ടെക്നോപാർക്കിലെ ബൈജൂസ് ഓഫിസ് പൂട്ടുന്നു; 170ഓളം ജീവനക്കാർ ആശങ്കയിൽ

തിരുവനന്തപുരം: ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന്‍റെ ഭാഗമായി പ്രമുഖ എജുടെക് കമ്പനിയായ ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് ടെക്നോപാർക്കിലെ ഓഫിസ് പ്രവർത്തനം അവസാനിപ്പിക്കുന്നു. 170ഓളം ജീവനക്കാർ പിരിച്ചുവിടൽ ആശങ്കയിൽ.

ഇക്കാര്യം ചൂണ്ടിക്കാട്ടി ടെക്നോപാർക്കിലെ ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിൽ തൊഴിൽമന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകി. അർഹമായ വേതനവും ആനുകൂല്യങ്ങളും നൽകാതെ ജീവനക്കാരെ രാജിവെക്കാൻ നിർബന്ധിക്കുന്നെന്നാണ് പരാതി.

മുന്നറിയിപ്പ് നൽകാതെയും പുതിയ ജോലി കണ്ടെത്താൻ അവസരം നൽകാതെയുമാണ് ഈ നീക്കമെന്ന് അവർ ആരോപിക്കുന്നു. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ സംവിധാനത്തിലൂടെ പഠനം നടത്തിയിരുന്നപ്പോഴാണ് ടെക്നോപാർക്കിലെ സംവിധാനം ഉൾപ്പെടെ ശക്തമാക്കിയിരുന്നത്.

പ്രവർത്തനശൈലി മാറ്റുന്നതിന്‍റെ ഭാഗമായി രാജ്യത്തൊട്ടാകെ 2500 ജീവനക്കാരെ കുറക്കുന്ന നടപടിയിലാണ് ബൈജൂസെന്ന് വിവരമുണ്ട്. ആപ്പിൽനിന്ന് മാറി ഓഫ്ലൈൻ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സ്ഥാപനം.

ഇതിന്‍റെ ഭാഗമായി അധ്യാപകരെ നിയമിക്കുന്നുണ്ട്. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് തിരുവനന്തപുരത്തെ ഓഫിസ് പൂട്ടുന്നതെന്നും താൽപര്യമുള്ളവർക്ക് ബംഗളൂരുവിലെ ഓഫിസിൽ ജോലിയിൽ പ്രവേശിക്കാമെന്നും അധികൃതർ വ്യക്തമാക്കിയതായും ജീവനക്കാരുടെ സംഘടന പറയുന്നു.

Tags:    
News Summary - Byju's shuts down Kerala office, forces employees to resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.