ ദിവസവും ആയിരക്കണക്കിന് ആളുകളാണ് കബളിക്കപ്പെടുന്നത്. ഒരു ലക്ഷത്തിനടുത്ത് വിലയുള്ള ഫോൺ സ്വന്തമാക്കാനായി പല തവണ സർവേയിൽ പങ്കെടുത്ത് 'വിജയികളായി' സന്തോഷിക്കുന്നവർ അറിയുന്നില്ല, തങ്ങൾ വലിയൊരു തട്ടിപ്പിന് ഇരയാവുകയാണെന്നും, അത് മറ്റുള്ളവരിലേക്ക് പങ്കുവെക്കുകയാണെന്നും.
അത്തരം ലിങ്കുകൾ ലഭിക്കുന്നവർ, അത് ഏത് ആപ്പിന്‍റെ പേരിലാണോ എന്ന് കൃത്യമായി പരിശോധിക്കുക. പിന്നാലെ, അവയുടെ ഒൗദ്യോഗിക സൈറ്റുകളിലേക്ക് പോയി അതിൽ എവിടെയെങ്കിലും അത്തരം ഓഫറുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ടോ എന്ന് ഉറപ്പുവരുത്തുക. ലിങ്കിലുള്ള വെബ് സൈറ്റ് അഡ്രസും ശ്രദ്ധിക്കുക. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ളവയുടെ വെബ് അഡ്രസ് www.amazon.in/ www.flipkart.in എന്നിങ്ങനെ മാത്രമായിരിക്കും. അതല്ലാത്ത രീതിയിലുള്ള ലിങ്കുകൾ തുറക്കാതിരിക്കാൻ ശ്രമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.