സിനിമ ഡൗൺലോഡ് ചെയ്യാൻ ടെലഗ്രാമും ടൊറന്റും ഉപയോഗിക്കുന്നവരാണോ..? പൈറസി അവസാനിപ്പിക്കാൻ തുനിഞ്ഞിറങ്ങി കേന്ദ്രം

ന്യൂഡൽഹി: ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യാൻ നോഡൽ ഓഫീസർമാരെ നിയമിച്ച് കേന്ദ്ര സർക്കാർ. ഏറെ കാലമായി സിനിമാ മേഖലയെ വലയ്ക്കുന്ന പൈറസി അവസാനിപ്പിക്കാനാണ് കടുത്ത നടപടിയുമായി കേന്ദ്രമെത്തിയിരിക്കുന്നത്. അടുത്തിടെ പാർലമെന്റിൽ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി ബിൽ 2023-ന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വെള്ളിയാഴ്ച വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

നിലവിൽ, പകർപ്പവകാശ നിയമത്തിനും ഐ.പി.സിക്കും കീഴിലുള്ള നിയമനടപടിയല്ലാതെ പൈറേറ്റഡ് ഫിലിം ഉള്ളടക്കത്തിൽ നേരിട്ട് നടപടിയെടുക്കാൻ തക്കവണ്ണമുള്ള ചട്ടക്കൂട് നിലവിലില്ല. എന്തായാലും കേന്ദ്രത്തിന്റെ പുതിയ നീക്കം ടെലഗ്രാമും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് പുത്തൻ സിനിമകൾ ഡൗൺലോഡ് ചെയ്ത് കാണുന്നവർക്ക് തിരിച്ചടിയായേക്കും.

“ധാരാളം സമയവും ഊർജവും ചെലവഴിച്ചാണ് ഒരു ഉള്ളടക്ക സൃഷ്‌ടാവ് നല്ല ഉള്ളടക്കം നിർമ്മിക്കുന്നത്. പൈറസിയിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ ആ ഉള്ളടക്കം എടുത്ത് ഹാളുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും പ്രദർശിപ്പിക്കുന്നു. പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ വ്യവസായത്തിനുണ്ടാകുന്നതെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറയുന്നു.

ഇൻഫർമേഷൻ ആന്റ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിലും സെൻട്രൽ ബ്യൂറോ ഓഫ് ഫിലിം സർട്ടിഫിക്കേഷനും (സിബിഎഫ്‌സി) കീഴിൽ 12 നോഡൽ ഓഫീസർമാരെ തങ്ങൾ നിയമിച്ചിട്ടുണ്ടെന്നും, സിനിമാ പൈറസിയുമായി ബന്ധപ്പെട്ട പരാതികൾ അവർക്ക് സമർപ്പിച്ചാൽ, 48 മണിക്കൂറിനുള്ളിൽ നടപടിയെടുക്കുമെന്നും താക്കൂർ വ്യക്തമാക്കി. നടപടി പ്രകാരം മൂന്ന് ലക്ഷം രൂപ മുതൽ പൈറസി ചെയ്യപ്പെടുന്ന സിനിമയടക്കമുള്ള ഉള്ളടക്കത്തിന്റെ നിർമാണ മൂല്യത്തിന്റെ അഞ്ച് ശതമാനം തുക വരെ പിഴയായി ഒടുക്കേണ്ടി വരും.

യഥാർത്ഥ പകർപ്പവകാശ ഉടമയ്‌ക്കോ ഈ ആവശ്യത്തിനായി അവർ അധികാരപ്പെടുത്തിയിട്ടുള്ള ആർക്കെങ്കിലുമോ പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യുന്നതിനായി ഒരു നോഡൽ ഓഫീസറോട് അപേക്ഷിക്കാമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, പകർപ്പവകാശം ഇല്ലാത്തതോ പകർപ്പവകാശ ഉടമയുടെ അംഗീകാരമില്ലാത്തതോ ആയ ഒരാൾ പരാതി നൽകിയാൽ, നോഡൽ ഓഫീസർക്ക് നിർദ്ദേശങ്ങൾ നൽകുന്നതിന് മുമ്പ് പരാതിയുടെ സാധുത നിർണ്ണയിക്കാൻ ഹിയറിംഗുകൾ നടത്താവുന്നതാണ്.

യൂട്യൂബ്, ടെലിഗ്രാം ചാനലുകൾ, വെബ്‌സൈറ്റുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ നോഡൽ ഓഫീസറിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ച് 48 മണിക്കൂറിനുള്ളിൽ പൈറേറ്റഡ് ഉള്ളടക്കമുള്ള ഇന്റർനെറ്റ് ലിങ്കുകൾ നീക്കം ചെയ്യണമെന്ന് നിയമപ്രകാരം ആവശ്യപ്പെടുമെന്ന് ഐ ആൻഡ് ബി മന്ത്രാലയം കഴിഞ്ഞ ദിവസം ഒരു പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

Tags:    
News Summary - Central Nodal Officers to Combat Pirated Content on Digital Platforms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT